ADVERTISEMENT

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നര വർഷമായി (41 മാസം) ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാക്കിസ്ഥാൻ നായകൻ ബാബർ അസം ഒന്നാമത്. ഐസിസി ഏറ്റവും ഒടുവിൽ പുറത്തുവിട്ട റാങ്കിങ്ങിലാണ് കോലിയെ പിന്തള്ളി അസം മുന്നിലെത്തിയത്. 865 പോയിന്റുമായാണ് അസം ഒന്നാമനായത്. 857 പോയിന്റുള്ള കോലി രണ്ടാമതും 825 പോയിന്റുള്ള രോഹിത് ശർമ മൂന്നാമതുമാണ്. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങൾ ആരുമില്ല.

ഏതാണ്ട് മൂന്നര വർഷത്തോളം തുടർച്ചയായി ഒന്നാം സ്ഥാനത്തിരുന്ന കോലിയുടെ റാങ്കിങ്ങിലെ ആധിപത്യത്തിനു കൂടിയാണ് അസം വിരാമമിട്ടത്. 2017ൽ ഓഗസ്റ്റിൽ ഒന്നാം റാങ്കിലെത്തിയ കോലി, 1258 ദിവസങ്ങളാണ് തലപ്പത്തിരുന്നത്. സഹീർ അബ്ബാസ് (1983–84), ജാവേദ് മിയാൻദാദ് (1988–89), മുഹമ്മദ് യൂസഫ് (2003) എന്നിവർക്കു ശേഷം ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ പാക്കിസ്ഥാൻ താരമാണ് അസം.

രാജ്യാന്തര തലത്തിൽ വിരാട് കോലിയും ബാബർ അസമും തമ്മിലുള്ള താരതമ്യങ്ങൾ വർധിക്കുന്നതിനിടെയാണ് പാക്ക് നായകൻ കോലിയെ പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ബാബർ അസമിന് റാങ്കിങ്ങിൽ വൻ നേട്ടം സമ്മാനിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു സെഞ്ചുറി സഹിതം 228 റൺസടിച്ച അസം കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനായിരുന്നു.

ഇതേ പരമ്പരയിൽ രണ്ടു സെഞ്ചുറി കുറിച്ച പാക്കിസ്ഥാന്റെ ഓപ്പണർ ഫഖർ സമാനും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. വൻ മുന്നേറ്റം നടത്തിയ സമാൻ ഏഴാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരത്തിൽ സമാൻ 193 റൺസെടുത്ത് റണ്ണൗട്ടായിരുന്നു.

ബോളർമാരുടെ റാങ്കിങ്ങിൽ ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ട് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഫ്ഗാൻ താരം മുജീബുർ റഹ്മാനാണ് രണ്ടാമത്. ന്യൂസീലൻഡിന്റെ തന്നെ മാറ്റ് ഹെൻറി മൂന്നാമതുണ്ട്. ജസ്പ്രീത് ബുമ്ര (നാല്) മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബോളർ. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒൻപതാമതുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യൻ സാന്നിധ്യം.

English Summary: Babar Azam surpasses Virat Kohli to become No.1 ODI batsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com