വീണ്ടും ഐപിഎലിന് ‘നഷ്ടം’; മാക്സ്‍വെൽ 3, ആരും വാങ്ങാത്ത ഗപ്ടിൽ 50 പന്തിൽ 97!
Mail This Article
ഡുനേഡിൻ∙ 14–ാം സീസണിനു മുന്നോടിയായി ലേല ടേബിളിൽ വന്നിട്ടും ടീമുകൾ കൂട്ടത്തോടെ അവഗണിച്ച ഒരു താരം കൂടി ഇത്തവണ ഐപിഎലിന്റെ നഷ്ടമാകുമോ? ഓസ്ട്രേലിയയ്‍ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിന് തകർപ്പൻ വിജയവും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2–0 ലീഡും സമ്മാനിച്ച ഓപ്പണർ മാർട്ടിൻ ഗപ്ടിലാണ് ടീമുകളിൽ നഷ്ടബോധമുണർത്തുന്ന ആ താരം. ഓസീസിനെതിരായ രണ്ടാം ട്വന്റി20യിൽ ന്യൂസീലൻഡ് നാലു റൺസിന്റെ നേരിയ വിജയം സ്വന്തമാക്കുമ്പോൾ, ആരാധകർ നന്ദി പറയുന്നത് ഗപ്ടിലിനോടാകും. മത്സരത്തിൽ ഓസ്ട്രേലിയ തകർത്തടിച്ചിട്ടും എത്തിപ്പിടിക്കാനാകാതെ പോയ സ്കോർ അവർക്കു മുന്നിൽ ഉയർത്താൻ കിവീസിനെ സഹായിച്ചത് ഗപ്ടിലാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 219 റൺസ്. ഇതിൽ ഗപ്ടലിന്റെ സംഭാവന 97 റൺസ്. 50 പന്തിൽ ആറു ഫോറും എട്ടു സിക്സും സഹിതമാണ് ഗപ്ടിൽ 97 റൺസെടുത്തത്. ഗപ്ടിലിനൊപ്പം ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (35 പന്തിൽ 53), ജിമ്മി നീഷം (16 പന്തിൽ 45) എന്നിവർ കൂടി ചേർന്നതോടെയാണ് ന്യൂസീലൻഡ് 219 റൺസിലെത്തിയത്. ഇവർക്കു പുറമെ ന്യൂസീലൻഡ് നിരയിൽ ആർക്കും രണ്ടക്കം കാണാനുമായില്ല. ടിം സീഫർട്ട് (3), ഗ്ലെൻ ഫിലിപ്സ് (ആറു പന്തിൽ എട്ട്), കോൺവേ (2), മിച്ചൽ സാന്റ്നർ (0) എന്നിങ്ങനെയാണ് മറ്റു ന്യൂസീലൻഡ് താരങ്ങളുടെ പ്രകടനം. ഓസീസിനായി കെയ്ൻ റിച്ചാർഡ്സൻ നാല് ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഐപിഎൽ താരലേലത്തിൽ 14 കോടി രൂപ വില ലഭിച്ച ജൈ റിച്ചാർഡ്സൻ നാല് ഓവറിൽ 43 റൺസ് വഴങ്ങി നേടിയത് ഒരേയൊരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും തകർത്തടിച്ചെങ്കിലും അവരുടെ പോരാട്ടം വിജയലക്ഷ്യത്തിന് അഞ്ച് റൺസ് അകലെ അവസാനിച്ചു. ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസിന്റെ നേതൃത്വത്തിലായിരുന്നു ഓസീസിന്റെ തിരിച്ചടി. 37 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് ഏഴു ഫോറും അഞ്ച് സിക്സും സഹിതം 78 റൺസെടുത്തു. ഡാനിയേൽ സാംസ് (15 പന്തിൽ 41), മാത്യു വെയ്ഡ് (15 പന്തിൽ 24), ജോഷ് ഫിലിപ്പെ (32 പന്തിൽ 45) എന്നിവരും ഓസീസിനായി തിളങ്ങി.
അവസാന ഓവറിൽ വിജയത്തിലേക്ക് 15 റൺസ് വേണ്ടിയിരിക്കെ സാംസിനെയും മാർക്കസ് സ്റ്റോയ്നിസിനെയും പുറത്താക്കിയ ജിമ്മി നീഷമാണ് ന്യൂസീലൻഡിന് വിജയം സമ്മാനിച്ചത്. നീഷം ഒരു ഓവറിൽ 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മിച്ചൽ സാന്റ്നർ നാല് ഓവറിൽ 31 റൺസ് വഴ ങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതും നിർണായകമായി.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 30 കോടിയോളം രൂപ മുടക്കി ടീമിലെത്തിച്ച രണ്ട് ഓസീസ് താരങ്ങൾ വൻ ദുരന്തമായി മാറുന്നതും ഈ മത്സരത്തിൽ കണ്ടു. 14.25 കോടി രൂപയ്ക്ക് അവർ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെൻ മാക്സ്‍വെലാണ് ആദ്യത്തെയാൾ. മത്സരത്തിൽ അഞ്ച് പന്തുകൾ മാത്രം നേരിട്ട മാക്സ്‍വെൽ നേടിയത് മൂന്നു റൺസ്. 15 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കിവീസ് പേസർ കൈൽ ജാമിസനാണ് രണ്ടാമൻ. നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ജാമിസന് വിക്കറ്റൊന്നും ലഭിച്ചുമില്ല.
നേരത്തെ, താരലേലത്തിൽ ടീമുകൾ കൈവിട്ട ന്യൂസീലൻഡ് താരം ഡെവോൺ കോൺവോ ആദ്യ മത്സരത്തിലും തകർത്തടിച്ച് ന്യൂസീലൻഡിന് വിജയം സമ്മാനിച്ചിരുന്നു. അന്ന് 59 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്ന കോൺവോയ്ക്ക്, ഓവർ തീർന്നതുകൊണ്ടു മാത്രമാണ് സെഞ്ചുറി നഷ്ടമായത്. അന്നും മാക്സ്‍വെൽ ഒരു റണ്ണിനു പുറത്തായിരുന്നു.
English Summary: New Zealand vs Australia, 2nd T20I - Live Cricket Score