ADVERTISEMENT

ദുബായ്∙ തകർപ്പൻ അർധ സെഞ്ചുറിയോടെ (57 പന്തിൽ 82) ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്നു നയിച്ചിട്ടും സൺറൈസേഴ്സ് ഹൈദാരാബാദിനെതിരായ മത്സരം ജയിക്കാനാകാതെ പോയതിന്റെ നിരാശ രാജസഥാൻ റോയൽസ് ആരാധകർക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. രാജസ്ഥാൻ ഉയർത്തിയ 165 റൺസ് എന്ന വിജയലക്ഷ്യം 9 പന്തും 7 വിക്കറ്റും ശേഷിക്കെയാണ് ഹൈദരാബാദ് അനായാസം മറികടന്നത്. 

സഞ്ജു തകർത്തടിച്ചെങ്കിലും വിദേശ താരങ്ങളായ എവിൻ ലൂയിസ് (4 പന്തിൽ 6), ലിയാം ലിവിങ്സറ്റൻ (6 പന്തിൽ 4) എന്നിവർ അടക്കമുള്ള ബാറ്റ്സ്മാരുടെ നിരുത്തരവാദിത്തപരമായ ബാറ്റിങും ബോളിങ് നിരയുടെ ദയനീയ പ്രകടനവുമാണു രാജസ്ഥാനെ വീണ്ടും തോൽവിയിലേക്കു തള്ളിയിട്ടത്.  സഞ്ജുവിനെക്കൂടാതെ ഓപ്പണർ യശസ്വി ജെയിസ്വാളിനു മാത്രമാണ് (23 പന്തിൽ 36) ബാറ്റിങ്ങിൽ തിളങ്ങാനായത്. നാലാം വിക്കറ്റിൽ സഞ്ജുവിനൊപ്പം 84 റൺസിന്റെ കൂട്ടുകെട്ടു പടുത്തുയർത്തിയെങ്കിലും മഹിപാൽ ലോംറോറിന്റെ (28 പന്തിൽ 29*) ഇഴഞ്ഞ ബാറ്റിങ്ങും രാജസ്ഥാനു തിരിച്ചടിയായി. സ്പിന്നർമാർക്കും മീഡിയം പേസർമാർക്കും എതിരെ പലതവണ ഷോട്ടുകൾ പിഴച്ച ലോംറോറിന് മത്സരത്തിൽ ഒരു സിക്സും ഫോറും മാത്രമാണു നേടാനായത്. 

ഇതോടെ ഡെത്ത് ഓവറുകളിൽ സ്കോർ ബോർഡിൽ റൺസ് എത്തിക്കുക എന്നതു സഞ്ജുവിന്റെ മാത്രം ഉത്തരവാദിത്തമായി. ആദ്യ പന്തിൽത്തന്നെ പുറത്തായ റിയാൻ പരാഗ് വീണ്ടും നിരാശപ്പെടുത്തി.  

ഇതിനു പിന്നാലെ ഭാവനാശൂന്യമായ ബോളിങ്ങോടെ രാജസ്ഥാൻ വിജയം ഹൈദരാബാദിന്റെ ‘കൈയിൽവച്ചു’ കൊടുക്കുകയായിരുന്നു. എങ്കിലും മത്സരത്തിനിടെ ഐപിഎൽ സീസണിലെ റൺവേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ് അടക്കം ഒട്ടേറെ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയ സഞ്ജു സാംസൺ തല ഉയർത്തിപ്പിടിച്ചുതന്നെയാണു മൈതാനം വിട്ടത്.

ഹൈദരാബാദിനെതിരായ മത്സരത്തിനിടെ സഞ്ജു സ്വന്തമാക്കിയ പ്രധാന നേട്ടങ്ങൾ ഇതാ, 

∙ 433 റൺസ്– 433 റൺസോടെ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. പിന്തള്ളിയത് ഡൽഹിയുടെ ശിഖർ ധവാനെ (430).

∙ 615– സൺറൈസേഴ്സിനെതിരെ ഏറ്റവും അധിരം റൺ നേടുന്ന താരം (615).

∙19– ഐപിഎൽ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന 19–ാമത്തെ താരം.

∙ 2– ഐപിഎൽ സീസണിൽ സഞ്ജു 400ൽ അധികം റൺസ് നേടുന്നത് ഇതു രണ്ടാം തവണ. 2018 സീസണിൽ 441 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 

∙ 3– ഐപിഎൽ സീസണിൽ സഞ്ജു ഏറ്റവും അധികം റൺസ് സ്കോർ ചെയ്ത 3 മത്സരങ്ങളിലും രാജസ്ഥാനു തോൽവിയായിരുന്നു ഫലം (119– പഞ്ചാബിനെതിരെ, 82– ഹൈദരാബാദിനെതിരെ, 70– ഡൽഹിക്കെതിരെ)

∙ 2– അജിൻക്യ രഹാനെയ്ക്കു ശേഷം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 2500 റൺസ് തികയ്ക്കുന്ന താരം.    

English Summary: IPL 2021, Match 40: SRH vs RR, Stats Review: Sanju Samson accomplishes several milestones despite RR’s defeat

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com