‘തകർപ്പന്‍’ സിക്സിൽ തകർന്നത് സ്വന്തം കാറിന്റെ ചില്ല്; തലയിൽ കൈവച്ച് താരം– വിഡിയോ
Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിൽ ക്രിക്കറ്റ് താരം സിക്സ് നേടാനായി ഉയര്‍ത്തിയടിച്ച പന്ത് തട്ടി അതേ താരത്തിന്റെ തന്നെ കാറിന്റെ ഗ്ലാസ് തകര്‍ന്നു. ഇംഗ്ലണ്ടിലെ യോർക്‌ഷെയറിൽ നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. ഗ്രൗണ്ടില്‍ ഇല്ലിങ്‍വർത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബും സോവര്‍ബി സെന്റ് പീറ്റേഴ്സ് ക്ലബും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കുകയാണ്. സെന്റ് മേരീസ് താരമായ ആസിഫ് അലിയാണു ബാറ്റ് ചെയ്യുന്നത്. തകർപ്പനൊരു സിക്സർ പറത്തിയ ശേഷം ആസിഫ് അലിക്ക് സന്തോഷമല്ല, പകരം സങ്കടമാണുണ്ടായത്.
ബൗണ്ടറി കടന്നു പോയ പന്ത് ചെന്നുവീണത് താരത്തിന്റെ തന്നെ കാറിന് മുകളിൽ. കാറിന്റെ പിറകുവശത്തെ ചില്ല് തവിടുപൊടി. തലയിൽ കൈവച്ച് സംഭവം നോക്കി നില്‍ക്കാനേ ആസിഫ് അലിക്കു സാധിച്ചുള്ളൂ. താരത്തിന്റെ പ്രതികരണം കണ്ട് എതിരാളികളും അംപയറുമുൾപ്പെടെ ചിരിച്ചുപോയി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആസിഫ് അലി കളിക്കുന്ന ഇലിങ്‍വർത്ത് സെന്റ് മേരീസ് ക്ലബ് തന്നെയാണു സംഭവത്തിന്റെ വിഡിയോ ട്വിറ്ററിൽ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഗ്ലാസ് തകർന്ന കാറിന്റെ ചിത്രവും പുറത്തുവന്നു.
മത്സരത്തിൽ ആസിഫ് അലി 43 റൺസെടുത്തെങ്കിലും സെന്റ് മേരീസ് ടീം കളി ഏഴു വിക്കറ്റിന് തോറ്റു. ഹാലിഫാക്സ് ക്രിക്കറ്റ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. 2020 ഓഗസ്റ്റിൽ അയർലൻഡിന്റെ രാജ്യാന്തര താരം കെവിൻ ഒബ്രയാനും മത്സരത്തിനിടെ സ്വന്തം കാറിന്റെ ഗ്ലാസ് തകർത്തിരുന്നു. ഡബ്ലിനിലെ പെംബ്രോക് ക്രിക്കറ്റ് ക്ലബിൽ കളിക്കുന്നതിനിടെ താരം ഉയർത്തിയടിച്ച പന്ത് സ്വന്തം കാറിന്റെ തന്നെ ഗ്ലാസിൽ പതിക്കുകയായിരുന്നു. തുടർന്ന് കാർ നേരെയാക്കിയ ശേഷമാണ് ഐറിഷ് താരം മടങ്ങിയത്.
English Summary: Club cricketer smashes the windscreen of his own car with a six, video goes viral