ADVERTISEMENT

സെഞ്ചൂറിയൻ∙ ക്യാപ്റ്റൻ ബാബർ അസം തകർപ്പൻ സെഞ്ചുറിയുമായി ഒരിക്കൽക്കൂടി മുന്നിൽനിന്ന് നയിച്ചതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്ത് 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ദക്ഷിണാഫ്രിക്കയെ, ഒൻപത് വിക്കറ്റിനാണ് പാക്കിസ്ഥാൻ തകർത്തുവിട്ടത്. തകർത്തടിച്ച് സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ ബാബർ അസമിന്റെ മികവിൽ രണ്ട് ഓവർ ബാക്കിനിൽക്കെ ഒരേയൊരു വിക്കറ്റ് നഷ്ടമാക്കിയാണ് പാക്കിസ്ഥാൻ വിജയത്തിലെത്തിയത്. വിരാട് കോലിയുടെ മൂന്നര വർഷത്തെ കുത്തക തകർത്ത് ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പർ ബാറ്റ്സ്മാനായി മാറിയ ദിവസമാണ് ട്വന്റി20യിൽ അതുല്യ സെഞ്ചുറിയുമായി അസമിന്റെ ആഘോഷം.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വിജയിക്കേണ്ടതായിരുന്നു. എന്നാൽ, വിജയത്തിന് ഏഴു റൺസ് അകലെവച്ച് അസമിനെ വില്യംസ് പുറത്താക്കിയതോടെയാണ് വിജയം ഒൻപത് വിക്കറ്റിനായത്. അസം 59 പന്തിൽ 122 റൺസെടുത്തു. 15 ഫോറും നാലു സിക്സറും നിറം ചാർത്തിയ ഇന്നിങ്സാണ് അസമിന്റേത്. 49 പന്തിൽ സെഞ്ചുറി തികച്ച അസം പാക്കിസ്ഥാൻ താരത്തിന്റെ മൂന്നാമത്തെ മാത്രം ട്വന്റി20 സെഞ്ചുറിയും അതിലെ വേഗമേറിയ സെഞ്ചുറിയും സ്വന്തം പേരിലാക്കി. ബാബർ അസമാണ് കളിയിലെ കേമൻ. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാക്കിസ്ഥാൻ 2–1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച ഇതേ വേദിയിൽ നടക്കും.

സഹ ഓപ്പണർ മുഹമ്മദ് റിസ്‌വാനും ഒപ്പത്തിനൊപ്പം നിന്ന് തകർത്തടിച്ചതോടെ ഒന്നാം വിക്കറ്റിൽ 197 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തീർക്കാനും പാക്കിസ്ഥാന് കഴിഞ്ഞു. 106 പന്തിൽനിന്നാണ് ഇരുവരും 197 റണ്‍സടിച്ചത്. മുഹമ്മദ് റിസ്‌വാൻ 47 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 73 റൺസുമായി പുറത്താകാതെ നിന്നു. അസമിനു പകരക്കാരനായി ക്രീസിലെത്തിയ ഫഖർ സമാൻ നേരിട്ട ആദ്യ രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ ജെന്നെമാൻ മലൻ, എയ്ഡൻ മർക്രം എന്നിവരുടെ അർധസെഞ്ചുറികളാണ് കരുത്തായത്. മലൻ 40 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 55 റൺസെടുത്തു. മർക്രം 31 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 63 റൺസെടുത്തും പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 64 പന്തിൽ 108 റൺസ് കൂട്ടിച്ചേർത്തു.

ഇവർക്കു ശേഷമെത്തിയ ജോർജ് ലിൻഡെ (11 പന്തിൽ 22), വാൻഡർ ദസ്സൻ (20 പന്തിൽ പുറത്താകാതെ 34), ഹെൻറിച് ക്ലാസ്സൻ (10 പന്തിൽ 15), ആൻഡിൽ പെഹ്‌ലൂക്‌വായോ (എട്ട് പന്തിൽ 11) എന്നിവരും തകർത്തടിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക 200 കടന്നത്. പാക്കിസ്ഥാനായി മുഹമ്മദ് നവാസ് നാല് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

English Summary: South Africa vs Pakistan, 3rd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com