സതാംപ്ടനില് അവസാനിക്കാതെ മഴക്കളി; നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു
Mail This Article
സതാംപ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ നാലാം ദിനവും മഴ കളി മുടക്കി. നാലാം ദിവസത്തെ കളി ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമായ നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് പുനരാരംഭിക്കാനിരിക്കെയാണ് മത്സരം മഴമൂലം വൈകിയത്. കാലാവസ്ഥയിൽ മാറ്റമില്ലാതിരുന്നതോടെ തിങ്കളാഴ്ചത്തെ കളിയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസ് ന്യൂസീലൻഡ്, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (12), റോസ് ടെയ്‌ലർ (0) എന്നിവർ പുറത്താകാതെ നിൽക്കുന്നു. ഒന്നാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരുടെ വിക്കറ്റാണ് ന്യൂസീലൻഡിന് ഇതുവരെ നഷ്ടമായത്. ഇതിൽ ഡിവോൺ കോൺവേ അർധസെഞ്ചുറി നേടി. 153 പന്തുകൾ നേരിട്ട കോൺവേ 54 റൺസെടുത്തു. ടോം ലാഥം 104 പന്തിൽ 30 റൺസും നേടി. ഇന്ത്യയ്ക്ക് ലഭിച്ച രണ്ടു വിക്കറ്റുകൾ ഇഷാന്ത് ശർമ, രവിചന്ദ്രൻ അശ്വിൻ എന്നിവർ പങ്കിട്ടു.
രണ്ടാം ദിനത്തിലെ ചെറുത്തുനിൽപിനുശേഷം ഞായറാഴ്ച കൂട്ടത്തകർച്ച നേരിട്ടാണ് ഇന്ത്യ 217നു പുറത്തായത്. 5 വിക്കറ്റുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചതു ജയ്മിസനാണ്. ട്രെന്റ് ബോൾട്ട്, നീൽ വാഗ്നർ എന്നിവർ 2 വിക്കറ്റ് വീതം നേടി. മഴമൂലം അര മണിക്കൂർ വൈകിത്തുടങ്ങിയ 3–ാം ദിനത്തിൽ 3ന് 146ൽ ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 71 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓൾഔട്ടായി. അവസാന 3 വിക്കറ്റുകൾ വീണത് 4 പന്തുകൾക്കിടയിൽ. തലേന്നു ക്രീസിൽ കരുതലോടെ നിലയുറപ്പിച്ച കോലിക്ക് (44) ഇന്നലെ ഒരു റൺ പോലും നേടാനായില്ല. പുറത്തായപ്പോൾ റിവ്യൂ കൊടുത്തെങ്കിലും രക്ഷപ്പെട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് 576–ാം ദിവസം പിന്നിട്ടു.
ആദ്യത്തെ 19 പന്തുകളിൽ റണ്ണൊന്നുമെടുക്കാതെ പ്രതിരോധിച്ച ഋഷഭ് പന്ത് പക്ഷേ, ജയ്മിസന്റെ വൈഡ് ബോൾ ബാറ്റു വീശി പിടിക്കാൻ നോക്കി സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി; 4 റൺസ്. നീൽ വാഗ്നറുടെ ഷോർട് ബോളിൽ കൃത്യതയില്ലാത്ത പുൾഷോട്ടിനു മുതിർന്ന രഹാനെയെ (49) സ്ക്വയർ ലെഗിൽ ടോം ലാതം പിടികൂടി (49). രഹാനെയാണു ടോപ് സ്കോറർ.
English Summary: India vs New zealand, world test championship final