ADVERTISEMENT

ധാക്ക∙ ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയിലേക്കുള്ള ചൂണ്ടുപലകയായി ബംഗ്ലദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നഷ്ടം. ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെയാണ് പരമ്പര കൈവിട്ടത്. മഴമൂലം രണ്ടു തവണ തടസ്സപ്പെട്ട രണ്ടാം മത്സരത്തിൽ മഴനിയമപ്രകാരം 103 റൺസിനാണ് ബംഗ്ലദേശ് ശ്രീലങ്കയെ തോൽപ്പിച്ചത്. ഒന്നാം ഏകദിനത്തിൽ 33 റൺസിനും ബംഗ്ലദേശ് വിജയം നേടിയിരുന്നു. ഇതോടെ മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര ബംഗ്ലദേശ് നേടുമെന്ന് ഉറപ്പായി. പരമ്പരയിലെ മൂന്നാം മത്സരം മേയ് 28ന് നടക്കും. ഇതോടെ, ഐസിസിയുടെ ലോകകപ്പ് സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ ബംഗ്ലദേശ് ഒന്നാം സ്ഥാനത്തെത്തി.

രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ബംഗ്ലദേശ് 48.1 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമിന്റെ ഇന്നിങ്സാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. റഹിം 127 പന്തിൽ 10 ഫോറുകൾ സഹിതമാണ് 125 റൺസെടുത്തത്. മഹ്മൂദുല്ല (58 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 41), ലിട്ടൺ ദാസ് (42 പന്തിൽ രണ്ടു ഫോറുകളോടെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര 9.1 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ലക്ഷൻ സന്ദാകൻ 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നും ഇസൂരു ഉഡാന 9 ഓവറിൽ 49 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇടയ്ക്ക് മഴ പെയ്തതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 40 ഓവറിൽ 245 റൺസായി പുനർനിർണയിച്ചു. എന്നാൽ, ബംഗ്ലദേശ് താരങ്ങൾ തകർപ്പൻ ബോളിങ്ങുമായി കളം നിറഞ്ഞതോടെ ശ്രീലങ്കയ്ക്ക് 40 ഓവറിൽ നേടാനായത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് മാത്രം. 46 പന്തിൽ രണ്ടു ഫോറുകൾ സഹിതം 24 റൺസെടുത്ത ഓപ്പണർ ധനുഷ്ക ഗുണതിലകയാണ് അവരുടെ ടോപ് സ്കോറർ. പാത്തും നിസ്സങ്ക 36 പന്തിൽ രണ്ടു ഫോറുകളോടെ 20 റൺെസടുത്തു.

ബംഗ്ലദേശിനായി 10 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത മെഹ്ദി ഹസനും ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത മുസ്താഫിസുർ റഹ്മാനും തിളങ്ങി. ഷാക്കിബ് അൽ ഹസൻ ഒൻപത് ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

2015ലെ ഏകദിന ലോകകപ്പിനുശേഷം സ്വന്തം നാട്ടിൽ നടന്ന 11 ദ്വിരാഷ്ട്ര പരമ്പരകളിൽ ബംഗ്ലദേശ് കിരീടം നേടുന്നത് ഇത് 10–ാം തവണയാണ്. ബംഗ്ലദേശ് തോൽപ്പിച്ചവരിൽ പാക്കിസ്ഥാനും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുണ്ട്. ഇവർക്കെതിരെ ഏതു ഫോർമാറ്റിലുമായി ബംഗ്ലദേശിന്റെ കന്നി പരമ്പര വിജയങ്ങൾ കൂടിയാണിത്. 2016ൽ ഇംഗ്ലണ്ടിനോടു മാത്രമാണ് ഇതിനിടെ ബംഗ്ലദേശ് സ്വന്തം നാട്ടിൽ പരാജയപ്പെട്ടത്. ശ്രീലങ്കയെക്കൂടി കീഴടക്കിയതോടെ ബംഗ്ലദേശിന് ഇതുവരെ ഏകദിന പരമ്പര നേടാനാകാത്ത എതിരാളികൾ ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമായി.

English Summary: Bangladesh beats Sri Lanka in ODI series for 1st time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com