ഔട്ടായതിന്റെ ദേഷ്യത്തിൽ ഡഗ്ഔട്ടിലെ കസേര അടിച്ച് മറിച്ചു; കോലിക്ക് ശാസന- വിഡിയോ
Mail This Article
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഔട്ടായതിന്റെ കലിയും നിരാശയും ഡഗ്ഔട്ടിലെ കസേരയോടു തീർത്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലി കടുത്ത ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടു. ഔട്ടായതിന്റെ ദേഷ്യത്തിന് ഡഗ്ഔട്ടിലെ കസേര അടിച്ചുതെറിപ്പിച്ച കോലിക്കുള്ള ശിക്ഷ ഐപിഎൽ അധികൃതർ ശാസനയിൽ ഒതുക്കി. മത്സരം കോലിയുടെ ടീം ആറു റൺസിന് ജയിച്ചിരുന്നു.
സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് കോലിയായിരുന്നു. ബാറ്റിങ് പൊതുവെ ദുഷ്കരമായിരുന്ന പിച്ചിൽ 29 പന്തിൽ നാലു ഫോറുകൾ സഹിതം കോലി നേടിയത് 29 റൺസ്. മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്സ്‌വെലിനൊപ്പം 36 പന്തിൽ 44 റൺസും കോലി കൂട്ടിച്ചേർത്തിരുന്നു.
ഇതിനു പിന്നാലെ വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡർ എറിഞ്ഞ 13–ാം ഓവറിലെ ആദ്യ പന്തിലാണ് കോലി പുറത്തായത്. കോലിയുടെ പാളിയ ഷോട്ട് കയ്യിലൊതുക്കി വിജയ് ശങ്കറാണ് താരത്തെ പുറത്താക്കിയത്. ഇതോടെ നിയന്ത്രണം നഷ്ടമായ കോലി ഔട്ടായതിന്റെ ദേഷ്യം പവലിയനിലേക്കുള്ള വഴിയിൽ ഡഗ്ഔട്ടിലെ കസേരയോടു തീർക്കുകയായിരുന്നു.
ഐപിഎൽ ചട്ടത്തിലെ ലെവൽ വൺ കുറ്റമാണ് കോലി ചെയ്തതെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവിച്ച തെറ്റ് കോലി ഏറ്റുപറഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ ശാസനയിൽ ഒതുക്കിയത്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 149 റൺസിൽ ഒതുങ്ങിയെങ്കിലും, തകർപ്പൻ ബോളിങ്ങുമായി കളം പിടിച്ച ബോളർമാർ അവർക്ക് ആറു റൺസിന്റെ അവിശ്വസനീയ ജയം സമ്മാനിച്ചിരുന്നു.
English Summary: Virat Kohli, absolutely livid with himself, smashes chair; reprimanded