എന്തൊരു മാറ്റം, എന്തൊരു ഊർജം; ഇക്കുറി രണ്ടും കൽപ്പിച്ചാണ് ബാബറും സംഘവും!
Mail This Article
പ്രവചനാതീതം– പാക്കിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റ വാക്കിൽ ഇങ്ങനെ അടയാളപ്പെടുത്താം. അതുകൊണ്ടുതന്നെയാണ് ഈ ട്വന്റി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ടീം പാക്കിസ്ഥാനാണെന്ന് വിദഗ്ധർ പറയുന്നതും. ഇമ്രാൻ ഖാൻ, വസീം അക്രം, ജാവേദ് മിയൻദാദ്, ആമിർ സൊഹൈൽ, ഇൻസമാം ഉൾ ഹഖ്, വഖാർ യൂനിസ് തുടങ്ങിയ വമ്പൻമാരുടെ ബലത്തിലായിരുന്നു 1992ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ മുത്തമിട്ടത്. ആ തലമുറയ്ക്കു പിന്നാലെ എത്തിയ യൂനിസ് ഖാൻ, മുഹമ്മദ് യൂസുഫ്, ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിർ, ഉമർ ഖുൽ, ശുഹൈബ് അക്തർ, ശുഐബ് മാലിക് തുടങ്ങിയ പ്രതിഭാധനരായ കളിക്കാർ പാക്കിസ്ഥാൻ ക്രിക്കറ്റിനെ വീണ്ടും ഉയരങ്ങളിലേക്ക് നയിച്ചു. അതിന്റെ ബാക്കിപത്രമായിരുന്നു 2009ലെ അവരുടെ ട്വന്റി20 ലോകകപ്പ് ജയം.
എന്നാൽ അതിനുശേഷം സീനിയർ താരങ്ങളുടെ കൊഴിഞ്ഞുപോക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ (പിസിപി) ആഭ്യന്തര കലാപങ്ങളുമെല്ലാം കാരണം പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായി പാക്കിസ്ഥാൻ ടീം ഒതുങ്ങിപ്പോയി. ഇതിനിടയിൽ 2017ൽ ചാംപ്യൻസ് ട്രോഫി നേടാനായെങ്കിലും ടൂർണമെന്റിലെ പാക്കിസ്ഥാന്റെ പ്രകടനം ആധികാരികമായിരുന്നില്ല.
∙ ഉടച്ചുവാർക്കൽ
2017ലെ ചാംപ്യൻസ് ട്രോഫി വിജയത്തിനുശേഷം ടീമിൽ ഒരു ഉടച്ചുവാർക്കൽ അനിവാര്യമാണെന്നു പാക്ക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പല സീനിയർ താരങ്ങൾക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞു. പുതുമുഖ താരങ്ങൾ പലരും ടീമിൽ വന്നുപോയി. അന്ന് ചാംപ്യൻസ് ട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് ഉൾപ്പെടെ ടീമിനു പുറത്തുപോയി എന്നറിയുമ്പോഴാണ് ആ ഉടച്ചുവാർക്കൽ എത്രമാത്രം ആഴത്തിലായിരുന്നെന്നു മനസ്സിലാകുക. 4 വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ഇന്ന് പാക്കിസ്ഥാൻ പതിയെ തങ്ങളുടെ ഏറ്റവും മികച്ച ടീമിനെ കണ്ടെത്തിയിരിക്കുകയാണ്.
ബോളിങ്ങിലും ബാറ്റിങ്ങിലും പ്രത്യേകിച്ച് ഫീൽഡിങ്ങിലും മികവു തെളിയിക്കുന്ന ടീം. സ്വന്തം നാട്ടിൽ ഒരു പരമ്പര പോലും കളിക്കാൻ സാധിക്കാതിരുന്നിട്ടും ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചിരവൈരികളായ ഇന്ത്യയെ നേരിടേണ്ടി വന്നിട്ടും (ഇന്ത്യയോട് ലോകകപ്പിൽ ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ലെന്ന സമ്മർദം നിലനിൽക്കെ) പാക്കിസ്ഥാൻ പതറിയില്ല. ഉടച്ചുവാർക്കലിന്റെ 4 വർഷം ഒഴുക്കിയ വിയർപ്പിന് അർഹിച്ച അംഗീകാരം അവർക്കു ലഭിച്ചു എന്നുതന്നെ പറയേണ്ടി വരും.
