സെഞ്ചുറിയടിച്ചത് അശ്വിനോ സിറാജോ? ഹൃദയം കവർന്ന് ആഘോഷം – വിഡിയോ
Mail This Article
ചെന്നൈ∙ ഇംഗ്ലണ്ടിെനതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയത് രവിചന്ദ്രൻ അശ്വിനോ അതോ മുഹമ്മദ് സിറാജോ? ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ ആ സെഞ്ചുറി പ്രകടനത്തിന്റെ ആഘോഷ വിഡിയോ കണ്ടവർക്ക് അത്തരമൊരു സംശയം തോന്നിയാൽ ഒട്ടും അദ്ഭുതപ്പെടാനില്ല. ടെസ്റ്റിലെ അഞ്ചാം സെഞ്ചുറിയുമായി ഹോം മൈതാനത്ത് മിന്നിത്തിളങ്ങിയത് രവിചന്ദ്രൻ അശ്വിനാണെങ്കിലും, ആ അതുല്യമായ സെഞ്ചുറി നേട്ടത്തിൽ കൂടുതൽ ആഹ്ലാദം മുഹമ്മദ് സിറാജിനായിരുന്നു. സുഹൃത്തിന്റെ നേട്ടത്തിൽ ഒട്ടും പിശുക്കില്ലാതെ ആഹ്ലാദിക്കുന്ന സിറാജിന്റെ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിലും നിലയ്ക്കാത്ത കയ്യടിയാണ്. അശ്വിന്റെ സെഞ്ചുറി അശ്വിനേക്കാൾ ആഘോഷമാക്കിയ സിറാജിനെ വർണിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയാണ് ആരാധകർ! മുൻപും പലതവണ ഇത്തരം പ്രവർത്തികളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള മുഹമ്മദ് സിറാജ്, ഇത്തവണ വീണ്ടും ആരാധകരുടെ കണ്ണിലുണ്ണിയായി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 134 റൺസിൽ അവസാനിപ്പിച്ചതിനു പിന്നാലെ മികച്ച ലീഡ് ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നീങ്ങിയത്. രണ്ടാം ഇന്നിങ്സിൽ 86 റൺസെടുക്കുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യ, അത്ര വലുതല്ലാത്ത ലീഡിൽ ഒതുങ്ങുമെന്ന് കരുതിയിരിക്കെയാണ് ആവേശ പ്രകടനവുമായി ബോളിങ്ങിനു പിന്നാലെ ബാറ്റിങ്ങിലും അശ്വിൻ മിന്നിത്തിളങ്ങിയത്. 37–ാം ഓവറിന്റെ ആദ്യ പന്തിൽ അക്സർ പട്ടേലിനെ മോയിൻ അലി വീഴ്ത്തിയതോടെയാണ് എട്ടാമനായി അശ്വിൻ ക്രീസിലെത്തുന്നത്. ഏഴാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം 96 റൺസിന്റെ കൂട്ടുകെട്ട് തീർത്താണ് അശ്വിൻ ഇന്ത്യയെ കരകയറ്റിയത്. സ്കോർ ബോർഡിൽ 202 റൺസ് ഉള്ളപ്പോൾ കോലി (62) വീണു. 35 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും കുൽദീപ് യാദവ് (മൂന്ന്), ഇഷാന്ത് ശർമ (ഏഴ്) എന്നിവരും പുറത്ത്.
പതിനൊന്നാമനായി സിറാജ് ക്രീസിലെത്തുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 237 റൺസ്. ഈ സമയം 82 റൺസാണ് അശ്വിന്റെ പേരിലുണ്ടായിരുന്നത്. അഞ്ചാം സെഞ്ചുറിയിലേക്ക് വേണ്ടിയിരുന്നത് 18 റൺസ്. ചെപ്പോക്കിലെ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ സിറാജിനെ കൂട്ടുപിടിച്ച് അശ്വിൻ സെഞ്ചുറി തികയ്ക്കുമെന്ന് ആരും കരുതിയിരിക്കില്ല.
പക്ഷേ സംഭവിച്ചതോ? രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി മുഹമ്മദ് സിറാജ് അദ്ദേഹത്തിന് ഏറ്റവും യോജിച്ച കൂട്ടുകാരനായി. ജാക്ക് ലീച്ചും മോയിൻ അലിയുമെല്ലാം കുത്തിത്തിരിയുന്ന പന്തുകളുമായി പരീക്ഷിച്ചിട്ടും അശ്വിന്റെ സെഞ്ചുറിക്കായി 21 പന്തുകളാണ് സിറാജ് പിടിച്ചുനിന്നത്. ഇതിനിടെ രണ്ടു സിക്സറും പറത്തി. ഒടുവിൽ അശ്വിന്‍ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കുമ്പോൾ അശ്വിനേക്കാളും ആഹ്ലാദത്തോടെ കുതിച്ചുപാഞ്ഞ സിറാജിന്റെ വിഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. 148 പന്തിൽ 14 ഫോറും ഒരു സിരക്സും സഹിതം 106 റൺസുമായി ഒടുവിൽ അശ്വിൻ ഒലി സ്റ്റോണിനു കീഴടങ്ങുമ്പോഴും, മറുവശത്ത് സിറാജ് അക്ഷോഭ്യനായിരുന്നു. 21 പന്തിൽ രണ്ടു സിക്സുകൾ സഹിതം 16 റൺസുമായി പുറത്താകാതെ നിന്ന സിറാജ്, 10–ാം വിക്കറ്റിൽ അശ്വിനൊപ്പം 49 റൺസും കൂട്ടിച്ചേർത്തു.
English Summary: Mohammed Siraj celebration after Ashwin century wins over all, watch