സ്റ്റോയ്നിസ്, മിശ്ര; സഞ്ജുവിനെ തളയ്ക്കാൻ പന്തിന്റെ സ്വദേശി, വിദേശി ആയുധങ്ങൾ!
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയൽ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ രണ്ടാം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോൾ, അവരുടെ നായകൻ സഞ്ജു സാംസണിനെ തളയ്ക്കാൻ ആയുധങ്ങൾ തേടുകയാകും ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബ് കിങ്സിനോട് തോറ്റെങ്കിലും, മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച സഞ്ജുവിന്റെ പ്രകടനത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നായകനെ പിടിച്ചുകെട്ടി രാജസ്ഥാനെ വീഴ്ത്താൻ പന്ത് തന്ത്രങ്ങൾ മെനയുന്നത്.
ഐപിഎലിലെ തകർത്തടിക്കുന്ന ബാറ്റ്സ്മാനാണെങ്കിലും, മുന്‍ സീസണുകളിൽ സഞ്ജുവിനെ വിഷമിപ്പിച്ച രണ്ടു താരങ്ങളിലാണ് ഇന്ന് പന്തിന്റെ പ്രതീക്ഷ. അതിലൊരാൾ ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസാണ്. രണ്ടാമൻ ഇന്ത്യയുെട തന്നെ വെറ്ററൻ സ്പിന്നർ അമിത് മിശ്രയും. സഞ്ജുവിനെ തളയ്ക്കാനുള്ള പന്തിന്റെ തന്ത്രങ്ങളിൽ ഇരുവരും എങ്ങനെ പ്രധാന ആയുധങ്ങളാകുന്നു എന്നല്ലേ? അതിന് കണക്കുകളാണ് ഉത്തരം.
ആദ്യം, എന്തുകൊണ്ട് സ്റ്റോയ്നിസ് എന്നു നോക്കാം. ഐപിഎലിൽ ഇതുവരെ സഞ്ജുവിനെതിരെ 12 പന്തുകൾ എറിഞ്ഞ സ്റ്റോയ്നിസ്, 18 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഈ 12 പന്തുകൾക്കിടെ സഞ്ജുവിനെ രണ്ടു തവണ പുറത്താക്കാനും സ്റ്റോയ്നിസിനായി എന്നതാണ് ഹൈലൈറ്റ്.
ഇനി അമിത് മിശ്രയിലേക്ക്. സ്റ്റോയ്നിസിനേക്കാൾ സഞ്ജുവിനെ ബുദ്ധിമുട്ടിക്കുന്ന ബോളറാണ് മിശ്രയെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ മിശ്രയുെട 19 പന്തുകൾ നേരിട്ടിട്ടുള്ള സഞ്ജുവിന് ആകെ നേടാനായത് എട്ടു റൺസ് മാത്രമാണ്. ഒരു തവണ മിശ്രയ്ക്ക് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.
ഡൽഹിക്കെതിരെ ഇതുവരെ 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സഞ്ജു, 125.98 സ്ട്രൈക്ക് റേറ്റിൽ 160 റൺസാണ് സഞ്ജു നേടിയത്. ഇതിൽ ഒൻപത് സിക്സറുകളും ഏഴു ഫോറുകളും ഉൾപ്പെടുന്നു. മറുവശത്ത് മിശ്രയാകട്ടെ, 19 മത്സരങ്ങളിൽനിന്ന് രാജസ്ഥാനെതിരെ 30 വിക്കറ്റുകൾ വീഴ്ത്തി. 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്നത്തെ പോരാട്ടം സഞ്ജു – മിശ്ര പോരാട്ടം കൂടിയാകുമെന്ന് ചുരുക്കം.
English Summary: Decoding Sanju Samson's performance against Amit Mishra, Marcus Stoinis