ADVERTISEMENT

പുണെ∙ രാജ്യാന്തര ക്രിക്കറ്റ് വേദിയിലേക്കുള്ള ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന്റെ തിരിച്ചുവരവ് പൂർത്തിയാകുന്ന മത്സരമാണ് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് മത്സരം. ഇടക്കാലത്ത് ഫോം നഷ്ടമായതിനെ തുടർന്ന് ലിമിറ്റ‍ഡ് ഓവർ മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് പുറത്തായ പന്ത്, ആദ്യം ടെസ്റ്റിലും പിന്നീട് ട്വന്റി20യിലും ഇപ്പോഴിതാ ഏകദിനത്തിലും ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുന്നു! 437 ദിവസങ്ങൾ നീണ്ട സാമാന്യം നീണ്ട ഇടവേളയ്ക്കുശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ പന്ത്, മിന്നൽവേഗത്തിൽ നേടിയ അർധസെഞ്ചുറിയുമായാണ് വരവറിയിച്ചത്!

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വെറും 37 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായതാണ്. എന്നാൽ, അവിടെനിന്ന് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത് കെ.എൽ. രാഹുൽ – വിരാട് കോലി സഖ്യമാണ്. അവർ നേടിയത് 141 പന്തിൽ 121 റൺസ്. വിക്കറ്റ് വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇരുവരും കരുതലോടെ ബാറ്റ് ചെയ്തതുമൂലം റൺറേറ്റ് ഇടിഞ്ഞെങ്കിലും, തിരിച്ചടിച്ച് ഇന്ത്യയെ കാത്തത് രാഹുൽ–പന്ത് സഖ്യമാണ്. വെറും 80 പന്തിൽനിന്ന് ഇരുവരും ചേർന്ന് സ്വന്തമാക്കിയത് 113 റൺസാണ്.

രാഹുലിനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി തകർത്തടിച്ച ഋഷഭ് പന്ത് വെറും 40 പന്തിൽനിന്ന് മൂന്നു ഫോറും ഏഴു പടുകൂറ്റൻ സിക്സും സഹിതം നേടിയത് 77 റൺസാണ്! ഏകദിന കരിയറിൽ 17–ാമത്തെ മാത്രം മത്സരം കളിക്കുന്ന പന്ത്, 50 കടക്കുന്നത് ഇത് രണ്ടാം തവണ മാത്രം. വെറും 28 പന്തിൽനിന്നാണ് പന്ത് തന്റെ രണ്ടാം ഏകദിന അർധസെഞ്ചുറി നേടിയതെന്നതും ശ്രദ്ധേയം.

ടെസ്റ്റിലും ട്വന്റി20യിലും പുറത്തെടുത്ത മാച്ച് വിന്നിങ് പ്രകടനങ്ങളുടെ തുടർച്ചയായാണ് ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ലഭിച്ച അവസരത്തിൽ ഏകദിന ഫോർമാറ്റിലെ ഈ പ്രകടനവുമെന്നത് ശ്രദ്ധേയം. രണ്ടു തവണ അംപയർ ഇല്ലാത്ത ഔട്ട് വിളിച്ച് പന്തിനെ പുറത്താക്കാൻ ‘ശ്രമിച്ചെങ്കിലും’, ഡിആർഎസിന്റെ സഹായത്തോടെയാണ് താരം ക്രീസിൽ തുടർന്നത്. ഇതിനിടെ നേടിയത് മൂന്നു ഫോറുകൾ മാത്രം. പക്ഷേ, സ്റ്റേഡിയത്തിന്റെ നാലുപാടും പാഞ്ഞ ഏഴു പടുകൂറ്റൻ സിക്സറുകളാണ് ഈ ഇന്നിങ്സിലെ ഹൈലൈറ്റ്. ഏകദിനത്തിൽ പന്തിന്റെ ഉയർന്ന സ്കോറെന്ന പ്രത്യേകതയും ഈ ഇന്നിങ്സിന് സ്വന്തം!

English Summary: Rishabh Pant wins DRS battle twice, celebrates ODI comeback with 28-ball fifty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com