ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തി. നെറ്റ് ബോളറായി ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയ കർണാടകക്കാരൻ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയ വിവരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ) പുറത്തുവിട്ടത്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കൂറ്റൻ തോൽവിക്കു പിന്നാലെ ടീമിൽ അഴിച്ചുപണിക്കു സാധ്യതയുണ്ടെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി സൂചിപ്പിച്ചിരുന്നു. ഇതോടെ, നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണ കളിക്കാൻ സാധ്യതയേറി.

ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ കർണാടകയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ച താരമാണ് പ്രസിദ്ധ് കൃഷ്ണ. ഒൻപത് ഫസ്റ്റ് ക്ലാസ് മത്സറങ്ങളിൽനിന്ന് 20ന് മുകളിൽ ശരാശരിയിൽ 34 വിക്കറ്റുകളാണ് പ്രസിദ്ധ് നേടിയത്. തുടർന്നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബോളറായി ഉൾപ്പെടുത്തിയത്.

‘ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരം സീനിയർ ടീമിന്റെ സിലക്ഷൻ കമ്മിറ്റി പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ റിസർവ് താരമായിരുന്ന പ്രസിദ്ധ്, ഇംഗ്ലണ്ട് പര്യടനത്തിന്റെ ആരംഭം മുതൽ ടീമിനൊപ്പമുണ്ട്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഓവലിൽ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും’ – ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

നാലാം ടെസ്റ്റിനു മുന്നോടിയായി ടീമിൽ അഴിച്ചുപണിയുണ്ടാകുമെന്ന് മൂന്നാം ടെസ്റ്റിലെ കൂറ്റൻ തോൽവിക്കു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലി സൂചിപ്പിച്ചിരുന്നു. ടീമിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് കോലിയുടെ പ്രസ്താവന ഇങ്ങനെ:

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമിൽ മാറ്റം അനിവാര്യമാണെന്ന് കരുതുന്നു. ടീമിലെ ഒരു താരത്തെയും കൂടുതൽ ജോലിയെടുപ്പിച്ച് പരുക്കിന്റെ പിടിയിലേക്ക് തള്ളിയിടാനാകില്ല. താരങ്ങൾക്ക്് ഇത്തരത്തിൽ തുടർച്ചയായി ടെസ്റ്റ് മത്സരങ്ങൾ കളിക്കാനാകാത്ത സാഹചര്യം തീർച്ചയായും ചർച്ച ചെയ്യും. അഞ്ചാം ടെസ്റ്റിനു മുന്നോടിയായി വിശ്രമം ആവശ്യമുള്ളവർ ആരൊക്കെയെന്ന് കണ്ടെത്തി വേണ്ടതു ചെയ്യും’ – കോലി പറഞ്ഞു.

English Summary: Prasidh Krishna added to Team India's squad for 4th Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com