‘വയസ്സൻമാരെ’ വച്ച് ധോണിയെങ്ങനെ കിരീടം നേടി? ഈ ‘ലളിതബുദ്ധി’ ഇനി ടീം ഇന്ത്യയ്ക്ക്!
Mail This Article
2007ൽ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ എസി മിലാനും ഇത്തവണ ഐപിഎൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലെന്താണ് ബന്ധം? 2007 യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ലിവർപൂളിനെ തോൽപിച്ച എസി മിലാൻ ടീമിനെ അത്ഭുതത്തോടെയാണ് കായികലോകം വരവേറ്റത്. മുപ്പതു കഴിഞ്ഞ വെറ്ററൻ താരങ്ങളെ വച്ച് ചാംപ്യൻസ് ലീഗ് പോലൊരു ടൂർണമെന്റ് ജയിക്കാമോ എന്നതായിരുന്നു അതിശയം. മിലാനു വേണ്ടി ട്രോഫി ഏറ്റുവാങ്ങിയ ക്യാപ്റ്റൻ പാവ്‌ലോ മാൾഡീനിയുടെ പ്രായം 38. ഫൈനലിലെ രണ്ടു ഗോളുകളും നേടിയ ഫിലിപ്പോ ഇൻസാഗിക്കു 33. ഇപ്പോൾ ഐപിഎൽ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ചും ഇങ്ങനെ അതിശയം കൂറുകയാണ് ക്രിക്കറ്റ് ആരാധകർ.
സമർപ്പണ ബുദ്ധിയുള്ള കളിക്കാർക്കും കോച്ചിനും പുറമേ ‘മിലാൻ ലാബ്’ കൂടിയായിരുന്നു മിലാന്റെ ആ വിജയത്തിന്റെ ശിൽപികൾ. മെഡിക്കൽ സങ്കേതങ്ങൾ ഫുട്ബോളിൽ എങ്ങനെ സമർഥമായി ഉപയോഗപ്പെടുത്താം എന്നതിനു വേണ്ടി ഇറ്റാലിയൻ ക്ലബ് സ്വന്തം നിലയ്ക്കു രൂപപ്പെടുത്തിയ സംവിധാനമായിരുന്നു മിലാൻ ലാബ്. കളിക്കാരുടെ ഓട്ടവും ചാട്ടവും വിലയിരുത്തി മാറ്റങ്ങൾ നിർദ്ദേശിച്ച് അവരുടെ കളിയായുസ്സ് നീട്ടിയെടുക്കുക എന്നതായിരുന്നു ലാബിന്റെ ദൗത്യം. ഓരോ കളിക്കാരനെയും വിലയിരുത്തുന്നതിനായി ഏകദേശം 12 ലക്ഷം വൈദ്യപരിശോധനകളാണ് അക്കാലത്തു മിലാൻ ലാബിൽ നടന്നത്. ചെന്നൈ സൂപ്പർ കിങ്സിന് ‘മിലാൻ ലാബ്’ പോലൊന്ന് ഇല്ലായിരിക്കാം. പക്ഷേ അതു പോലൊന്നു തുടങ്ങാനുള്ള എല്ലാ ‘സ്പെസിമനുകളും’ അവർക്കുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് ആയ ഫാഫ് ഡുപ്ലെസിയുടെ പ്രായം 37. റോബിൻ ഉത്തപ്പയ്ക്ക് 35, മൊയീൻ അലിക്ക് 34, അമ്പാട്ടി റായുഡുവിന് 36, രവീന്ദ്ര ജഡേജയ്ക്ക് 32– മുപ്പതു കടന്നവരുടെ മഹാസമ്മേളനമാണ് ചെന്നൈ ടീമിൽ. ടൂർണമെന്റിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടിയ ഇരുപത്തിനാലുകാരൻ ഋതുരാജ് ഗെയ്ക്‌വാദ് മാത്രമാണ് പ്രധാന താരങ്ങളിൽ ഇതിന് അപവാദം. ഇവരുടെയെല്ലാം ക്യാപ്റ്റനായി നാൽപതുകാരൻ മഹേന്ദ്ര സിങ് ധോണിയും.