∙ ബാദ്ഷാ, ബാബർ
സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി തുടങ്ങി ഓരോ കാലഘട്ടത്തിലും ഓരോ ബാറ്റിങ് ഇതിഹാസങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനുണ്ടായിരുന്നു. എന്നാൽ ലോകോത്തര പേസ് ബോളർമാരെയും ഓൾറൗണ്ടർമാരെയും സമ്മാനിച്ച പാക്കിസ്ഥാന് അങ്ങനെയൊരു ബാറ്റിങ് ഇതിഹാസത്തെ സമ്മാനിക്കാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല (ജാവേദ് മിയൻദാദും ഇൻസമാം ഉൾ ഹഖും ഉൾപ്പെടെ നിരവധി മികച്ച ബാറ്റർമാർ ഉണ്ടായിരുന്നിട്ടു കൂടി). ആ കാത്തിരിപ്പിനുള്ള കാലത്തിന്റെ കാവ്യനീതിയാണ് ബാബർ അസം.
ഏകദിനത്തിൽ ഒന്നാം റാങ്കിലും ട്വന്റി20യിൽ രണ്ടാം റാങ്കിലും ടെസ്റ്റിൽ 7ാം റാങ്കിലും നിൽക്കുന്ന ബാബർ 3 ഐസിസി റാങ്കിങ്ങിലും ആദ്യ പത്തിൽ ഇടം പിടിക്കുന്ന ഒരേയൊരു പാക്കിസ്ഥാൻ താരം കൂടിയാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവുതെളിയിക്കാൻ ബാബറിന് സാധിച്ചിട്ടുണ്ട്. മുന്നിൽ നിന്നു നയിക്കാൻ ബാബർ ഉണ്ടെന്ന വിശ്വാസമാണ് പാക്ക് ബാറ്റിങ്ങിന്റെ കൈമുതൽ. ആ കരുത്തിന്റെ ബലത്തിൽ തന്നെയായിരിക്കും ഈ ലോകകപ്പിൽ അവർ മുന്നോട്ടുള്ള ജൈത്രയാത്ര തുടരുക.
∙ ബാറ്റർ ബോയ്സ്
ഒന്നോ രണ്ടോ ബാറ്റർമാരും ബാക്കി മുഴുവൻ ബോളർമാരും എന്ന രീതി പാക്കിസ്ഥാൻ പണ്ടേ ഉപേക്ഷിച്ചു കഴിഞ്ഞു. ബാബറിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്ന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. മൂന്നാമൻ ഫഖർ സൽമാൻ, പരിചയ സമ്പന്നരായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്, ഓൾറൗണ്ടർമാരായ ആസിഫ് അലി, ഇമാദ് വസീം, ഷദബ് ഖാൻ എന്നിങ്ങനെ നീളുന്നു പാക്കിസ്ഥാന്റെ ബാറ്റിങ് നിര. ഒരുപക്ഷേ, പാക്കിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരിക്കാം ഇത്രയും ആഴം കൂടിയ ബാറ്റിങ് നിരയുമായി ഒരു ലോകകപ്പിന് എത്തുന്നത്.
അതിന്റെ ആത്മവിശ്വാസം അവരുടെ ഓരോ ബാറ്റ്സ്മാന്റെയും മുഖത്തുണ്ട്. ഇന്ത്യയെ പോലെ ടോപ് ത്രീ തന്നെയാണ് പാക്കിസ്ഥാൻ ബാറ്റിങ്ങിന്റെ ആണിക്കല്ലെങ്കിലും മധ്യനിരയിൽ രക്ഷാപ്രവർത്തനത്തിന് ഹഫീസ്– മാലിക് ജോഡിയുള്ളത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഈ പരിചയസമ്പന്നരായ മധ്യനിര തന്നെയാണ് ടീം ഇന്ത്യയ്ക്ക് ഇല്ലാതെപോയതും.
