39 പന്തിൽ 73, (4 ഫോർ, 6 സിക്സ്); ഇന്ത്യൻ ടീം പ്രവേശനം ആഘോഷിച്ച് തെവാത്തിയ!
Mail This Article
കൊൽക്കത്ത∙ 27–ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി ലഭിക്കുമ്പോൾ അത് ആഘോഷിക്കാതിരിക്കാൻ പറ്റുമോ? അത്ര മാത്രമേ രാഹുൽ തെവാത്തിയ എന്ന ഹരിയാനക്കാരൻ ചിന്തിച്ചുള്ളൂ. അതിന്റെ ഫലം അനുഭവിച്ചത് ചണ്ഡിഗഡ് ആണെന്നു മാത്രം! വിജയ് ഹസാരെ ട്രോഫിയിൽ എലീറ്റ് ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തിലാണ് ചണ്ഡിഗഡിനെതിരെ ബാറ്റിങ് വെടിക്കെട്ടുമായി രാഹുൽ തെവാത്തിയ ഇന്ത്യൻ ടീം പ്രവേശം ആഘോഷിച്ചത്. 39 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം തകർത്തടിച്ച് 73 റൺസെടുത്ത തെവാത്തിയയുടെ ‘ട്വന്റി20 ഇന്നിങ്സിന്റെ’ ബലത്തിൽ ഹരിയാന നേടിയത് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ്!
പിന്നീട് ബോളിങ്ങിൽ തെവാത്തിയ രണ്ടു വിക്കറ്റും നേടിയെങ്കിലും മത്സരം ചണ്ഡിഗഡ് ജയിച്ചു. ഹരിയാന ഉയർത്തിയ 300 റൺസ് വിജയലക്ഷ്യം മൂന്നു പന്തു ബാക്കിനിൽക്കെ ഏഴു വിക്കറ്റ് മാത്രം നഷ്ടത്തിൽ ചണ്ഡിഗഡ് മറികടന്നു. ക്യാപ്റ്റൻ മനൻ വോറയുടെ സെഞ്ചുറിയും (120 പന്തിൽ 117) 66 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 78 റൺസുമായി പുറത്താകാതെ നിന്ന അങ്കിത് കൗശിക്കിന്റെ ഇന്നിങ്സുമാണ് ചണ്ഡിഗഡിന് തുണയായത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർമാരുടെ പ്രകടനമാണ് മികച്ച സ്കോറിന് അടിത്തറയൊരുക്കിയത്. സെഞ്ചുറി നേടിയ ഹിമാൻഷു റാണ (125 പന്തിൽ 102), അരുൺ ചപ്രാന (70 പന്തിൽ 50) എന്നിവർ ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത് 25 ഓവറിൽ 115 റൺസ്! ഇരുവരും പുറത്തായശേഷം വിക്കറ്റുകൾ കൂട്ടത്തോടെ നിലംപൊത്തി ആറിന് 191 റൺസ് എന്ന നിലയിലേക്ക് പതിച്ച ഹരിയാനയെ, അതിനുശേഷമാണ് തകർത്തടിച്ച് രാഹുൽ തെവാത്തിയ തോളേറ്റിയത്.
ചൈതന്യ ബിഷ്ണോയ് (0), ശിവം ചൗഹാൻ (9), യാഷു ശർമ (ഒന്ന്) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങിയതാണ് ഹരിയാനയ്ക്ക് തിരിച്ചടിയായത്. ഇതിനുശേഷമാണ് ഏഴാമനായി ക്രീസിലെത്തിയ തെവാത്തിയ ബാറ്റിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 22 പന്തിൽ 23 റൺസെടുത്ത രോഹിത് പ്രമോദ് ശർമ, 18 പന്തിൽ 23 റൺസെടുത്ത സുമിത് കുമാർ എന്നിവരെ കൂട്ടുപിടിച്ച് തെവാത്തിയ ഹരിയാന സ്കോർ 299 റൺസിലെത്തിച്ചു.
English Summary: Vijay Hazare Trophy 2021, Live Updates