ADVERTISEMENT

സെന്റ് ലൂസിയ∙ ഈ വർഷത്തെ ട്വന്റി20 ലോക കിരീടം സ്വപ്നം കാണുന്ന എല്ലാ ടീമുകളും ജാഗ്രതൈ! ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പിനു ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ കരീബിയൻ കരുത്തിന്റെ വിളംബരമായി ഓസീസിനെതിരെ തകർപ്പൻ പരമ്പര നേട്ടവുമായി വെസ്റ്റിൻഡീസിന്റെ അവതാരം. ഇവിടെ പര്യടനം നടത്തുന്ന ഓസ്ട്രേലിയയെ തുടർച്ചയായ മൂന്നാം മത്സരത്തിലും തറപറ്റിച്ച വിൻഡീസ്, അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഉറപ്പാക്കി.

സെന്റ് ലൂസിയയിലെ ഡാരൻ സമി സ്റ്റേഡിയത്തിൽ സിക്സർ മഴ പെയ്യിച്ച് ഈ വിൻഡീസ് വിജയത്തിന്റെ മുഖ്യ കാർമികനായത് ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്‍ലും! 38 പന്തുകൾ നേരിട്ട ഗെയ്‍ൽ നാലു ഫോറും ഏഴു സിക്സറും സഹിതം അടിച്ചുകൂട്ടിയത് 67 റൺസ്! ഈ ഇന്നിങ്സിനിടെ ട്വന്റി20 ഫോർമാറ്റിൽ 14,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും നാൽപ്പത്തിരണ്ടുകാരനായ ഗെയ്‍ൽ സ്വന്തമാക്കി. ഗെയ്‍ലാണ് കളിയിലെ കേമൻ.

മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അവർക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്. 29 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 33 റൺസെടുത്ത മോയ്സസ് ഹെൻറിക്വസായിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 31 പന്തുകൾ ബാക്കിനിർത്തി നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ 3–0ന് മുന്നിൽ!

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഓപ്പണർമാരായ മാത്യു വെയ്ഡും (16 പന്തിൽ 23), ആരോൺ ഫിഞ്ചും (31 പന്തിൽ 30) ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും പിന്നീടു വന്നവർക്ക് അതു മുതലാക്കാനായില്ല. മിച്ചൽ മാർഷ് (12 പന്തിൽ ഒൻപത്), അലക്സ് കാരി (ഒൻപത് പന്തിൽ 13), ഹെൻറിക്വസ് (29 പന്തിൽ 33), ആഷ്ടൺ ടേണർ (22 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. വിൻഡീസിനായി ഹെയ്ഡൻ വാൽഷ് നാല് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഡ്വെയിൻ ബ്രാവോ, ഫാബിയൻ അലൻ, ഓബദ് മക്കേ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ മൂന്നാം പന്തിൽത്തന്നെ ഓപ്പണർ ആന്ദ്രേ ഫ്ലെച്ചർ നാലു റൺസുമായി പുറത്ത്. ലെൻഡ്‌ൽ സിമ്മൺസ് 13 പന്തിൽ 15 റൺസെടുത്തും മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ക്രിസ് ഗെയ്‍ൽ – നിക്കോളാസ് പുരാൻ സഖ്യം വിൻഡീസിനെ രക്ഷപ്പെടുത്തി. 37 പന്തിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 67 റൺസ്. ഗെയ്‍ൽ 38 പന്തിൽ നാലു ഫോറും ഏഴു സിക്സും സഹിതം 67 റൺസെടുത്ത് പുറത്തായപ്പോൾ, പുരാൻ 27 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു. ഡ്വെയിൻ ബ്രാവോയും ഏഴു റൺസുമായി മടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തിൽ സിക്സറടിച്ച് ആന്ദ്രെ റസ്സൽ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. പിന്നീട് ഇതേ ഓവറിൽ ഇരട്ട ഫോറുമായി പുരാൻ വിൻഡീസ് വിജയം യാഥാർഥ്യമാക്കി.

English Summary: West Indies vs Australia, 3rd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com