2 ലക്ഷം രൂപയ്ക്കു പാർട്ടി നടത്തിയിരുന്ന ഞാൻ 10 ലക്ഷത്തിന് ഒത്തുകളിക്കുമോ: ശ്രീശാന്ത്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിലെ അധികാരകേന്ദ്രങ്ങളെ പ്രീതിപ്പെടുത്തി നിൽക്കാൻ ശ്രമിക്കാത്തതു കൊണ്ടാണ് ഐപിഎൽ വാതുവയ്പ് കേസിൽ താൻ കുടുങ്ങിയതെന്ന് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. വാതുവയ്പ് വിവാദവും തുടർന്നുള്ള മാസങ്ങളും തനിക്കു മരണത്തിനു മുഖാമുഖം നിന്ന പോലെ കഠിനമായിരുന്നെന്നും ഒരു സ്പോർട്സ് പോർട്ടൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ മുപ്പത്തിയെട്ടുകാരനായ ശ്രീശാന്ത് പറഞ്ഞു.
‘‘ആരെയും അഭിനയിച്ച് പ്രീതിപ്പെടുത്തുന്നത് എനിക്കു വശമില്ല. ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹം അവിടെയുണ്ടാകും. അദ്ദേഹം ഇങ്ങോട്ടു വരും തുടങ്ങി അധികാരമുള്ള ആളുകളെക്കുറിച്ചു പറയുന്ന മുന്നറിയിപ്പുകളൊന്നും ഞാൻ കാര്യമായിട്ടെടുക്കാറില്ല. ഒരുപക്ഷേ അതായിരിക്കും എനിക്കു തിരിച്ചടിയായത്.
കോടതിയിൽ നിരപരാധിത്വം തെളിയിക്കപ്പെട്ടെങ്കിലും പലരുടെയും കണ്ണിൽ ഇപ്പോഴും താൻ കുറ്റവാളി തന്നെയാണെന്നും ശ്രീശാന്ത് പറഞ്ഞു. എല്ലാവരെയും സത്യം ബോധ്യപ്പെടുത്താനാവുമെന്ന് കരുതുന്നില്ല. ക്രിക്കറ്റിൽ സജീവമായിരിക്കെ 2 ലക്ഷം രൂപയ്ക്കു വരെ വിരുന്നു സൽക്കാരം നടത്തിയിരുന്ന താൻ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി ഒത്തുകളി നടത്തും എന്നു പറയുന്നത് സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യമല്ലേ എന്നും ശ്രീശാന്ത് ചോദിച്ചു.
English Summary: Sreesanth opens up on IPL match fixing scandal