ADVERTISEMENT

പുണെ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ബെൻ സ്റ്റോക്സിന്റെ ക്യാച്ചെടുത്ത ശിഖർ ധവാനു മുന്നിൽ കമിഴ്ന്നു വീണ് നന്ദി പറയുന്ന ഹാർദിക് പാണ്ഡ്യയുടെ ദൃശ്യം വൈറലാകുന്നു. പേസ് ബോളർ ടി.നടരാജന്റെ പന്തിലാണ് സ്റ്റോക്സിനെ ധവാൻ ക്യാച്ചെടുത്ത് പുറത്താക്കിയത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബോളിങ്ങിനെ പിച്ചിച്ചീന്തി 52 പന്തിൽനിന്ന് 99 റൺസ് നേടിയ സ്റ്റോക്സ്, ഇത്തവണ 39 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്താണ് പുറത്തായത്. ഇതിനു തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ കമിഴ്ന്നു വീണ പാണ്ഡ്യ, കൈകൂപ്പിയാണ് ധവാനോട് നന്ദിപറഞ്ഞത്.

സ്റ്റോക്സിനെ ക്യാച്ചെടുത്ത് പുറത്താക്കിയ ധവാനോട് ഇത്ര നന്ദി പറയാൻ എന്തിരിക്കുന്നു എന്നല്ലേ? വ്യക്തിഗത സ്കോർ 15ൽ നിൽക്കെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ സ്റ്റോക്സ് നൽകിയ അനായാസ ക്യാച്ച് പാണ്ഡ്യ കൈവിട്ടിരുന്നു. തനിക്ക് സംഭവിച്ച പിഴവ് ആവർത്തിക്കാതെ സ്റ്റോക്സിനെ കൂടാരം കയറ്റിയതിനായിരുന്നു ധവാനുള്ള പാണ്ഡ്യയുടെ നന്ദിപ്രകടനം.

ഭുവനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിലാണ് സ്റ്റോക്സ് നൽകിയ ക്യാച്ച് പാണ്ഡ്യ നിലത്തിട്ടത്. ഇന്ത്യ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ഓപ്പണർമാരെ ഇരുവരെയും അപ്പോഴേക്കും നഷ്ടമായിരുന്നു. ഇതിനിടെ ഭുവിയെ സിക്സർ പറത്താനുള്ള സ്റ്റോക്സിന്റെ ശ്രമം പാളി പന്ത് ഉയർന്നുപൊങ്ങി.

ക്യാച്ചെടുക്കാൻ പാണ്ഡ്യയ്ക്ക് ഇഷ്ടംപോലെ സമയമുണ്ടായിരുന്നെങ്കിലും എങ്ങനെയോ പന്ത് പാണ്ഡ്യയുടെ കൈകൾക്കിടയിലൂടെ ചോർന്നു. അതും തീർത്തും അവിശ്വസനീയമായി. സ്റ്റോക്സിന്റെ വിക്കറ്റ് നഷ്ടം ഇന്ത്യയെ സംബന്ധിച്ച് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരുടെ ശരീരഭാഷയിൽനിന്ന് വ്യക്തമായിരുന്നു.

പിന്നീട് നടരാജൻ എറിഞ്ഞ 11–ാം ഓവറിലാണ് സ്റ്റോക്സ് മറ്റൊരു അവസരം നൽകുന്നത്. ഓവറിലെ മൂന്നാം പന്ത് ഫുൾടോസായിരുന്നെങ്കിലും സ്റ്റോക്സിന്റെ ഷോട്ട് ഡീപ് മിഡ് വിക്കറ്റിൽ ധവാന്റെ കൈകളിൽ അവസാനിച്ചു. രണ്ടാം ഏകദിനത്തിൽ ബാറ്റുകൊണ്ട് വൻ വിനാശം വിതച്ച സ്റ്റോക്സിനെ, സമാനമായ മറ്റൊരു ഇന്നിങ്സ് കളിക്കാൻ അനുവദിക്കാതെ പുറത്താക്കിയതിനുള്ള നന്ദിപ്രകടനമായിരുന്നു പാണ്ഡ്യയുടേത്. തന്റെ പിഴവിൽനിന്ന് ലഭിച്ച ‘ലൈഫ്’ മുതലാക്കി സ്റ്റോക്സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുന്നത് വെറുതെയാണെങ്കിലും പാണ്ഡ്യ ഒരു നിമിഷം സങ്കൽപ്പിച്ചു നോക്കിയിരിക്കും!

ഇതിനുശേഷം മറ്റൊരു ക്യാച്ച് കൂടി പാണ്ഡ്യ കൈവിട്ടു. അവസാന ഓവറുകളിൽ വാലറ്റത്തെ കൂട്ടുപിടിച്ച് ആക്രമണം നയിച്ച സാം കറൻ നൽകിയ അവസരമാണ് ബൗണ്ടറിക്ക് സമീപം പാണ്ഡ്യ വിട്ടുകളഞ്ഞത്. അതേസമയം, ഭുവനേശ്വർ കുമാറിന്റെ പന്തിൽ മോയിൻ അലിയെ പുറത്താക്കാൻ മുന്നോട്ട് ഡൈവ് ചെയ്ത് പാണ്ഡ്യ നേടിയ ക്യാച്ച് കയ്യടി നേടുകയും ചെയ്തു.

English Summary: Relieved Hardik Pandya thanks Shikhar Dhawan for Ben Stokes catch after dropping sitter in 3rd ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com