വേതനത്തിൽ തീരാത്ത തർക്കം; ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് മാത്യൂസ്
Mail This Article
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽനിന്ന് സീനിയർ താരം എയ്ഞ്ചലോ മാത്യൂസ് പിൻമാറി. പരമ്പരയ്ക്കായി തിരഞ്ഞെടുത്ത 30 അംഗ ശ്രീലങ്കൻ സംഘത്തിലെ 29 പേരും ലങ്കൻ ക്രിക്കറ്റ് ബോർഡുമായി കരാറിൽ ഒപ്പുവച്ചപ്പോൾ മാത്യൂസ് പിൻമാറുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാൽ അവധി വേണമെന്നു മാത്യൂസ് ആവശ്യപ്പെട്ടതായാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, വേതനം സംബന്ധിച്ച് കളിക്കാരും ലങ്കൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കമാണു പിൻമാറ്റത്തിനു കാരണമെന്നു റിപ്പോർട്ടുണ്ട്. മാത്യൂസ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.
ശ്രീലങ്കൻ താരങ്ങൾ ലങ്കൻ ക്രിക്കറ്റ് ബോർഡുമായി വേതന കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചത് നേരത്തേ വിവാദമായിരുന്നു. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രണ്ടാം നിര ടീമിനെ കളത്തിലിറക്കുമെന്നു ബോർഡ് അന്ത്യശാസനം പുറപ്പെടുവിച്ചതോടെയാണു താരങ്ങൾ വഴങ്ങിയത്. എന്നാൽ വാർഷിക കരാറിനു പകരം ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ധാരണാപത്രത്തിൽ മാത്രമാണ് ഇന്നലെ കളിക്കാർ ഒപ്പിട്ടത്. 3 വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പര 13ന് ആരംഭിക്കും.
English Summary: Mathews out of India series due to 'personal reasons'