ഇന്ത്യൻ ക്രിക്കറ്റ് താരം വേദയുടെ അമ്മയ്ക്കു പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു
Mail This Article
ചിക്കമംഗഉൂരു∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു. വേദയുടെ മൂത്ത സഹോദരി വത്സല ശിവകുമാറാണ് (45) കോവിഡ് ബാധിച്ച് മരിച്ചത്. ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വേദയുടെ മാതാവ് കോവിഡ് ബാധിതയായി മരണത്തിനു കീഴടങ്ങി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് മൂത്ത സഹോദരിയുടെ മരണം. വേദയുടെ മുൻ പരിശീലകൻ ഇർഫാൻ സയ്ദ് ആണ് മരണവാർത്ത സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ദിവസങ്ങളായി ആശുപത്രിയിലായിരുന്ന വേദയുടെ സഹോദരിയെ നില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഐസിയുവിൽനിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ഗുരുതരാവസ്ഥയിലായ അവർ മരണത്തിനു കീഴടങ്ങി. വത്സലയുടെ ഭർത്താവ് ഏതാനും വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. ഒരു മകനുണ്ട്.
വേദയ്ക്കും കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. രണ്ടാഴ്ച മുൻപ് മാതാവ് കോവിഡ് ബാധിതയായി മരിച്ച വിവരം വേദ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അനുശോചന സന്ദേശങ്ങൾ നേർന്നവർക്ക് വേദ ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചിരുന്നു.
ഇരുപത്തെട്ടുകാരിയായ വേദ ഇന്ത്യയ്ക്കായി 48 ഏകദിനങ്ങളും 76 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 48 ഏകദിനങ്ങളിലെ 41 ഇന്നിങ്സുകളിലായി 25.90 ശരാശരിയിൽ 829 റൺസാണ് വേദയുടെ സമ്പാദ്യം. മൂന്നു വിക്കറ്റുമുണ്ട്. ട്വന്റി20യിൽ 63 ഇന്നിങ്സുകളിലായി 18.61 ശരാശരിയിൽ 875 റൺസും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 57 റൺസാണ് ഉയർന്ന സ്കോർ.
English Summary: Veda Krishnamurthy’s sister loses battle with Covid-19, barely 2 weeks after mother's demise