ADVERTISEMENT

മുംബൈ∙ ഇപ്പോൾത്തന്നെ ആറു പേസ് ബോളർമാരുള്ള ഇന്ത്യൻ ടീമിലേക്ക് റിസർവ് താരങ്ങളുടെ കൂട്ടത്തിൽനിന്ന് കർണാടകക്കാരൻ പ്രസിദ്ധ് കൃഷ്ണയെക്കൂടി ഉൾപ്പെടുത്തിയതിൽ അദ്ഭുതം പ്രകടിപ്പിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓവലിൽ ഇന്ന് ആരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായിട്ടാണ് റിസർവ് താരമായിരുന്ന പ്രസിദ്ധ് കൃഷ്ണയെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയത്. ടീം മാനേജ്മെന്റിന്റെ ആവശ്യം പരിഗണിച്ചാണ് ഇതെന്ന് ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. യുട്യൂബിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ചോപ്ര ഈ തീരുമാനത്തിൽ അദ്ഭുതം പ്രകടിപ്പിച്ചത്.

ഇന്ത്യൻ ടീം എപ്പോഴൊക്കെ പ്രതിസന്ധി നേരിട്ടാലും ആശ്രയിക്കുന്ന വ്യക്തിയാണ് പ്രസിദ്ധ് കൃഷ്ണയെന്ന് ചോപ്ര പരിഹസിച്ചു. എന്തിനാണ് താരത്തെ ഇപ്പോള്‍ ടീമിൽ ഉൾപ്പെടുത്തിയതെന്ന് ചോപ്ര ചോദിച്ചു.

‘ഇന്ത്യൻ ടീം എപ്പോഴൊക്കെ പ്രതിസന്ധിയിൽ അകപ്പെട്ടാലും ആദ്യം വിളിക്കുക കൃഷ്ണയെയാണ്. ഇത്തവണയും പ്രസിദ്ധ് കൃഷ്ണയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നേയില്ല’ – ചോപ്ര പറഞ്ഞു.

ഇപ്പോൾത്തന്നെ ഇന്ത്യൻ ടീമിൽ പേസ് ബോളർമാർ ആവശ്യത്തിലധികമുണ്ടെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

‘ഇതുവരെ ഇന്ത്യയുടെ റിസർവ് വിഭാഗത്തിൽ അംഗമായിരുന്നു പ്രസിദ്ധ് കൃ‍ഷ്ണ. ഇന്ത്യൻ ടീമിലാകട്ടെ നിലവിൽ ആറു പേസ് ബോളർമാരുമുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവർക്കു പുറമെ ഷാർദുൽ ഠാക്കൂറും ഉമേഷ് യാദവുമുണ്ട്. ഇവരിൽ നാലു പേർ കഴിഞ്ഞ ടെസ്റ്റിൽ കളിച്ചിരുന്നു. ഇനിയും രണ്ടു പേർ പുറത്തുമുണ്ടെന്ന് ചുരുക്കം. ഇവരിലാർക്കും പരുക്കുള്ളതായി സൂചനകളില്ല. എന്നിട്ടും എന്തിനാണ് പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത്?’ – ചോപ്ര ചോദിച്ചു.

ഇരുപത്തഞ്ചുകാരനായ പ്രസിദ്ധ് കൃഷ്ണയ്ക്ക് പ്രസിദ്ധനാകാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ചോപ്ര പറഞ്ഞു.

‘ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഓവൽ ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം ലഭിക്കുമോയെന്ന് ആർക്കും നിശ്ചയമില്ല. ആര്‍ക്കെങ്കിലും പകരക്കാരനായിട്ടാണോ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമല്ല. എന്തായാലും പ്രസിദ്ധ് കൃഷ്ണയ്ക്ക് പ്രസിദ്ധനാകാനുള്ള അവസരമാണിത്. അദ്ദേഹത്തിന് അവസരം കിട്ടിയാൽ കൊള്ളാമെന്നുതന്നെ ഞാൻ പറയും’ – ചോപ്ര വ്യക്തമാക്കി.

English Summary: Aakash Chopra speaks on Prasidh Krishna's inclusion in India's squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com