∙ ബോളിങ് ബ്യൂട്ടിസ്
ഷഹീൻ ഷാ അഫ്രിദി, ഹസൻ അലി, ഹാരിസ് റൗഫ് എന്നീ മൂന്നു പേസർമാരിൽ ഏറ്റവും വേഗം കുറവ് ഹസൻ അലിക്കാണ്. ഹസൻ അലി സാധാരണയായി 140–146 കി.മീ വേഗത്തിലാണ് പന്തെറിയുന്നത്. ഇന്ത്യയുടെ പ്രീമിയം ബോളർ ജസ്പ്രീത് ബുമ്രയുടെ പരമാവധി വേഗം ഇതാണെന്ന് അറിയുമ്പോഴാണ് ഇരു ടീമിലെയും പേസ് ബോളർമാർ തമ്മിലുള്ള അന്തരം മനസ്സിലാകുക. 150 കി.മീ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയുന്ന ഷഹീൻ അഫ്രിദിയുടെയും ഹാരിസ് റൗഫിന്റെയും പന്തുകളെ ബഹുമാനത്തോടെ നോക്കിനിൽക്കാൻ മാത്രമേ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചുള്ളൂ.
സ്വിങ്ങും പേസും സമന്വയിപ്പിച്ച ഫാസ്റ്റ് ബോളിങ്ങിന്റെ മനോഹര ഡിസ്പ്ലേ ആയിരുന്നു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പുറത്തെടുത്തത്. പിന്നാലെ വരുന്ന ഷദബ് ഖാനും ഇമാദ് വസീമും ട്വന്റി20ക്ക് ചേർന്ന സ്പിന്നർമാരാണ്. വേഗം കുറഞ്ഞ പിച്ചിൽ വേഗം ക്രമീകരിച്ചും ടേൺ ലഭിക്കാത്ത പിച്ചിൽ സീമിൽ പന്തെറിഞ്ഞ് ബൗൺസും സ്വിങ്ങും കണ്ടെത്താൻ ശ്രമിച്ചും ഇരുവരും സ്പിൻ ബോളിങ്ങിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നു. ഈ പരീക്ഷണങ്ങളെല്ലാം വിജയിക്കുന്നുമുണ്ട്. ഇവർക്കൊപ്പം ഹഫീസും മാലിക്കും കൂടെ ചേരുമ്പോൾ ബോളിങ് ട്രിപ്പിൾ സ്ട്രോങ് ആകുന്നു.
∙ വാൽക്കഷണം
ഇത്രയും സന്തുലിതമായ ടീമാണെങ്കിലും ചീട്ടുകൊട്ടാരം പോലെ തകർന്നടിയാനും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാനും ഒരുപോലെ കഴിവുള്ളവരാണ് പാക്കിസ്ഥാൻ. നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ, ഇന്ത്യയെ തോൽപിച്ചതോടെ ഇനി കാര്യമായ വെല്ലുവിളികൾ പാക്കിസ്ഥാന് നേരിടേണ്ടിവരില്ല. എന്നാൽ പാക്കിസ്ഥാൻ ആയതുകൊണ്ടുതന്നെ ചിലപ്പോൾ മറ്റ് കുഞ്ഞൻ ടീമുകളോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽതന്നെ അവർ പുറത്തേക്കും പോയേക്കാം.
പക്ഷേ, ഇത്തവണ രണ്ടും കൽപിച്ചാണ് എത്തിയിരിക്കുന്നതെന്ന ശരീരഭാഷയാണ് ആദ്യ മത്സരത്തിലെ ബാബറിന്റെയും സംഘത്തിന്റെയും കളിയിൽ നിന്നു വായിച്ചെടുക്കാൻ സാധിക്കുന്നത്. നോക്കൗട്ടിലും ഇതേ ഫോം തുടർന്നാൽ രണ്ടാം ട്വന്റി20 ലോക കിരീടവുമായി ബാബറും സംഘവും ലഹോറിലേക്ക് പറക്കും.
English Summary: Analysis of Pakistan Cricket Team Playing in T20 World Cup