ഒന്നാം ഇന്നിങ്സിലാണ് കാര്യം! പി.ബാലചന്ദ്രൻ എഴുതുന്നു
Mail This Article
റൂട്ടിനെ ടോസ് തുണച്ചെങ്കിലും സ്വന്തം ബാറ്റ്സ്മാൻമാർ അദ്ദേഹത്തെ പിന്തുണച്ചില്ല. ഒന്നാം ദിവസം പിച്ചിൽ ബാറ്റ്സ്മാൻമാരെ കാര്യമായി ബുദ്ധിമുട്ടിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല.
ചുവപ്പു പന്തായതിനാൽ, പിങ്ക് ബോൾ പോലെ കുത്തിയ ശേഷം വേഗമാർജിക്കുന്നതും കണ്ടില്ല. എങ്കിലും, ടോസ് നേടിയതിന്റെ ആനുകൂല്യം ലഞ്ചിനു മുൻപുതന്നെ ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ നഷ്ടപ്പെടുത്തി. ആ സെഷനിൽ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു. ബെൻ സ്റ്റോക്സിന്റെ അർധ സെഞ്ചുറിയിലൂടെ ചെറിയൊരു തിരിച്ചുവരവു സാധ്യമായെന്നു മാത്രം. ഡാൻ ലോറൻസിന്റെ ഇന്നിങ്സും പ്രയോജനകരമായി.
പിച്ച് എങ്ങനെയായാലും തങ്ങൾക്കു നന്നായി പന്തെറിയാനാകുമെന്ന് ഇന്ത്യൻ ബോളർമാർ തെളിയിച്ചു. അൽപം പുല്ലും ഈർപ്പവുമുള്ള പിച്ചിൽ ഫാസ്റ്റ് ബോളർമാരും സ്പിന്നർമാരും മികവുകാട്ടി. സിറാജിന്റെ ബോളിങ് പ്രത്യേക പരാമർശം അർഹിക്കുന്നു. അക്ഷർ പട്ടേലും അശ്വിനും പ്രതീക്ഷിച്ച മികവു കാട്ടിയെന്നു നിസ്സംശയം പറയാം. സ്‌ലിപ്പിലും ഷോർട് ലെഗ്ഗിലും നഷ്ടമാക്കിയ ക്യാച്ചുകൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ സ്കോർ ഇരുന്നൂറിലും വളരെ താഴെ നിന്നേനെ.
കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ആർച്ചറെയും ബ്രോഡിനെയും ഒഴിവാക്കിയാണ് ഇംഗ്ലണ്ട് അവസാന ഇലവനെ തീരുമാനിച്ചത്. ജയിംസ് ആൻഡേഴ്സനും ബെൻ സ്റ്റോക്സും അത്യധ്വാനം ചെയ്യേണ്ടിവരുമെന്നു ചുരുക്കം.
ടേൺ ഉണ്ടെങ്കിലും പിച്ച് ബൗൺസിൽ പ്രവചനാതീതമായ വ്യതിയാനങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയിട്ടില്ല. ഒന്നാം ഇന്നിങ്സിൽതന്നെ പരമാവധി ആധിപത്യം ഉറപ്പാക്കുന്ന സ്കോർ സമ്പാദിക്കുക എന്നതാണ് ഇന്ത്യക്ക് ഇപ്പോൾ ചെയ്യാനുള്ളത്.