മോർഗന്റെ കീഴിൽ കിരീടത്തിലേക്കു റൈഡ് ചെയ്യാൻ കൊൽക്കത്ത; ‘റൈറ്റ് ’ റൈഡേഴ്സ്!
Mail This Article
അറേബ്യൻ മണ്ണിൽ സമ്മിശ്രമായ സീസൺ പിന്നിട്ടെത്തുന്ന ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിറം മങ്ങിയ തുടക്കവും നായകമാറ്റവുമെല്ലാമായി ഉയർച്ചയും താഴ്ചയും കണ്ട നൈറ്റ്റൈഡേഴ്സ് ഈ വരവിൽ കിരീടത്തിലേക്കു 'റൈഡ്' ചെയ്യുമെന്നു തോന്നിപ്പിക്കുന്ന സംഘമാണ്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ പരിചയസമ്പന്നനായ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ കീഴിൽ ഒറ്റയ്ക്കു കളി പിടിക്കാൻ പോന്ന വൻതോക്കുകളേറെയുണ്ട് കിങ് ഖാന്റെ ടീമിൽ. മോർഗൻ, ആന്ദ്രേ റസ്സൽ, ദിനേഷ് കാർത്തിക്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ ഫിനിഷിങ് റോൾ കൈകാര്യം ചെയ്യുന്നവരാണെന്നതു കൂടി കണക്കിലെടുക്കുമ്പോൾ എതിരാളികൾ ഭയക്കേണ്ട ടീമുകളിലൊന്നാകും നൈറ്റ്റൈഡേഴ്സ്.
ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ മുഖങ്ങളിലൊന്നായ ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, കരുൺ നായർ, ഷെൽഡൺ ജാക്സൺ, ഗുർകീരത് സിങ്, മധ്യപ്രദേശ് യുവതാരം വെങ്കടേഷ് അയ്യർ എന്നിങ്ങനെ നീളുന്ന ഇന്ത്യൻ ബാറ്റിങ് ലൈനപ്പാണു ഈ ഫിനിഷിങ് കരുത്തിന്റെ സഹയാത്രികർ. ഓപ്പണിങ് സ്ലോട്ടിലെത്താറുള്ള സുനിൽ നരെയ്ൻ, ന്യൂസീലൻഡിന്റെ പുതിയ ട്വന്റി20 സെൻസേഷൻ ടിം സീഫെർട്, ഓസീസ് ഓൾറൗണ്ടർ ബെൻ കട്ടിങ് എന്നിവരുമുൾപ്പെടുന്നതാണ് കൊൽക്കത്തയുടെ ബാറ്റിങ് കരുത്ത്.
പേസിലും സ്പിന്നിലും ഒരു പോലെ ക്ലാസ് ആണ് മോർഗന്റെ ബോളിങ് യൂണിറ്റ്. പാറ്റ് കമ്മിൻസ് തന്നെ പേസിലെ നായകൻ. കൂട്ടിനുള്ളത് ലോക്കി ഫെർഗുസൺ, റസ്സൽ, കട്ടിങ് എന്നിവരും ടീം ഇന്ത്യയുടെ ഭാഗമായ പ്രസിദ്ധ് കൃഷ്ണയും കംലേഷ് നാഗർകോട്ടി - ശിവം മാവി സഖ്യവും. ഇതിലും വിശാലമാണ് ഇത്തവണ സ്പിൻ വിഭാഗം. നരെയ്ൻ, ഷാക്കിബ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഭജൻ സിങ്, പവൻ നേഗി ... പരിചയപ്പെടുത്തലുകൾ വേണ്ടിവരുന്നില്ല ഈ കരുത്തിന്.
∙ സർപ്രൈസ് സ്റ്റാർ
പോയ സീസണിൽ പകരക്കാരനായി 'സൈലന്റ് എൻട്രി ' നടത്തിയ താരമാണ് ടിം സീഫെർട്ട്. കിവീസ് ജഴ്സിയിൽ സ്വപ്നതുല്യമായ പ്രകടനം നടത്തിയതോടെ കൊൽക്കത്തയ്ക്കു വീണുകിട്ടിയ ജാക്പോട്ടായി മാറി ഈ ബാറ്റ്സ്മാൻ. 50 ലക്ഷം മാത്രം പ്രതിഫലത്തിൽ എക്സ്പ്ലോസീവ് എന്നു വിശേഷിപ്പിക്കാവുന്ന ഓപ്പണറെയാണു റൈഡേഴ്സിനു ലഭിച്ചത്.
∙ താരമൂല്യം - 81.8 കോടി
∙ ശരാശരി പ്രായം - 28
∙ കൊൽക്കത്ത @ Auction 2021
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
ഷാക്കിബ് അൽ ഹസ്സൻ (3.2 കോടി)
ഹർഭജൻ സിങ് (2 കോടി)
ബെൻ കട്ടിങ് (75 ലക്ഷം)
കരുൺ നായർ (50 ലക്ഷം)
പവൻ നേഗി (50 ലക്ഷം)
ഷെൽഡൺ ജാക്സൺ (20 ലക്ഷം)
വെങ്കിടേഷ് അയ്യർ (20 ലക്ഷം)
വൈഭവ് അറോറ (20 ലക്ഷം)
English Summary: Indian Premier League 2021 Team Analysis - Kolkata Knight Riders