ട്വന്റി20 ലോകകപ്പ് ടീമിൽ സഞ്ജുവിന്റെ വഴി അടയുന്നു? കൈവിടാതെ ദ്രാവിഡ്!
Mail This Article
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ലഭിച്ച അവസരം മുതലാക്കാനാകാതെ പോയ മലയാളി താരം സഞ്ജു സാംസൺ ഒക്ടോബറിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തേക്കോ? വിരാട് കോലിയെയും രോഹിത് ശർമയെയും പോലുള്ള ലോകോത്തര താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യ 11ൽ ഇടംപിടാക്കാൻ ഈ പ്രകടനം മതിയാകില്ലെന്ന കാര്യത്തിൽ സഞ്ജുവിന്റെ കടുത്ത ആരാധകർക്കു പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ ഇടയില്ല.
ട്വന്റി20 പരമ്പരയിലെ 3 മത്സരങ്ങളിൽ 34 റൺസാണു സഞ്ജുവിനു നേടാനായത്. കോവിഡ് പോസിറ്റീവായ ക്രുനാൽ പാണ്ഡ്യയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെ പ്രമുഖ താരങ്ങൾ കൂട്ടത്തോടെ പുറത്തിരുന്ന രണ്ട്, മൂന്ന് ട്വന്റി20കളിൽ തിളക്കമാർന്ന പ്രകടനത്തോടെ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള സുവർണാവസരം കൂടിയാണു സഞ്ജു നഷ്ടമാക്കിയത്.
11.33 മാത്രമാണു പരമ്പരയിലെ സഞ്ജുവിന്റെ ശരാശരി. 94.44 ആണ് സ്ട്രൈക്ക് റേറ്റ്. ഉജ്വല ഫോമിൽ പന്തെറിഞ്ഞ സ്പിന്നർ വാനിന്ദു ഹസാരങ്കയാണു 3 കളിയിലും സഞ്ജുവിനെ വീഴ്ത്തിയത്. പരമ്പരിയിൽ നിരാശപ്പെടുത്തിയതിനു പിന്നാലെ സഞ്ജുവിനെതിരെ കടുത്ത ട്രോളുകളുമായി ഉത്തരേന്ത്യയിൽനിന്നുള്ള ആരാധകരും രംഗത്തെത്തി. ലോകകപ്പിനു മുൻപായി നടക്കാനുള്ളത് ഐപില്ലിലെ അവേശേഷിക്കുന്ന മത്സരങ്ങൾ മാത്രമാണെന്നിരിക്കെ, സഞ്ജുവിന്റെ ഭാവി എന്താകും എന്നു കാത്തിരുന്നു തന്നെ കാണണം.
∙ പ്രതിഭയും സ്ഥിരതയും
സഞ്ജുവിന്റെ ബാറ്റിങ് മികവിന്റെ കാര്യത്തിൽ സംശയമേ ഉദിക്കുന്നില്ലെങ്കിലും സ്ഥിരതതന്നെയാണു പ്രശ്നമായി തുടരുന്നത്. ഇതുവരെ കളിച്ച 10 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 117 റൺസാണു സഞ്ജുവിന്റെ സമ്പാദ്യം. 19, 6, 8, 2, 23, 15, 10, 27, 7, 0, എന്നിങ്ങനെയാണു സ്കോറുകൾ. എല്ലാ കളികളിലും ബാറ്റു ചെയ്തത് ആദ്യ 4 സ്ഥാനങ്ങളിൽ. സ്ഥിരത നിലനിർത്താനാകാത്തതു തന്നെയാണു ഐപിഎൽ കരിയറിലും സഞ്ജുവിന്റെ പ്രശ്നം.
ഐപിഎല്ലിൽ 27 തവണയാണു 20–50 സ്കോറിനിടെ സഞ്ജു പുറത്തായത്. വമ്പൻ ഇന്നിങ്സുകൾക്കിടയിലും സ്ഥിരതയില്ലായ്മ വീണ്ടും ചോദ്യം ഉയർത്തുന്നതിന്റെ കാരണവും ഇതുതന്നെ. ബാറ്റിങ് സ്ഥിരതയിൽ വലിയ കാര്യമില്ലെന്നു രണ്ടു വർഷങ്ങൾക്കു മുൻപു സഞ്ജുതന്നെ പ്രതികരിച്ചിട്ടുണ്ട്. ‘മറ്റു താരങ്ങളിൽനിന്ന് അൽപം വ്യത്യസ്തനാണു ഞാൻ. ബോളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കണമെന്നു തോന്നിയാൽ ഞാൻ അതു ചെയ്തിരിക്കും,’ സഞ്ജുവിന്റെതന്നെ വാക്കുകൾ.
∙ കൈവിടാതെ ദ്രാവിഡ്
പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിനെ കോച്ച് രാഹുൽ ദ്രാവിഡ് പൂർണമായി കൈവിട്ടില്ല. മൂന്നാം ട്വന്റി20ക്കു ശേഷം ദ്രാവിഡിന്റെ പ്രതികരണം ഇങ്ങനെ, ‘ സത്യം പറഞ്ഞാൽ ഈ വിക്കറ്റിൽ ബാറ്റിങ് ഏറെ ദുഷ്കരമായിരുന്നു. ഏകദിനത്തിൽ ലഭിച്ച അവസരം ശരിക്കു മുതാലാക്കിയ സഞ്ജുവിനു 46 റൺസും നേടാനായി. 26 റൺസെടുത്ത ആദ്യ ട്വന്റി20യിലും സഞ്ജു നന്നായി ബാറ്റു ചെയ്തു.
എന്നാൽ പിന്നീടുള്ള മത്സരങ്ങളിലെ വിക്കറ്റ് കനത്ത വെല്ലുവിളി ഉയർത്തുന്നതായിരുന്നു. പരമ്പരയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോൾ നിരാശയുണ്ട്. ഇതു സഞ്ജുവിന്റെ കാര്യത്തിൽ മാത്രമല്ല. പരമ്പരയിൽ അവസരം ലഭിച്ച പല യുവതാരങ്ങളും പ്രതിഭകൾതന്നെയാണ്. എന്നാൽ പ്രതിഭയ്ക്കൊപ്പം ക്ഷമയും അനിവാര്യമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ അതിജീവിക്കുമ്പോൾ മാത്രമേ ഇവരുടെ മികവ് ഉയരുകയുള്ളു.’
English Summary: India tour of Sri Lanka: Sanju Samson flatters to deceive, T20 World Cup chances hang by a thread