‘ഇന്ത്യ ക്രിക്കറ്റിനെ നിരാശപ്പെടുത്തി’: ജാർവോയെ ഓർക്കുന്നില്ലേ? നാണമില്ലേയെന്ന് ആരാധകർ
Mail This Article
ലണ്ടൻ∙ കോവിഡ് ഭീതിയെത്തുടർന്ന് ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയിലെ 5–ാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. വെള്ളിയാഴ്ച തുടങ്ങാനിരുന്ന മത്സരത്തിന്റെ തലേന്നാണു ടീം ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫിനു കോവിഡ് സ്ഥിരീകരിച്ചത്.
പിന്നീട് ഇന്ത്യൻ താരങ്ങളുടെ ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ മത്സരത്തിന് ഇറങ്ങാൻ ഇന്ത്യൻ താരങ്ങൾ വിമുഖത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും കൂടിയാലോചിച്ചതിനു ശേഷം ഇരു ടീമിലെയും താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം റദ്ദാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. അടുത്ത വർഷം സൗകര്യപ്രദമായ തീയതിയിൽ മത്സരം വീണ്ടും നടത്താനുള്ള സന്നദ്ധത ബിസിസിഐയും അറിയിച്ചിരുന്നു.
എന്നാൽ ഇതിനിടെ, മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ പതിവുപോലെ ഇന്ത്യൻ ആരാധകരെ ‘ചൊറിഞ്ഞ’തോടെയാണു ട്വിറ്ററിൽ വാക്ക്പോരു തുടങ്ങിയത്. ‘ഇന്ത്യ ഇംഗ്ലിഷ് ക്രിക്കറ്റിനെ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ മുൻപ് ഇംഗ്ലണ്ടും നിരാശപ്പെടുത്തിയിട്ടുണ്ടെന്നു സമ്മതിക്കുന്നു’– വോൺ ട്വീറ്റ് ചെയ്തു.
മാഞ്ചസ്റ്ററിലെ അഞ്ചാം ടെസ്റ്റിലും ഇന്ത്യൻ ജയം പ്രതീക്ഷിച്ചിരുന്ന ആരാധകർ എന്തായാലും ഇതുകേട്ടു വെറുതേ ഇരുന്നില്ല. പരമ്പരയ്ക്കിടെ 3 തവണ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ ജാർവോ എന്ന ആരാധകനെ തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ പോലും ഒരുക്കാൻ കഴിയാത്ത ഇംഗ്ലണ്ടാണ് ക്രിക്കറ്റിനെ നിരാശപ്പെടുത്തിയതെന്ന് ഒട്ടേറെ ആരാധകർ തിരിച്ചടിച്ചു.
ബയോ ബബിളുകളോ കോവിഡ് നിയന്ത്രണങ്ങളോ ഇല്ലാതെ എല്ലാവരയെും തുറന്നുവിട്ടിരുന്ന ഇംഗ്ലണ്ടാണ് ഇപ്പോൾ ഇന്ത്യയെ മര്യാദ പഠിപ്പിക്കാൻ വരുന്നതെന്നാണു മറ്റു ചില ആരാധകരുടെ വാദം.
English Summary: Fans Blast ‘Hypocrite’ Vaughan For His ‘Classless’ Tweet About India