ADVERTISEMENT

സിഡ്നി∙ ഈ വരുന്ന സെപ്റ്റംബറിൽ 35 വയസ് പൂർത്തിയാകുന്ന രവിചന്ദ്രൻ അശ്വിന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോർഡ് തകർക്കാനാകുമോ? നിലവിൽ 78 ടെസ്റ്റുകളിൽനിന്ന് അശ്വിന്റെ സമ്പാദ്യം 409 വിക്കറ്റുകളാണ്. ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് എന്ന നാഴികക്കല്ലു പിന്നിട്ട താരമാണെങ്കിലും മുരളീധരന്റെ 800 വിക്കറ്റ് നേട്ടം തകർക്കാൻ അശ്വിനു കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉത്തരം എന്തായാലും അങ്ങനെ വിശ്വസിക്കുന്ന ഒരാളുണ്ട്; ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്! ഇപ്പോഴത്തെ ഫോമിൽ പോയാൽ മുരളീധരന്റെ 800 വിക്കറ്റ് നേട്ടം മറികടക്കാൻ അശ്വിനു കഴിയുമെന്നാണ് ഹോഗിന്റെ വിലയിരുത്തൽ.

‘ഇപ്പോൾ അശ്വിന് 34 വയസ്സുണ്ട്. അദ്ദേഹം കുറഞ്ഞത് 42 വയസ്സു വരെയെങ്കിലും ടെസ്റ്റിൽ തുടരുമെന്നാണ് എന്റെ അനുമാനം. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം പതുക്കെ താഴോട്ടു പോന്നാലും ബോളിങ്ങിൽ അദ്ദേഹം കൂടുതൽ കരുത്തനാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ. അദ്ദേഹം അനായാസം 600 വിക്കറ്റ് ക്ലബ്ബിൽ ഇടംപിടിക്കും. മുത്തയ്യ മുരളീധരന്റെ 800 വിക്കറ്റ് നേട്ടവും അദ്ദേഹത്തിന് മറികടക്കാവുന്നതേയുള്ളൂ’ – ഹോഗ് പറഞ്ഞു. അതിന്റെ കാരണവും ഹോഗ് തന്നെ വിശദീകരിച്ചു.

‘എന്റെ ഈ വിലയിരുത്തലിനു വ്യക്തമായ കാരണവുമുണ്ട്. ഒന്നാമത്തെ കാര്യം ഏതു സാഹചര്യത്തോടും ഇഴുകിച്ചേരാനുള്ള അശ്വിന്റെ കഴിവാണ്. രണ്ടാമതായി, ക്രിക്കറ്റ് താരമെന്ന നിലയിൽ അനുദിനം വളരാനുള്ള അടങ്ങാത്ത അഭിനിവേശവും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനായി കൗണ്ടി ക്രിക്കറ്റ് കളിച്ച താരമാണ് അശ്വിൻ. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായി അശ്വിൻ മാറിയതും ഈ കഠിനാധ്വാനത്തിലൂടെയാണ്’ – ഹോഗ് പറഞ്ഞു.

‘ഇപ്പോഴുള്ള ഓഫ് സ്പിന്നർമാരിൽ ലോകത്തെ ഏറ്റവും മികച്ച താരം അശ്വിൻ തന്നെയാണ്. പക്ഷേ, എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറെന്ന് അദ്ദേഹത്തെ വിളിക്കാമോയെന്ന് സംശയമുണ്ട്. കാരണം സാഹചര്യങ്ങളിലും നിയമങ്ങളിലുമൊക്കെ ഇന്ന് ഒരുപാടു മാറ്റങ്ങൾ വന്നു. ബോളറെന്ന നിലയിൽ ബാറ്റ്സ്മാന്റെ പ്രഹരമേറ്റു വാങ്ങാൻ ഒട്ടും താൽപര്യമുള്ള വ്യക്തിയല്ല അശ്വിൻ. പരീക്ഷിക്കാനും പരീക്ഷിക്കപ്പെടാനും താൽപര്യമുള്ളവർക്ക് നേരിടാവുന്ന താരമാണ് അശ്വിൻ’ – ഹോഗ് പറഞ്ഞു.

‘ക്രിക്കറ്റിന് പുറത്ത് മികച്ചൊരു ചെസ് താരമാണ് അശ്വിൻ. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ തികച്ചും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കാൻ അശ്വിൻ കാണിച്ച താൽപര്യമാണ് അദ്ദേഹത്തെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അദ്ദേഹത്തിനെതിരെ കളിക്കാനുള്ള അവസരം പോലും ഒരു ആനുകൂല്യമായാണ് ഞാൻ കാണുന്നത്’ – ഹോഗ് പറഞ്ഞു.

English Summary: R Ashwin is best off-spinner in world right now, can break Muttiah Muralitharan’s record- Brad Hogg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com