റീപ്ലെയിൽ മലാന്റെ കയ്യിലെ പന്ത് നിലംതൊട്ടു; ശരിക്കും സൂര്യകുമാർ ഔട്ടാണോ?
Mail This Article
അഹമ്മദാബാദ്∙ ക്രിക്കറ്റ് കളത്തിൽ എന്നും വിവാദത്തിന് കളമൊരുക്കുന്ന ‘സോഫ്റ്റ് സിഗ്നൽ’ ഇന്ത്യ ഇംഗ്ലണ്ട് നാലാം ട്വന്റി 20യിലും വില്ലനായെത്തി. 4–ാം ട്വന്റി20യിൽ ഇന്ത്യൻ ടീമിനെയും ആരാധകരെയും ഞെട്ടിച്ചാണ് തേഡ് അംപയറുടെ വിവാദ തീരുമാനങ്ങൾ എത്തിയത്. ഇംഗ്ലിണ്ടിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സൂര്യകുമാർ യാദവും വാഷിങ്ടൻ സുന്ദറുമാണ് അംപയറുടെ വിവാദ തീരുമാനങ്ങൾക്ക് ഇരയായത്.
സൂര്യകുമാർ യാദവിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ഇംഗ്ലണ്ട് ഫീൽഡർ ഡേവിഡ് മലാന്റെ കയ്യിൽനിന്ന് പന്ത് നിലംതൊട്ടുവെന്നു റീപ്ലേയിൽ വ്യക്തമായിട്ടും അംപയർ വീരേന്ദർ ശർമ ഔട്ട് വിളിച്ചതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. സോഫ്റ്റ് സിഗ്നലായി ‘ഔട്ട്’ വിളിച്ച ശേഷമാണ് ഫീൽഡ് അംപയർ അനന്തപത്മനാഭൻ തീരുമാനം 3–ാം അംപയർക്കു വിട്ടത്. എന്നാൽ, തീരുമാനം തിരുത്താവുന്നവിധം മതിയായ തെളിവില്ലെന്നാണു തേഡ് അംപയർ കണ്ടെത്തിയത്.
പിന്നീടു വാഷിങ്ടൻ സുന്ദറിനെ ഔട്ട് വിധിച്ചതിലും വിവാദമുണ്ടായി. സുന്ദറിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ആദിൽ റഷീദിന്റെ കാൽ ബൗണ്ടറി ലൈനിൽ തൊട്ടുവെന്നു റീപ്ലേയിൽ കണ്ടിട്ടും അംപയർ മറിച്ചു ചിന്തിച്ചില്ല.
സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് അംപയർക്കെതിരെ ഉയരുന്നത്. ആ തീരുമാനം എടുക്കുമ്പോൾ തേഡ് അംപയർ കണ്ണുമൂടികെട്ടിയിരിക്കുകയായിരുന്നെന്നാണ് ഒരു കുട്ടി കണ്ണ് കെട്ടി നിൽക്കുന്ന ചിത്രവും ഡേവിഡ് മലാന്റെ കയ്യിൽനിന്ന് പന്ത് നിലതൊടുന്ന ചിത്രംവും പങ്കുവച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് ട്വിറ്ററിൽ കുറിച്ചത്.
ഔട്ട് അല്ലെന്ന് കൃത്യമായി വ്യക്തമായിട്ടും ഫീൽഡിൽ നിൽക്കുന്ന അംപയറിന്റെ സോഫ്റ്റ് സിഗ്നൽ എന്തിന് പരിഗണിക്കുന്നു എന്നാണ് വിവിഎസ് ലക്ഷ്മൺ ചോദിച്ചത്. സോഫ്റ്റ് സിഗ്നൽ നിയമം പുനപ്പരിശോധിക്കണമെന്നും എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് നിരവധി മുൻ താരങ്ങളും രംഗത്തുവന്നു.
English Summary :Experts Fume at 'Soft Signal' After Suryakumar Yadav, Washington Sundar Fall to Dubious Decisions