ഗെയ്‍ൽ (0) നിരാശപ്പെടുത്തിയിട്ടും സെന്റ് കിറ്റ്സിന് കരീബിയൻ പ്രിമിയർ ലീഗ് കിരീടം!
Mail This Article
സെന്റ് കിറ്റ്സ്∙ കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) കിരീടം സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് സ്വന്തമാക്കി. ആവേശം അവസാന പന്തോളം കൂട്ടിനെത്തിയ മത്സരത്തിൽ മൂന്നു വിക്കറ്റിന് സെന്റ് ലൂസിയ കിങ്സിനെ വീഴ്ത്തിയാണ് സെന്റ് കിറ്റ്സ് ആദ്യ സിപിഎൽ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സെന്റ് ലൂസിയ കിങ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 159 റൺസ്. മറുപടി ബാറ്റിങ്ങിൽ ക്ഷമയോടെ പൊരുതിയ സെന്റ് കിറ്റ്സ്, ഏഴു വിക്കറ്റ് നഷ്ടമാക്കി അവസാന പന്തിൽ സിംഗിൾ നേടിയാണ് വിജയം തൊട്ടത്.
വെസ്റ്റിൻഡീസ് താരം കെസറിക് വില്യംസ് അവസാന ഓവർ ബോൾ ചെയ്യാനെത്തുമ്പോൾ സെന്റ് കിറ്റ്സിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് ആറു പന്തിൽ ഒൻപത് റൺസ്. ക്രീസിൽ നസീം ഷായും (0), ഡൊമിനിക് ഡ്രെയ്ക്സും (19 പന്തിൽ 40). ആദ്യ നാലു പന്തിൽനിന്ന് നേടാനായത് നാലു റൺസ് മാത്രം. അഞ്ചാം പന്തിൽ ഡ്രെയ്ക്സ് ബൗണ്ടറി നേടിയതോടെ സ്കോർ തുല്യം. അവസാന പന്തിൽ സിംഗിൾ നേടി ഡ്രെയ്ക്സ് ടീമിന് വിജയം സമ്മാനിച്ചു.
14 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസുമായി തകർച്ചയിലായിരുന്നു സെന്റ് കിറ്റ്സ്. അവസാന ആറ് ഓവറിൽ 10, 13, 11, 10, 12, 9 എന്നിങ്ങനെ റൺസ് അടിച്ചുകൂട്ടിയാണ് സെന്റ് കിറ്റ്സ് വിജയത്തിലെത്തിയത്. അവസാന 36 പന്തിൽ അവർ ആകെ നേടിയത് 65 റണ്‍സ്!
സെമിയിൽ തകർപ്പൻ വിജയം നേടാൻ സഹായിച്ച ഓപ്പണർമാരായ ക്രിസ് ഗെയ്‍ൽ (0), എവിൻ ലൂയിസ് (6) എന്നിവർ ഇത്തവണ നിരാശപ്പെടുത്തിയെങ്കിലും പിന്നീടെത്തിയവർ സെന്റ് കിറ്റ്സിനെ കാത്തു. 24 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതം 48 റൺസുമായി പുറത്താകാതെ നിന്ന ഡൊമിനിക് ഡ്രെയ്ക്സാണ് കളിയിലെ കേമൻ. വിക്കറ്റ് കീപ്പർ കൂടിയായ ജോഷ്വ ഡ സില്‍വ (32 പന്തിൽ അഞ്ച് ഫോറുകളോടെ 37), ഷെർഫെയ്ൻ റുഥർഫോർഡ് (22 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 25), ഫാബിയൻ അലൻ (18 പന്തിൽ രണ്ടു ഫോറുകളോടെ 20) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
ആദ്യം ബാറ്റു ചെയ്ത ലൂസിയ കിങ്സിനെ ഓപ്പണർ റഖീം കോൺവാൾ, റോസ്റ്റൺ ചേസ് എന്നിവർ 43 റൺസ് വീതമെടുത്താണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കോൺവാൾ 32 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതവും ചേസ് 40 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതവുമാണ് 43 റൺസെടുത്തത്. കീമോ പോൾ 21 പന്തിൽ അഞ്ച് സിക്സറുകളോടെ 39 റൺസെടുത്തു. സെന്റ് കിറ്റ്സിനായി നസീം ഷാ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും ഫവാദ് അഹമ്മദ് നാല് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത ഒരു വിക്കറ്റെടുത്ത ഫാബിയൻ അലന്റെ പ്രകടനവും നിർണായകമായി.
English Summary: St Kitts & Nevis win maiden title, beat Saint Lucia in last ball thriller