‘ചൂട് കുറയാതെ’ മൊട്ടേര; ബെൻ സ്റ്റോക്സിനോടു തർക്കിച്ച് വിരാട് കോലി, സിറാജ്
Mail This Article
അഹമ്മദാബാദ്∙ മൊട്ടേര സ്റ്റേഡിയത്തിലെ പിങ്ക്ബോൾ ടെസ്റ്റിലെ വിവാദങ്ങൾ അവസാനിക്കുംമുൻപേ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടും ഇന്ത്യയും വീണ്ടും ഏറ്റുമുട്ടുകയാണ്. പിങ്ക് ബോൾ ടെസ്റ്റിലെ പിച്ചിനെച്ചൊല്ലി ഇംഗ്ലണ്ട് താരങ്ങളും മുൻ താരങ്ങളും വിമർശനം ഉന്നയിച്ചതിനാൽ നാലാം ടെസ്റ്റിൽ പിച്ചിന്റെ സ്വഭാവം എങ്ങനെയാണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ ബാറ്റ് ചെയ്യുകയാണ്. ആദ്യ ദിനം തന്നെ ഇംഗ്ലണ്ട്– ഇന്ത്യൻ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നതിനും മൊട്ടേര സ്റ്റേഡിയം സാക്ഷിയായി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമാണ് ആദ്യ ദിനം തന്നെ മത്സരത്തിനിടെ തർക്കിച്ചത്. അംപയർ വീരേന്ദർ ശർമ ഇടപെട്ടതോടെയാണു പ്രശ്നം അവസാനിച്ചത്. 14–ാം ഓവർ തുടങ്ങുന്നതിനു തൊട്ടുമുൻപ് ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റോക്സിന് നേരെ നടന്നുവന്ന് ക്യാപ്റ്റൻ വിരാട് കോലി സംസാരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം.
എന്നാൽ എന്താണു പ്രശ്നത്തിനു കാരണമെന്നു വ്യക്തമല്ല. വിരാട് കോലിയുടെ പ്രതികരണത്തിൽനിന്നാണ് കാര്യങ്ങൾ നല്ല നിലയ്ക്കല്ല പോകുന്നതെന്നു വ്യക്തമായത്. ബെൻ സ്റ്റോക്സ് കോലിക്കു മറുപടി നൽകുന്നതും കാണാം. തുടർന്ന് അംപയർ ഇടപെട്ടതോടെ പ്രശ്നം അവസാനിച്ചു. 15–ാം ഓവറിനിടെ ബെൻ സ്റ്റോക്സ് ബൗണ്ടറി നേടിയതിനു പിന്നാലെ ബോളർ മുഹമ്മദ് സിറാജും ബെൻ സ്റ്റോക്സുമായി തർക്കിച്ചു.
English Summary: Virat Kohli and Ben Stokes involve in furious exchange before umpire intervenes