ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് ‘മോഷ്ടിച്ച’ പിച്ച് റോളർ എന്ന ഉപകരണം തിരികെ നൽണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം പർവേസ് റസൂലിന് അധികൃതരുടെ നോട്ടിസ്! പിച്ച് റോളർ തിരികെ നൽകിയില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടിസിന്റെ ഉള്ളടക്കം. ഇന്ത്യയ്ക്കായി രാജ്യാന്തര വേദിയിൽ കളിക്കുകയും ജീവിതം തന്നെ ജമ്മു കശ്മീർ ക്രിക്കറ്റിനായി നൽകുകയും ചെയ്ത ഒരു താരത്തിനോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന ചോദ്യവുമായി പർവേസ് റസൂലും രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടരുകയാണ്. ഇന്ത്യയ്ക്കായി ഒരു ഏകദിനവും ഒരു ടെസ്റ്റും കളിച്ചിട്ടുള്ള താരമാണ് റസൂൽ.

പിച്ച് റോളർ കൈക്കലാക്കിയെന്ന ആരോപണം റസൂൽ നിഷേധിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിയമിച്ച മൂന്നംഗ സബ് കമ്മിറ്റിയിൽ അംഗമായ ബിജെപി വക്താവ് കൂടിയായ ബ്രിഗേഡിയർ (റിട്ടയേർഡ്) അനിൽ ഗുപ്തയുടെ നേതൃത്വത്തിലാണ് താരത്തിന് നോട്ടിസ് നൽകിയത്.

എന്നാൽ, കമ്മിറ്റി നൽകിയ നോട്ടിസിന് അനാവശ്യ പ്രചാരം നൽകി വിവാദമാക്കാനാണ് ശ്രമമെന്ന് അനിൽ ഗുപ്ത ‘ദ ഇന്ത്യൻ എക്സ്പ്രസി’നോട് പ്രതികരിച്ചു. ജമ്മു കശ്മീരിലെ എല്ലാ ജില്ലാ അസോസിയേഷനുകളെയും ബന്ധപ്പെടാനുള്ള വിലാസം ലഭ്യമല്ലെന്നും, അതുകൊണ്ട് ഓരോ ജില്ലയിൽനിന്നും പരിചയമുള്ളവരുടെ പേരിൽ നോട്ടിസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഗുപ്ത വ്യക്തമാക്കി. റസൂലിന്റെ ജില്ലയിൽനിന്ന് സംസ്ഥാന അസോസിയേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് അദ്ദേത്തിന്റെ പേരായതിനാലാണ് അദ്ദേഹത്തിന് നോട്ടിസ് അയച്ചതെന്നും ഗുപ്ത വ്യക്തമാക്കി.

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലക്കാരനാണ് പർവേസ് റസൂൽ. പിച്ച് റോളർ തിരികെ നൽണമെന്ന് ആവശ്യപ്പെട്ട് ആദ്യം അനന്ത്നാഗ് ജില്ലക്കാരനായ മുഹമ്മദ് ഷാഫി എന്നയാൾക്കാണ് കമ്മിറ്റി നോട്ടിസ് അയച്ചത്. പ്രതികരണമില്ലാതെ വന്നതോടെയാണ് പർവേസ് റസൂലിന്റെ പേരിൽ നോട്ടിസ് നൽകിയത്.

പർവേസ് റസൂലിന് മാത്രമല്ല, എല്ലാ ജില്ലാ അസോസിയേഷൻ പ്രതിനിധികൾക്കും ഇത്തരത്തിൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും ഗുപ്ത വ്യക്തമാക്കി. ജില്ലാ അസോസിയേഷനുകളിൽനിന്ന് യാതൊരു രേഖകളുമില്ലാതെയാണ് ക്രിക്കറ്റ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ഈ സാഹചര്യത്തിൽ ഓരോ ജില്ലയിൽനിന്നും സംസ്ഥാന അസോസിയേഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന പേരിലേക്ക് നോട്ടിസ് അയച്ചുവെന്നേ ഉള്ളൂവെന്നും ഗുപ്ത വ്യക്തമാക്കി. കൃത്യമായ കണക്കുകളും രേഖകളും ഉൾപ്പെടുത്തി ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

പർവേസ് റസൂലിന് ലഭിച്ച നോട്ടിസിലെ പരാമർശങ്ങൾ ഇങ്ങനെ:

‘ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഉപകരണങ്ങൾ താങ്കൾ കൈവശം വച്ചിട്ടുണ്ട്. നിയമ ലംഘനത്തിന് പൊലീസ് നടപടികളിലേക്ക് ഉൾപ്പെടെ കടക്കാതിരിക്കുന്നതിനും പരസ്പര ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ആ ഉപകരണങ്ങളെല്ലാം തിരികെ നൽകാൻ  അഭ്യർഥന. അല്ലെങ്കിൽ താങ്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് അധികാരമുണ്ടായിരിക്കും.’

ഇതിന് റസൂലിന്റെ മറുപടി ഇങ്ങനെ:

‘ഇന്ത്യയ്ക്കായി കളിച്ച ജമ്മു കശ്മീരിൽനിന്നുള്ള ആദ്യത്തെ ക്രിക്കറ്റ് താരമാണ് ഞാൻ. ഐപിഎലിലും ദുലീപ് ട്രോഫിയിലും ദിയോദർ ട്രോഫിയിലും ഇന്ത്യ എയ്ക്കായും ബോർഡ് പ്രസിഡന്റ് ഇലവനായും ഇറാനി ട്രോഫിയിലും കളിച്ചിട്ടുണ്ടെന്നു മാത്രമല്ല, ജമ്മു കശ്മീർ ടീമിനെ ആറു വർഷത്തോളം നയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു തവണ ബിസിസിഐയുടെ മികച്ച ഓൾറൗണ്ടർക്കുള്ള പുരസ്കാരം നേടിയ ജമ്മു കശ്മീരിൽനിന്നുള്ള ഏക ക്രിക്കറ്റ് താരം കൂടിയാണ് ഞാൻ. ഇതിനിടെയാണ് ഞാൻ പിച്ച് റോളർ എടുത്തുവെന്ന് ആരോപിച്ച് നോട്ടിസ് ലഭിച്ചത്. ഇത് തികച്ചും നിർഭാഗ്യകരമാണ്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ പിച്ച് റോളറൊന്നും ഞാൻ എടുത്തിട്ടില്ല എന്ന് വ്യക്തമാക്കട്ടെ. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കളിക്കാരനാണ് ഞാൻ. ജമ്മു കശ്മീരിനുവേണ്ടി ജീവിതം പൂർണമായും സമർപ്പിച്ച ഒരു രാജ്യാന്തര ക്രിക്കറ്റ് താരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? എല്ലാ ജില്ലകളിലും സംസ്ഥാന അസോസിയേഷന് ശാഖകളുണ്ട്. ഉപകരണങ്ങൾ കാണാതെ പോയിട്ടുണ്ടെങ്കിൽ അവരോടാണ് അന്വേഷിക്കേണ്ടത്. അല്ലാതെ എന്നോടല്ല.’

English Summary: JKCA accuses cricketer Parvez Rasool of stealing pitch roller; he says ‘unfortunate’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com