ഇനിയുള്ള മത്സരങ്ങളിലും ഗ്രൗണ്ടിലുണ്ടാകില്ല: വാർണർ; താരം ഹൈദരാബാദ് വിടുന്നു?
Mail This Article
ദുബായ്∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ടീം സ്ഥാനം നഷ്ടമായതിനു പിന്നിലെ നിരാശ സമൂഹ മാധ്യമത്തിലൂടെ പരസ്യമാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മത്സരം കാണാൻ ടീം ഡഗൗട്ടിലെത്താതിരുന്ന വാർണർ യുവ താരങ്ങൾക്ക് ‘ടീം ഡഗ്ഔട്ട് അനുഭവം’ നൽകാനാണു ഹോട്ടലിൽത്തന്നെ തങ്ങിയതെന്ന് പരിശീലകൻ ട്രവർ ബെയ്‌ലിസ്.
തൽക്കാലം വിവാദങ്ങൾക്ക് ഇടം നൽകാതെ ബെയ്‌ലിസ് തടി കഴിച്ചിലാക്കിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ നായകൻ കൂടിയായ സൂപ്പർ താരം ടീം വിടുമോ എന്ന ആശങ്കയിലാണ് ആരാധകർ. ടീം ഡഗൗട്ടിൽ വാർണറുടെ അസാന്നിധ്യം ശ്രദ്ധിച്ച ആരാധകർ തന്നെയാണ് വാർണറോട് സമൂഹമാധ്യമങ്ങളിലൂടെ ഇതിനുള്ള കാരണം തിരക്കിയതും. സന്ദേശങ്ങളുടെ എണ്ണം പിടിവിട്ടുയർന്നതോടെ വാർണർ മറുപടിയും നൽകി– ‘ എന്തു ചെയ്യാം, ഇനി ഡഗൗട്ടിൽ ഉണ്ടാകില്ല, തുടർന്നും പിന്തുണയ്ക്കുക’.
പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ ഇക്കാര്യത്തെക്കുറിച്ചു ബെയ്‌ലിസ് പ്രതികരിച്ചത് ഇങ്ങനെ, ‘ഞങ്ങളുടെ ടീമിൽ ഒരുപാടു യുവ താരങ്ങളുണ്ട്. രാജസ്ഥാനെതിരെ ടീമിൽ കുറച്ചു മാറ്റങ്ങൾ വരുത്തണമെന്നു ഞങ്ങൾ നിശ്ചയിച്ചിരുന്നതുമാണ്. 18 അംഗ ടീമിന്റെ ഭാഗമായി കളിയെ അടുത്തു മനസ്സിലാക്കാനും യുവതാരങ്ങൾക്ക് അവസരം നൽകി. ഇതിനുള്ള അവസരം ഒരുക്കാൻ ടീമിലെ ചില സീനിയർ താരങ്ങൾ ഡഗൗട്ടിൽനിന്നു വിട്ടുനിന്നു. ഡേവിഡ് വാർണർ, കേദാർ ജാദവ്, നദീം എന്നീ മൂന്നു പേരാണ് ഇൗ മത്സരത്തിൽ ഹോട്ടലിൽ തങ്ങിയത്.
എന്നാൽ ഇനി ഡഗൗട്ടിൽ ഉണ്ടാകില്ലെന്നു 34 കാരനായ താരം തന്നെ സമൂഹ മാധ്യമത്തിൽ കുറിച്ച നിലയ്ക്ക് വാർണർ ടീമുമായി വഴിപിരിഞ്ഞേക്കുമെന്ന സൂചനകളാണു ക്രിക്കറ്റ് വിദഗ്ധരും നൽകുന്നത്.
രണ്ടു പുതിയ ടീമുകൾ കൂടി ഐപിഎല്ലേക്കു പുതുതായെത്തുന്ന അടുത്ത സീസണു മുന്നോടിയായുള്ള മെഗാ താരലേലത്തിൽ എല്ലാ ടീമുകളിലും വ്യാപകമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെയുള്ളപ്പോൾ ഹൈദരാബാദ് വാർണറെ നിലനിർത്തില്ല എന്ന സാധ്യതയിലേക്കാണു ക്രിക്കറ്റ് വിദഗ്ധർ വിരൽ ചൂണ്ടുന്നതും.
ഹൈദരാബാദ് ഐപിഎൽ ചാംപ്യൻമാരായ 2016 സീസണിൽ ടീമിന്റെ ക്യാപ്റ്റനായിരുന്നു വാർണർ. ഇത്തവണത്തെ ഐപിഎൽ സീസണിൽ 6 മത്സരങ്ങൾക്കു ശേഷം, ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് നായക സ്ഥാനത്തുനിന്നു നീക്കിയ വാർണർക്കു പിന്നാലെ രാജസ്ഥാനെതിരായ മത്സരത്തിൽ ടീം സ്ഥാനവും നഷ്ടമായി. ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ 2 മത്സരങ്ങളിൽ ഹൈദരാബാദ് ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ 0,2, എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോർ.
150 മത്സരങ്ങളിൽ 5449 റൺസോടെ ഐപിഎൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള വിദേശ താരം എന്ന റെക്കോർഡിന് ഉടമയായ വാർണർ ടീം വിടുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. വാർണർക്കു പകരം ടീമിലെത്തി തകർപ്പൻ അർധ സെഞ്ചുറിയോടെ (42 പന്തിൽ 60) രാജസ്ഥാനെതിരെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ജയ്സൻ റോയിയെ തൽക്കാലം പുറത്തിരുത്തുന്നതിനെക്കുറിച്ച് ഹൈദരാബാദിനു സ്വപ്നത്തിൽപോലും ചിന്തിക്കാനാകില്ലെന്നുറപ്പ്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെതിരെ വ്യാഴാഴ്ച ഷാർജയിലാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.
English Summary: IPL 2021: Why wasn't David Warner at the ground for the RR match? SRH head coach answers