ADVERTISEMENT

കേപ്ടൗൺ∙ 20ട്വന്റി ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ വിവേചന പരമായ നടപടികൾക്കെതിരെ കടുത്ത പ്രതികരണവുമായി ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറും മുൻ നായകനുമായ ഗ്രെയിം സ്മിത്ത് കഴിഞ്ഞ വർഷം ആശയവിനിയമം നടത്തിയപ്പോൾ ട്വന്റി20 ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പു നൽകിയിരുന്നതാണെന്നും എന്നാൽ പിന്നിടു തന്നെ ബന്ധപ്പെട്ടില്ലെന്നും താഹിർ പറഞ്ഞു.

‘ടീമിൽനിന്ന് ഒഴിവാക്കിയതിൽ കടുത്ത നിരാശയുണ്ട്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കണമെന്നു കഴിഞ്ഞ വർഷം ഗ്രെയിം സ്മിത്ത് പറഞ്ഞിരുന്നു. കളിക്കുമെന്നു ഞാൻ സ്മിത്തിന് ഉറപ്പു നൽകുകയും ചെയ്തു. എനിക്ക് ഇത്തരത്തിൽ ബഹുമാനം നൽകിയതോർത്ത് അന്ന് എനിക്ക് വളരെ അധികം സന്തോഷംതോന്നി. എന്നെക്കൂടാതെ ഡിവില്ലിയേഴ്സ്, ഡുപ്ലസി എന്നിവരുമായും ആശയവിനിമയം നടത്തുമെന്നും സ്മിത്ത് അന്നു പറഞ്ഞിരുന്നു. പക്ഷേ അതിനുശേഷം ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല.

കുറച്ചു മാസങ്ങൾക്കു ശേഷം സ്മിത്തിനും ടീം പരിശീലകൻ മാർക്ക് ബൗച്ചറിനും ഞാൻ സന്ദേശങ്ങൾ അയച്ചു. എന്നാൽ ഇരുവരും മറുപടി നൽകിയില്ല. ടീം പരിശീലകനായതിനു ശേഷം ബൗച്ചർ ഒരിക്കൽപ്പോലും ‍ഞാനുമായി ബന്ധപ്പെട്ടിട്ടില്ല. വളരെയധികം വേദനയുണ്ട്. കഴിഞ്ഞ 10 വർ‌ഷമായി രാജ്യത്തെ സേവിക്കുകയാണു ഞാൻ. അൽപം കൂടി ബഹുമാനം എനിക്കു നൽകാമായിരുന്നു. 

ഞാൻ ഒരു വിലയുമില്ലാത്തവനാണെന്നാണ് ഇവർ കരുതുന്നത്’– താഹിർ പറഞ്ഞു.  42–ാം വയസ്സിലും ക്ലബ് ക്രിക്കറ്റിൽ മിന്നും താരമായി തുടരുന്ന താഹിർ ലോകകപ്പ് ടീമിൽ ഇടം പിടിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. 

‘100 ശതമാനം ആത്മാർഥതയോടെയാണു ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. ദക്ഷിണാഫ്രിക്കക്കാരനായി ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാൻ ദക്ഷിണാഫ്രിക്കക്കാരനാണ്. എന്റെ ഭാര്യയും കുട്ടികളും ദക്ഷിണാഫ്രിക്കക്കാരാണ്. ദക്ഷിണാഫ്രിക്കയിലാണ് എന്റെ കുട്ടി ജനിച്ചത്, അതുകൊണ്ട് ദക്ഷിണാഫ്രിക്കയാണ് എന്റെ വീട്. ദക്ഷിണാഫ്രിക്കയ്ക്കായി ലോകകപ്പ് നേടുക എന്നത് എക്കാലത്തും എന്റെ ആഗ്രഹമായിരുന്നു. ഇതുവരെ എനിക്ക് നൽകിയ എല്ലാ അവസരങ്ങൾക്കും നന്ദി. വിരമിക്കൽ തൽക്കാലം ആലോചനയിലില്ല. വേണ്ടിവന്നാൽ 50 വയസ്സുവരെ ക്രിക്കറ്റ് കളിക്കാനും തയ്യാറാണ്’– താഹിർ പറഞ്ഞു. 

2019 ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ച താഹിർ ട്വന്റി20യിൽ മാത്രമാണു തുടർന്നും കളിക്കുന്നത്. ഏകദിന ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ട്വന്റി20 മത്സരം പോലും കളിച്ചിട്ടുമില്ല. 

English Summary: "I think I deserve a little more respect, these guys think I'm worthless" - Imran Tahir on Mark Boucher and Graeme Smith's treatment towards him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com