ADVERTISEMENT

ലക്നൗ ∙ ദക്ഷിണാഫ്രിക്ക– ഇന്ത്യ ഏകദിന വനിതാ ക്രിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ടുമായി മിതാലി രാജും ഹർമൻപ്രീത് കൗറും. ബുധനാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇവർ പടുത്തുയർത്തിയ 71 റൺസ്, ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ റെക്കോർഡാണ്. ഏകദിനത്തിൽ ഇരുവരും ഒരുമിച്ചു നേടുന്ന പതിനാലാമത്തെ 50+ കൂട്ടുകെട്ടാണിതെന്നതും പ്രത്യേകതയാണ്. ഇന്ത്യ 49.3 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു.

13 അർധ സെഞ്ചുറി കൂട്ടുകെട്ടുള്ള മിതാലി– അഞ്ജും ചോപ്ര സഖ്യത്തിന്റെ റെക്കോർഡാണു ഹർമൻപ്രീതുമായി ചേർന്നു മിതാലിതന്നെ തിരുത്തിയത്. മിതാലി–ചോപ്ര സഖ്യത്തിന്റെ റെക്കോർഡിന് 57 ഇന്നിങ്സ് വേണ്ടിവന്നെങ്കിൽ, മിതാലി–ഹർമൻപ്രീത് സഖ്യം 45 ഇന്നിങ്സിലാണു നേട്ടമുണ്ടാക്കിയത്. ഈ മൂന്നു പേരുമാണ് ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റിലെ മികച്ച റൺവേട്ടക്കാരും. 214 കളികളിൽനിന്ന് 7098 റൺസാണു മിതാലിയുടെ സമ്പാദ്യം. അഞ്ജും ചോപ്ര (2856 റൺസ്, 127 മത്സരം), ഹർമൻപ്രീത് കൗർ (2532 റൺസ്, 104 മത്സരം) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

38–ാം വയസ്സിലും റെക്കോർഡു പുസ്തകത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്താണു മിതാലിയുടെ കുതിപ്പ്. രാജ്യാന്തര ക്രിക്കറ്റ് കരിയറിലാകെ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ വനിതയായി രണ്ടു ദിവസം പിന്നിട്ടപ്പോൾ അടുത്ത നാഴികക്കല്ലും താരം കടന്നിരുന്നു. ഏകദിന ക്രിക്കറ്റിൽ മാത്രമായി 7000 റൺസ് നേടുന്ന ആദ്യ വനിതാ താരവുമായി. പുതുമുഖങ്ങൾ ടീമിലെത്തി മിന്നി മറയുമ്പോഴും രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർതാരമായി തുടരുകയാണു മിതാലി.

English Summary: Mithali Raj and Harmanpreet Kaur bring up a unique partnership milestone 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com