കഴിഞ്ഞ സീസണിൽ ഏറെക്കുറെ ഇതേ ടീമുമായി 7–ാം സ്ഥാനത്തു നിന്ന ചെന്നൈയെ ഇത്തവണ ചാംപ്യൻമാരാക്കുന്നതിൽ ധോണിയുടെ പങ്കെന്താണ്? അപ്രവചനീയമായ ട്വന്റി20 ക്രിക്കറ്റിൽ ഇത്ര സ്ഥിരതയോടെ ടീമിനെ നയിക്കാൻ ധോണിക്കു കഴിയുന്നതെങ്ങനെ? തന്റെ ടീമിന്റെ ഒരു SWOT (Strengths, Weaknesses, Opportunities, Threats) അനാലിസിസ് ധോണി എല്ലായ്പ്പോഴും നടത്താറുണ്ട് എന്നത് അദ്ദേഹത്തിന്റെ നീക്കങ്ങളിലെല്ലാം വ്യക്തമാണ്. ഇതിൽ നിന്നു രൂപപ്പെടുത്തിയെടുത്ത കൃത്യമായ ഒരു പാറ്റേൺ ആണ് മത്സരങ്ങളിലെല്ലാം അദ്ദേഹം പിന്തുടരുന്നത്.
പവർപ്ലേ ഓവറുകൾക്കു ശേഷം സ്ഥിരമായി രവീന്ദ്ര ജഡേജയെ പന്തേൽപ്പിക്കുന്നതും മധ്യ ഓവറുകളിൽ ഡ്വെയ്ൻ ബ്രാവോയെ വിശ്വസിക്കുന്നതുമെല്ലാം അതിന്റെ ഉദാഹരണം. ബാറ്റിങ്ങിലാണെങ്കിൽ സ്ഥിരമായ ഒരു ഓപ്പണിങ് ജോഡിയെ ചെന്നൈ എക്കാലത്തും വിശ്വസിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പരീക്ഷണങ്ങൾക്കു തുനിയാറില്ലെങ്കിലും പരീക്ഷിച്ചു വിജയിച്ച ഒരു ഫോർമേഷൻ മാറ്റാൻ ധോണി ശ്രമിക്കാറുമില്ല. ഋതുരാജിനെ ഓപ്പണറാക്കിയതും മൊയീൻ അലിയെ ബാറ്റിങ് ഓർഡറിൽ പ്രമോട്ട് ചെയ്തതുമെല്ലാം ഉദാഹരണം.
സ്ഥിരതയാർന്ന മികവിന് സ്ഥിരമായ ക്രമം എന്നതു തന്നെയാണ് ധോണിക്കു കീഴിൽ ചെന്നൈയുടെ വിജയമന്ത്രം. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് ഉൾപ്പെടെയുള്ള സപ്പോർട്ടിങ് സ്റ്റാഫ് മുതൽ പ്ലേയിങ് സ്ക്വാഡിൽ വരെ ആ സ്ഥിരതയുണ്ട്. കഴിഞ്ഞ വർഷം 7–ാം സ്ഥാനത്തായിട്ടു പോലും ചെന്നൈ ആ വിശ്വാസം കൈവിട്ടില്ല. അതിനു കിട്ടിയ പ്രതിഫലമാണ് 12 സീസണുകളിലെ 11 പ്ലേഓഫുകളും 9 ഫൈനലുകളും 4 ട്രോഫികളും.
ധോണി എന്ന ക്യാപ്റ്റന്റെ ‘ലളിതബുദ്ധി’ ഇനി കിട്ടാൻ പോകുന്നത് ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനാണ്. ലോകക്രിക്കറ്റിൽ അധികമാർക്കും അതില്ല എന്നതാണ് ധോണിയെയും ഇന്ത്യയെയും വ്യത്യസ്തരാക്കുന്നതും!
English Summary: Relation between AC Milan and Chennai Super Kings