‘പകരം വയ്ക്കാനില്ലാത്ത’ പ്രതിസന്ധിയിൽ സഞ്ജുവിന്റെ രാജസ്ഥാൻ
Mail This Article
‘ഹാവ് സം ഫൺ, ഗെറ്റ് സം സ്മൈൽസ് ഓൺ ’ – ലീഗിൽ രണ്ടാം തോൽവി ഏറ്റുവാങ്ങിയെത്തിയ രാജസ്ഥാൻ താരങ്ങളെ ടീം ഡയറക്ടർ കുമാർ സംഗക്കാര സ്വീകരിച്ചത് ഈ വാക്കുകളുമായാണ്. പക്ഷേ, ഇന്നു ബാംഗ്ലൂരിനെതിരെ റോയൽസ് കളത്തിലിറങ്ങുമ്പോൾ സംഗക്കാരയുടെ മുഖത്തു പോലും ചിരി വിടരാനൊന്നു മടിക്കും.
കളിയിലെ തിരിച്ചടികളും ഡഗ് ഒൗട്ടിലെ പിൻവാങ്ങലുകളും സൃഷ്ടിക്കുന്ന വെല്ലുവിളികളുടെ നടുവിലാണു റോയൽസ് വാങ്കഡെയിലെ മത്സരത്തിനെത്തുന്നത്. ജോഫ്ര ആർച്ചറിനും ബെൻ സ്റ്റോക്സിനും പിന്നാലെ ലിയാം ലിവിങ്സ്റ്റൻ കൂടി ഇംഗ്ലണ്ടിലേക്കു മടങ്ങിയതോടെ ലീഗിലെ എക്കാലത്തെയും മോശം തുടക്കങ്ങളിലൊന്നിനെ നേരിടുകയാണു സഞ്ജു സാംസന്റെ ടീം.
വിദേശതാരങ്ങളുടെ ഏറ്റവും മികച്ച കോംബിനേഷൻ – സീസണിനു മുൻപേ റോയൽസിന്റെ ‘യുഎസ്പി’ ആയി വിശേഷിപ്പിക്കപ്പെട്ടതാണിത്. എന്നാൽ ആർച്ചറുടെ പരുക്കിന്റെ രൂപത്തിൽ ലീഗ് തുടങ്ങുംമുൻപേ ഇതിന് ഇളക്കം തട്ടി. പോയ സീസണിൽ ലീഗിലെതന്നെ മൂല്യമേറിയ താരമായി മാറിയ ആർച്ചറിനു പിന്തുണ നൽകാൻ ബോളർമാരില്ലാതെ പോയതാണു ടീമിനെ പിന്നോട്ടടിച്ചത്. ആ കുറവ് പരിഹരിക്കാനാണു ക്രിസ് മോറിസിനെ റോയൽസ് സ്വന്തമാക്കിയത്. പവർ പ്ലേയിലും സ്ലോഗ് ഓവറുകളിലും ഒരുപോലെ തിളങ്ങുന്ന ആർച്ചർ– മോറിസ് കൂട്ടുകെട്ടിന്റെ മൂല്യം കൂടി കണക്കിലെടുത്തായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ 16.25 കോടിയെന്ന മോഹവില. ഗെയിം ചെയ്ഞ്ചിങ് എന്നു സംഗയും സംഘവും പ്രതീക്ഷിച്ച ആ പദ്ധതി പക്ഷേ, കടലാസിൽ ഒതുങ്ങി.
ആദ്യ മത്സരത്തിൽ പരുക്കേറ്റ് സ്റ്റോക്സും പിൻവാങ്ങിയതോടെ പ്ലാൻ ബിയിലും വേണ്ടിവന്നു പൊളിച്ചെഴുത്ത്. ഏകദിനത്തിലും ടെസ്റ്റിലും സൃഷ്ടിച്ചതു പോലൊരു ‘ഇംപാക്ട്’ ട്വന്റി20 യിൽ അവകാശപ്പെടാനില്ലെങ്കിലും ഇംഗ്ലിഷ് ഓൾറൗണ്ടറുടെ സാന്നിധ്യം പ്ലേയിങ് ഇലവനു നല്‍കിയ ബാലൻസിങ് ചെറുതായിരുന്നില്ല. ക്രീസിൽ നിലയുറപ്പിക്കുന്തോറും അപകടകാരിയായി മാറുന്ന സ്റ്റോക്സിനെ ഓപ്പണറാക്കിയുള്ള പരീക്ഷണമായിരുന്നു ഇക്കുറി റോയൽസ് കരുതിവച്ചിരുന്നത്.
ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ പോലും പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഒന്നായിരുന്നു ആ നീക്കം. കോവിഡിനെ തുടർന്നുള്ള ‘ബയോ ബബ്ൾ’ അന്തരീക്ഷത്തിൽ മനംമടുത്ത് ലിവിങ്സ്റ്റൻ കൂടി മടങ്ങിയതോടെ വിദേശ ക്വാട്ടയിൽ ആളില്ലാത്ത അവസ്ഥയിലുമായി രാജസ്ഥാൻ. ജോസ് ബട്‌ലറും ഡേവിഡ് മില്ലറുമാണ് ടീമിൽ അവശേഷിക്കുന്ന വിദേശ ബാറ്റ്സ്മാൻമാർ.
രണ്ടു മത്സരങ്ങളിൽ വിജയം കൈവിട്ട ടീമിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനവും പ്രതീക്ഷ പകരുന്നതല്ല. പ്രശ്നങ്ങളേറെയും ബാറ്റിങ് നിരയിലാണ്. ഓപ്പണിങ്ങിൽ മനൻ വോറയും മിഡിൽ ഓർഡറിൽ ശിവം ദുബെയും അമ്പേ പരാജയപ്പെട്ട നിലയിൽ. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയെങ്കിലും സഞ്ജുവും റിയാൻ പരാഗും ഉൾപ്പെടെയുള്ള താരങ്ങൾ സ്ഥിരതയുടെ കാര്യത്തിൽ ഇക്കുറിയും പിന്നാക്കം പോകുന്നു.
ദുബെയെ നാലാം നമ്പറിൽ ഇറക്കിയുള്ള ബാറ്റിങ് ഓർഡറിന്റെ കാര്യത്തിലും വിമർശനം ഉയരുന്നുണ്ട്. ഓൾറൗണ്ടർ രാഹുൽ തേവാത്തിയ ആകട്ടെ പഴയ സീസണിന്റെ ഏഴയലത്തെത്തുന്നില്ല. ശ്രേയസ് ഗോപാൽ അടക്കമുള്ള സ്പിന്നർമാർ നിരാശപ്പെടുത്തിയപ്പോൾ യുവ പേസർ ചേതൻ സാകരിയയും ജയ്ദേവ് ഉനദ്കടും മാത്രമാണ് ഇന്ത്യൻ താരങ്ങളിൽ ആശ്വാസത്തിനു വക നൽകുന്നത്.
പകരം ആരെത്തും?
വിദേശനിരയിലേക്ക് ഇനി ആരെത്തുമെന്ന ആകാംക്ഷയിലാണ് റോയൽസ് ആരാധകർ. ആർച്ചർ തിരിച്ചെത്തുമെന്നാണു സൂചനകൾ. സ്റ്റോക്സിനും ലിവിങ്സ്റ്റനും പകരക്കാരെ വേണ്ടിവരും. ബാറ്റ്സ്മാൻമാരായി ഇംഗ്ലിഷ് താരം അലക്സ് ഹെയ്ൽസ്, കിവീസ് താരം ഡെവൺ കോൺവേ, ഓസ്ട്രേലിയൻ നായകൻ ആരൺ ഫിഞ്ച് എന്നിവരും ഓൾറൗണ്ടർമാരുടെ റോളിൽ ശ്രീലങ്കയുടെ തിസാര പെരേര, വാണിന്ദു ഹസരംഗ, ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി, കിവീസിന്റെ സ്കോട്ട് കുഗെലയൻ, വിൻഡീസ് താരം കാർലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവരുമാണു പകരക്കാരായി വരാൻ സാധ്യതയുള്ളവർ. ന്യൂസീലൻഡ് സ്പിന്നർ ഇഷ് സോധി, വിൻഡീസ് താരങ്ങളായ ഒബെദ് മക്കോയ്, ഷെർഫെയ്ൻ റൂഥർഫോഡ്, ഓസീസ് ഓൾറൗണ്ടർ ജാക്ക് വിൽഡർമത്ത് എന്നിവരെയും പരിഗണിച്ചേക്കാം.
English Summary: Worry for Rajasthan Royals as they face Royal Challengers Bangalore