ആദ്യ ഓവറിൽ 6 പന്തും ഫോർ; പൃഥ്വി ‘ഷോ’യ്ക്കൊടുവിൽ ഡൽഹിക്ക് നാലാം ജയം
Mail This Article
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ മറ്റൊരു അനായാസ വിജയവുമായി ഡൽഹി ക്യാപിറ്റൽസ് മുന്നോട്ട്. ചേസിങ്ങിൽ ആദ്യ ഓവറിലെ ആറു പന്തും ഫോറടിച്ച് മിന്നൽത്തുടക്കം സമ്മാനിച്ച ഓപ്പണർ പൃഥ്വി ഷായുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിന് തകർത്ത് ഡൽഹി സീസണിലെ നാലാം ജയം കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 154 റൺസ്. മറുപടി ബാറ്റിങ്ങിൽ 21 പന്തുകൾ ബാക്കിനിർത്തി മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യത്തിലെത്തി. തകർത്തടിച്ച് അർധസെഞ്ചുറി നേടിയ ഓപ്പണർ പൃഥ്വി ഷായുടെ തകർപ്പൻ ‘ഷോ’യാണ് ഡൽഹിക്ക് അനായാസ വിജയമൊരുക്കിയത്. 41 പന്തിൽ 11 ഫോറും മൂന്നു സിക്സും സഹിതം ഷാ 82 റൺസെടുത്തു.
മറ്റൊരു ഓപ്പണർ ശിഖർ ധവാൻ 47 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ വെറും 83 പന്തുകളിൽനിന്ന് ഷാ – ധവാന്‍ സഖ്യം കൂട്ടിച്ചേർത്തത് 132 റൺസ്. വിജയത്തിനരികെ ഈ കൂട്ടുകെട്ട് പൊളിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞെങ്കിലും വിജയം തടയാനായില്ല. പൃഥ്വി ഷാ, ഋഷഭ് പന്ത് (എട്ടു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16) എന്നിവരെക്കൂടി കൊൽക്കത്ത പുറത്താക്കിയെങ്കിലും മാർക്കസ് സ്റ്റോയ്നിസ് (മൂന്നു പന്തിൽ ആറ്) ഡൽഹിയെ വിജയത്തിലെത്തിച്ചു.
കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡൽഹിക്ക് അവിസ്മരണീയ തുടക്കമാണ് പൃഥ്വി ഷാ സമ്മാനിച്ചത്. ആദ്യ ഓവർ എറിഞ്ഞ യുവ ബോളർ ശിവം മാവി വൈഡുമായാണ് തുടങ്ങിയത്. എന്നാൽ, ആ ഓവറിലെ ആറു പന്തും ഫോറടിച്ചാണ് ഷാ ടീമിന് മിന്നൽ തുടക്കം സമ്മാനിച്ചത്. ഇതോടെ, ഐപിഎൽ ചരിത്രത്തിൽ ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന മൂന്നാമത്തെ ബോളറായി മാവി മാറി. ‘നാണക്കേടിന്റെ റെക്കോർഡി’ൽ മാവിക്കു മുന്നിലുള്ളത് 2011ൽ ചെന്നൈയിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യ ഓവറിൽ 27 റൺസ് വഴങ്ങിയ അബു നെച്ചിം, 2013ൽ കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈയ്ക്കായി 26 റൺസ് വഴങ്ങിയ ഹർഭജൻ സിങ് എന്നിവർ മാത്രം.
ആദ്യ ഓവറിൽ മാവിക്കെതിരെ തകർത്തടിച്ച പൃഥ്വി ഷായുടെ മികവിൽ ഐപിഎൽ 14–ാം സീസണിൽ പവർപ്ലേയിൽ ഒരു ടീം നേടുന്ന ഉയർന്ന സ്കോറും ഡൽഹി കുറിച്ചു. ആദ്യ ആറ് ഓവറിൽ ഷായും ധവാനും ചേർന്ന് അടിച്ചുകൂട്ടിയത് 67 റൺസാണ്. പിന്നിലാക്കിയത് മുംബൈയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 65 റൺസടിച്ച ‘സ്വന്തം’ റെക്കോർഡ്! മുംബൈയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും 65 റൺസടിച്ചിട്ടുണ്ടെങ്കിൽ രണ്ട് വിക്കറ്റ് നഷ്ടമാക്കിയിരുന്നു. മുംബൈയിൽ പഞ്ചാബിനെതിരെ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസടിച്ച ചരിത്രവും ഡൽഹിക്കുണ്ട്.
13.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 132 റൺസുമായി അനായാസ വിജയത്തിലേക്കു കുതിച്ചുകൊണ്ടിരുന്ന ഡൽഹിയെ 18 റൺസിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിൻസ് ഞെട്ടിച്ചെങ്കിലും അനിവാര്യമായ തോൽവി ഒഴിവാക്കാനായില്ല. സ്കോർ 132ൽ നിൽക്കെ ധവാനെ എൽബിയിൽ കുരുക്കിയാണ് കമ്മിൻസ് വിക്കറ്റ് വേട്ട തുടങ്ങിയത്. സ്കോർ 146ൽ നിൽക്കെ പൃഥ്വി ഷായെ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. പിന്നാലെ 150ൽ വച്ച് അതേ ഓവറിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് ശിവം മാവിയുടെ കൈകളിൽ. കമ്മിൻസ് നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
∙ താങ്ങായി റസ്സൽ
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 154 റൺസ്. 27 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 45 റൺസുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഓപ്പണർ ശുഭ്മാൻ ഗിൽ 38 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്തു.
നിതീഷ് റാണ (12 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 15), രാഹുൽ ത്രിപാഠി (17 പന്തിൽ രണ്ടു ഫോറുകളോടെ 19), ദിനേഷ് കാർത്തിക് (10 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പാറ്റ് കമ്മിൻസ് 13 പന്തിൽ ഒരു ഫോർ സഹിതം 11 റൺസുമായി പുറത്താകാതെ നിന്നു. പൂർണമായും നിരാശപ്പെടുത്തിയത് ക്യാപ്റ്റൻ ഒയിൻ മോർഗൻ (0), സുനിൽ നരെയ്ൻ (0) എന്നിവർ മാത്രം.
ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പിറക്കാതെ പോയ കൊൽക്കത്ത ഇന്നിങ്സിൽ പിരിയാത്ത ഏഴാം വിക്കറ്റിൽ ആന്ദ്രെ റസ്സൽ – പാറ്റ് കമ്മിൻസ് സഖ്യം 22 പന്തിൽ കൂട്ടിച്ചേർത്ത 45 റൺസാണ് ഉയർന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗിൽ – രാഹുൽ ത്രിപാഠി സഖ്യം 44 റൺസും കൂട്ടിച്ചേർത്തു. 35 പന്തിൽനിന്നാണ് ഗിൽ – ത്രിപാഠി സഖ്യം 44 റൺസടിച്ചത്.
ഡൽഹി നിരയിൽ മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ലളിത് യാദവ് തിളങ്ങി. അക്ഷർ പട്ടേൽ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയ്നിസ് ഒരു ഓവറിൽ ഏഴ് റണ്‍സ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
English Summary: Delhi Capitals vs Kolkata Knight Riders, 25th Match - Live Cricket Score