ADVERTISEMENT

മെൽബൺ∙ 1935നുശേഷം ഏറ്റവും വേഗത്തിൽ അവസാനിച്ച ടെസ്റ്റ് മത്സരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. സ്പിന്നിന് അനുകൂലമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ അനുകൂലിച്ച് ശക്തമായി രംഗത്തുള്ള ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പിന്തുണ പ്രഖ്യാപിച്ച് ഓസീസ് താരം നേഥൻ ലയണും. പേസ് പിച്ചൊരുക്കി എതിരാളികളെ 47 റൺസിനും 60 റൺസിനും ഓൾഔട്ടാക്കുമ്പോൾ പോലും മിണ്ടാത്തവർ, പിച്ച് സ്പിന്നിന് അനുകൂലമാകുമ്പോൾ ബഹളം വയ്ക്കുകയാണെന്ന് ലയൺ പരിഹസിച്ചു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇവിടെ നടന്ന മത്സരം രണ്ടു ദിവസങ്ങളിലായി വെറും അഞ്ച് സെഷനുകൾ മാത്രമാണ് നീണ്ടത്. മത്സരത്തിന്റെ ആദ്യ ദിനം 13 വിക്കറ്റുകളും രണ്ടാം ദിനം 17 വിക്കറ്റുകളുമാണ് നിലംപൊത്തിയത്. ആകെ വീണ 30 വിക്കറ്റിൽ 28 എണ്ണവും സ്പിന്നർമാർ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് ജയിച്ചത്. തുടർന്ന് ഇത്തരം പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോണ്‍, ഓസ്ട്രേലിയയുടെ മുൻ താരം മാർക്ക് വോ തുടങ്ങിയവർ പിച്ചിനെതിരെ രൂക്ഷ വിമർശനമുയർത്തിയിരുന്നു. ഇതിനിടെയാണ് പിന്തുണയുമായി നേഥൻ ലയണിന്റെ രംഗപ്രവേശം.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേസ് ബോളർമാരെ അനുകൂലിക്കുന്ന പിച്ചുകളിൽ നാം കളിക്കാറുണ്ട്. എതിരാളികൾ 47 റൺസിനും 60 റൺസിനുമൊക്കെ ഓൾഔട്ടാകുന്നത് കാണാറുമുണ്ട്. അന്നൊന്നും ആർക്കും പിച്ചിനെക്കുറിച്ച് പരാതിയില്ല. പക്ഷേ, പിച്ച് സ്പിന്നിന് അനുകൂലമാണെന്ന് കണ്ടാൽ അപ്പോൾ ബഹളം തുടങ്ങും. ലോകത്തുള്ള എല്ലാവരും ഇതും പറഞ്ഞ് രംഗത്തുവരും’ – ലയൺ ചൂണ്ടിക്കാട്ടി.

‘എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞാൻ ഇത്തരം പിച്ചുകളെ അനുകൂലിക്കുന്നയാളാണ്. ഇത്തരം പിച്ചുകളും അവിടെ നടക്കുന്ന മത്സരങ്ങളും ആസ്വദ്യകരങ്ങളാണ്. ആ ടെസ്റ്റിന് പിച്ചൊരുക്കിയ ക്യൂറേറ്ററെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു കൊണ്ടുവന്നാലോയെന്നാണ് ഞാൻ ആലോചിക്കുന്നത്’ – ലയൺ പറഞ്ഞു.

സ്പിന്നർമാരെ സഹായിക്കുന്ന പിച്ചിൽ നാല് പേസ് ബോളർമാരുമായി കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് ടീം കാണിച്ചത് വിഡ്ഢിത്തമാണെന്നും ലയൺ പറഞ്ഞു.

English Summary: Australia spinner Nathan Lyon joins R Ashwin in solidarity over Ahmedabad track

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com