വിൻഡീസ് താരം നിക്കോളാസ് പുരാൻ വിവാഹിതനായി; വധു അലീസ മിഗ്വേൽ
![nicolas-pooran-marriage നിക്കോളാസ് പുരാനും ഭാര്യ അലീസയും (ട്വിറ്റർ ചിത്രം)](https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2021/6/1/nicolas-pooran-marriage.jpg?w=1120&h=583)
Mail This Article
ട്രിനിഡാഡ്∙ പാതിവഴിയിൽ നിർത്തിവച്ച ഐപിഎൽ 14–ാം സീസണിൽ പഞ്ചാബ് കിങ്സിനായി കളിച്ച വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തായ അലീസ മിഗ്വേലിനെയാണ് പുരാൻ ജീവിത പങ്കാളിയാക്കിയത്. വിവാഹ ചിത്രം താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
‘ദൈവം എനിക്ക് ജീവിതത്തിൽ പല അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാൾ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റർ & മിസിസ് പുരാൻ’ – വിൻഡീസ് താരം ട്വിറ്ററിൽ കുറിച്ചു. ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
നേരത്തെ, മിഗ്വേലിനെ വിവാഹ മോതിരം അണിയിക്കുന്ന ചിത്രം പങ്കുവച്ചാണ് വിവാഹ വാർത്ത പുരാൻ പരസ്യമാക്കിയത്. ‘ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും അലീസ മിഗ്വേലും വിവാഹിതരാകുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു’ – പുരാൻ ട്വിറ്ററിൽ കുറിച്ചു.
ഇരുപത്തഞ്ചുകാരനായ പുരാൻ വെസ്റ്റിൻഡീസിനു വേണ്ടി 28 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 27 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും സഹിതം 49.10 ശരാശരിയിൽ 982 റണ്‍സ് നേടി. 24 ട്വന്റി20 ഇന്നിങ്സുകളിൽനിന്ന് രണ്ട് അർധസെഞ്ചുറികൾ സഹിതം 19.60 ശരാശരിയിൽ 392 റൺസും നേടിയിട്ടുണ്ട്.
English Summary: Nicholas Pooran enters the wedlock with fiancée Alyssa Miguel