ADVERTISEMENT

വാൽ.... വാൽ തന്നെയാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. സ്വന്തം വാൽ അവസരത്തിനൊത്ത് വളരുന്നില്ല, എതിരാളികളുടെ വാൽ പെട്ടന്ന് മുറിച്ചു കളയാനും കഴിയുന്നില്ല. ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിന് വർഷങ്ങളായി വിട്ടുമാറാത്ത തലവേദനയാണ് വാലറ്റത്തിന്റെ ബാറ്റിങ് പിടിപ്പുകേട്. ശാപത്തിന്റെ വിപരീതമെന്നോണം എതിരാളികളുടെ ആദ്യ 6 വിക്കറ്റുകൾ പെട്ടന്നു വീഴ്ത്തുന്ന ഇന്ത്യയ്ക്ക് അവരുടെ വാൽനിരയെ വീഴ്ത്താൻ വലിയ വിലയും നൽകേണ്ടി വരുന്നു.

എത്രയെത്ര ടെസ്റ്റ് മത്സരങ്ങളിലാണ് കണ്ണടയ്ക്കും വേഗം ഇന്ത്യ ഓൾഔട്ടാകുന്നത് കണ്ടിട്ടുള്ളത്. വാലറ്റത്തിന്റെ കൂട്ടുപിടിച്ച് എതിർടീമിലെ ഒരേയൊരാൾ കളി കയ്യിൽനിന്ന് തട്ടിയെടുക്കുന്നതിന്റെ വേദനയുടെ നീറ്റൽ എത്രയോ വട്ടം ആരാധകർ അനുഭവിച്ചു കഴിഞ്ഞു. ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലും ഈ തിരക്കഥയുടെ തനിയാവർത്തനമായിരുന്നു.

∙ വാൽ മുറിച്ചിട്ട് ഓടി!

ന്യൂസീലൻഡിനെതിരായ ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ 5 വിക്കറ്റിന് 182 എന്ന നിലയിൽനിന്നാണ് ഇന്ത്യ 217 റൺസിന് ഓൾഔട്ടായത്. രണ്ടാം വരവിൽ 5ന് 142 എന്നതാണ് 170 എന്ന ടോട്ടലിൽ ഒതുങ്ങിയത്. വല്ലപ്പോഴും ഭേദപ്പെട്ട പ്രകടനം ബാറ്റുകൊണ്ടു കാഴ്ച വച്ചിട്ടുള്ള ഇഷാന്ത് ശർമയ്ക്ക് പിടിച്ചു നിൽക്കാനേ കഴിഞ്ഞില്ല. മുഹമ്മദ് ഷമിക്കാണെങ്കിൽ വലിച്ചടിക്കാനല്ലാതെ പ്രതിരോധം വശമില്ല. ബുമ്രയുടെ കാര്യം പറയാനുമില്ല. 5 പന്ത് പിടിച്ചു നിൽക്കുന്നതു തന്നെ കഷ്ടിയാണ്.

മറുവശത്ത് കിവീസ് 5ന് 162 എന്ന അവസ്ഥയിൽനിന്നാണ് കൈൽ ജയ്മിസന്റെയും ടിം സൗത്തിയുടെയും പോരാട്ടമികവിൽ 249 എന്ന ഗെയിം ചെയ്ഞ്ചിങ് സ്കോറിലെത്തി ലീഡ് പിടിച്ചത്. ഇവരെയൊന്നും ബാറ്റുയർത്തും മുൻപ് പവിലിയനിലേക്കു പറഞ്ഞയയ്ക്കാൻ ഇന്ത്യൻ ബോളർമാർക്കാകുന്നില്ല. ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ സാം കറൻ മാത്രം വാലറ്റത്തെ കൂട്ടുപിടിച്ച് രണ്ട് ടെസ്റ്റിന്റെയെങ്കിലും ഗതി മാറ്റിയിരുന്നല്ലോ.

ഇന്ത്യൻ വാലറ്റത്തിന്റെ പ്രകടനത്തിന് ഒരപവാദമായിരുന്നു ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ചരിത്രവിജയം. അന്ന് അപ്രതീക്ഷിത പ്രകടനമാണ് ഷാർദുൽ ഠാക്കൂറും വാഷിങ്ടൺ സുന്ദറും ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് നടത്തിയത്. ആദ്യ ഇന്നിങ്സിൽ അർധശതകങ്ങൾ നേടിയ സുന്ദറും ഷാർദൂലുമാണ് സെഞ്ചുറി കൂട്ടുകെട്ടുമായി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

ആറിന് 186 എന്ന സ്കോറിൽനിന്ന് 7ന് 309ൽ ഇരുവരുമെത്തിക്കുമ്പോഴേക്കും ഇന്ത്യൻ ഡ്രെസിങ് റൂമിന്റെയാകെ ശരീരഭാഷ മാറിയിരുന്നു. വാൽ ശക്തമാണെന്ന ധൈര്യമാണ് രണ്ടാം ഇന്നിങ്സിൽ 329 റൺസ് ചേസ് ചെയ്ത് ജയിക്കാൻ ഇന്ത്യയ്ക്ക് ആത്മവിശ്വാസമായത്.

∙ കളി മാറുമോ

ഫൈനൽ തോൽവിക്കുശേഷം ടീമിൽ മാറ്റങ്ങൾ വന്നേക്കുമെന്ന സൂചന നായകൻ വിരാട് കോലി നൽകിക്കഴിഞ്ഞു. വരുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കു മുന്നോടിയായി വാലറ്റത്തിന്റെ ശാക്തീകരണം ഒരുപക്ഷേ കോലിയുടെ മനസ്സിലുണ്ടാകാം. അങ്ങനെവന്നാൽ ഷാർദുൽ ഠാക്കൂറിനു നറുക്കുവീഴും. സ്വിങ് ബോളറില്ലാത്തത് ഫൈനലിൽ ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ച കുറച്ചിരുന്നു.

മോശമല്ലാതെ സ്വിങ് ചെയ്യിക്കുന്നതും ബാറ്റിങ്ങും ഷാർദുലിനുള്ള അനുകൂല ഘടകങ്ങളാണ്. ഭാവിയിൽ ബോളർമാർക്ക് ബാറ്റിങ് പരിശീലനത്തിന് കൂടുതൽ അവസരം നൽകുന്നതും കോലിയുടെ പദ്ധതികളിലുണ്ടാകാം. 40– 50 റൺസെങ്കിലും 9, 10, 11 സ്ഥാനക്കാർക്ക് സമ്മാനിക്കാനായാൽ അത് ഇന്ത്യൻ ബാറ്റിങ്ങിന് നൽകുന്ന കരുത്ത് ചെറുതല്ല.

English Summary: India's never-ending misery against the tailenders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com