ADVERTISEMENT

അഹമ്മദാബാദ് ∙ തുടർച്ചയായ നാലു കളിയിൽനിന്നായി ഒരു റൺ മാത്രം സമ്പാദിക്കുകയും മൂന്നു തവണ ഡക്ക് ആവുകയും ചെയ്ത ഇന്ത്യൻ ഓപ്പണർ കെ.എൽ.രാഹുലിനെ കൈവിടാതെ ക്യാപ്റ്റനും ബാറ്റിങ് പരിശീലകനും. 3–ാം ട്വന്റി20യി‍ൽ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിനു തോറ്റ മത്സരത്തിനു ശേഷമാണു രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തിയത്. 5 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2–1നു മുന്നിലെത്തി.

‘കെ.എൽ.രാഹുൽ ചാംപ്യൻ പ്ലേയറാണ്. കഴിഞ്ഞ രണ്ടുമൂന്നു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, രാഹുലിനേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ട്വന്റി20യിൽ കാണാനാവില്ല. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്റ്സ്മാനായി ഇനിയും അദ്ദേഹത്തെ തന്നെയായിരിക്കും പരിഗണിക്കുക. ഞങ്ങൾക്കു മറ്റ് ആശങ്കകളില്ല. ഈ ഫോർമാറ്റിൽ അഞ്ചോ ആറോ പന്തിൽ നമുക്കു ഫോമിലേക്കു മടങ്ങാനാകും’– കോലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിലും രാഹുൽ പൂജ്യത്തിനു പുറത്തായിരുന്നു.

രാഹുലിനെ പിന്തുണച്ച് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറും രംഗത്തെത്തി. ‘എല്ലാ ക്രിക്കറ്റർമാരും മോശം സമയത്തിലൂടെ കടന്നുപോകും. രാഹുലിനെക്കുറിച്ചു പറയുകയാണെങ്കിൽ, കഴിഞ്ഞ ഒരു വർഷമായി ട്വന്റി20 ഫോർമാറ്റിൽ ഞങ്ങളുടെ മികച്ച ബാറ്റ്‌സ്മാനാണ്. മൂന്നു മോശം പ്രകടനങ്ങൾ ആ യാഥാർഥ്യം ഇല്ലാതാക്കുന്നില്ല. ഒരു ടീമെന്ന നിലയിൽ അദ്ദേഹത്തെ ഞങ്ങൾ പിന്തുണയ്ക്കേണ്ടതുണ്ട്. ഈ മോശം ഘട്ടത്തെ രാഹുൽ മറികടക്കും’– വിക്രം റാത്തോർ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട്–ഇന്ത്യ മൂന്നാം കളിയിലും ജയം ടോസ് നേടിയ ടീമിനായിരുന്നു. പവർപ്ലേയിൽ കെ.എൽ.രാഹുൽ (0), സൂര്യകുമാർ യാദവിനെ പുറത്തിരുത്തിയ ഒഴിവിലേക്കു മടങ്ങിയെത്തിയ രോഹിത് ശർമ (15), ഇഷാൻ കിഷൻ (4) എന്നിവരെ നഷ്ടപ്പെട്ട് 3ന് 24 എന്ന നിലയിലായിരുന്നു ഇന്ത്യ. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (17) അവസാന 5 ഓവറുകളിൽ 70 റൺസ് കൂട്ടിച്ചേർത്താണു കോലി ഇന്ത്യയെ കരകയറ്റിയത്. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച 6–ാം വിക്കറ്റ് പ്രകടനമാണിത്. 3 വിക്കറ്റെടുത്ത പേസർ മാർക്ക് വുഡാണ് ഇംഗ്ലിഷ് ബോളർമാരിൽ തിളങ്ങിയത്. ഇന്ത്യ 20 ഓവറിൽ 6ന് 156, ഇംഗ്ലണ്ട് 18.2 ഓവറിൽ 2ന് 158. 4–ാം മത്സരം നാളെ ഇതേ വേദിയിൽ നടക്കും.

English Summary: India vs England: Virat Kohli Backs "Champion Player" KL Rahul Despite Third Consecutive Failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com