ADVERTISEMENT

ന്യൂഡ‍ൽഹി ∙ ആഘോഷമായി നടക്കുകയായിരുന്ന ഐപിഎലിനു തിരിച്ചടിയായി കളിക്കാരുടെ പിൻമാറ്റം. രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റിൽ‌ നിന്നു പിൻമാറുകയാണെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രു ടൈ, കെയ്ൻ റിച്ചഡ്സൻ, ആദം സാംപ എന്നിവർ അറിയിച്ചു.

ആശങ്കാജനകമായ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം നിൽക്കാനാണ് താൻ പിൻമാറുന്നതെന്ന് ഡൽഹി ക്യാപിറ്റൽസ് താരമായ അശ്വിൻ വ്യക്തമാക്കി. സ്ഥിതിഗതികൾ രൂക്ഷമായാൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾ ഓസ്ട്രേലിയ വിലക്കുമെന്നതിനാലാണ് രാജസ്ഥാൻ റോയൽസ് താരം ആൻഡ്രു ടൈ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങളായ കെയ്ൻ റിച്ചഡ്സൻ, ആദം സാംപ എന്നിവരുടെ പിന്മ‍ാറ്റം. എന്നാൽ ടൂർണമെന്റ് തടസ്സമില്ലാതെ നടക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആവർത്തിച്ചു.

‘നിലവിലെ സ്ഥിതിയനുസരിച്ച് ഐപിഎൽ മുന്നോട്ടു പോകും. പിൻമാറണോ തുടരണോയെന്നതു കളിക്കാരുടെ ഇഷ്ടമാണ്’ – ബിസിസിഐ ഉന്നതൻ പറഞ്ഞു.

പേസ് ബോളറായ റിച്ചഡ്സനെ 4 കോടി രൂപയ്ക്കും ലെഗ് സ്പിന്നറായ സാംപയെ 1.5 കോടി രൂപയ്ക്കുമാണ് ബാംഗ്ലൂർ ടീമിലെടുത്തത്. റിച്ചഡ്സൻ രാജസ്ഥാനെതിരെയുള്ള ഒരു മത്സരം മാത്രം കളിച്ചു.

സാംപയ്ക്ക് ഇതുവരെ പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയിട്ടില്ല. ഒരു കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ ടൈയും ഇതുവരെ കളിച്ചിച്ചിട്ടില്ല. മത്സരങ്ങളില്ലാതെ ദീർഘകാലം ജൈവസുരക്ഷാവലയത്തിൽ തുടരുന്നതിന്റെ ബുദ്ധിമുട്ട് കൂടിയാണ് ഓസീസ് താരങ്ങളുടെ പിൻമാറ്റത്തിനു കാരണം. ഐപിഎൽ കഴിയുമ്പോൾ തങ്ങളുടെ താരങ്ങൾക്കെല്ലാമായി പ്രത്യേക വിമാനം ഏർപ്പെടുത്താനായിരുന്നു നേരത്തേ ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിച്ചിരുന്നത്.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് എന്നിവരുൾപ്പെടെ 14 ഓസീസ് താരങ്ങൾ ഐപിഎലിലുണ്ട്. റിക്കി പോണ്ടിങ്, സൈമൺ കാറ്റിച്ച് എന്നിവർ പരിശീലകരും മാത്യു ഹെയ്ഡൻ, ബ്രെറ്റ് ലീ തുടങ്ങിയവർ കമന്റേറ്റർമാരുമായുണ്ട്. ജൂണിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാൽ ന്യൂസീലൻഡ് താരങ്ങൾ മേയ് മധ്യത്തിൽ മടങ്ങിയേക്കും. മേയ് 30ന് അഹമ്മദാബാദിലാണ് ഐപിഎൽ ഫൈനൽ.

∙ സുരക്ഷിതരാണ്, പക്ഷേ..!

‘ഐപിഎലിനു വേണ്ടി ഒരുക്കിയ ജൈവസുരക്ഷാ വലയത്തിൽ ഞങ്ങൾ (കളിക്കാരും ഒഫിഷ്യൽസും) സുരക്ഷിതരാണ്. എന്നാൽ പുറത്തെ അവസ്ഥ ആശങ്കാജനകമാണെന്ന് അറിയാം. മിക്ക ദിവസങ്ങളിലും പ്രഭാതഭക്ഷണ സമയത്ത് ഞങ്ങളുടെ ചർച്ച ഇതാണ്.’ – റിക്കി പോണ്ടിങ് (ഡൽഹി പരിശീലകൻ)

∙ ‘ആശങ്കയുണ്ട്.. എന്തു ചെയ്യും?

‘ഓസ്ട്രേലിയൻ കളിക്കാർ ആശങ്കയിലാണെന്നത് സത്യമാണ്. ഐപിഎൽ കഴിയുന്നതു വരെ കാത്തു നിന്നാൽ നാട്ടിലേക്കു തിരിച്ചു ചെല്ലാനാവുമോ എന്നതാണ് ആശങ്കയ്ക്കു കാരണം.’ – ഡേവിഡ് ഹസി (കൊൽക്കത്ത മെന്റർ)

English Summary: Three foreign players and R. Ashwin pulls out of IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com