‘കുഞ്ഞൻ’ ടീമുകളുടെ ലോകകപ്പ് പോരാട്ടത്തിൽ നമീബിയ സ്കോട്ലൻഡിനെ വീഴ്ത്തി!
Mail This Article
അബുദാബി∙ ട്വന്റി20 ലോകകപ്പിൽ ‘കുഞ്ഞൻ’ ടീമുകളുടെ പോരാട്ടത്തിൽ സ്കോട്‍ലൻഡിനെതിരെ നമീബിയയ്ക്ക് ജയം. നാലു വിക്കറ്റിനാണ് നമീബിയ സ്കോട്‍ലൻഡിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‍ലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 109 റൺസ്. നമീബിയ അഞ്ചു പന്തും നാലു വിക്കറ്റും ബാക്കിനിർത്തി ലക്ഷ്യത്തിലെത്തി. ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിൽ നമീബിയയുടെ ആദ്യ ജയമാണിത്. സ്കോട്‌ലൻഡിന്റെ രണ്ടാം തോൽവിയും. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് സ്കോട്‌ലൻഡ് 130 റൺസിനു തോറ്റിരുന്നു.
23 പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 32 റൺസെടുത്ത് പുറത്താകാതെ നിന്ന ജെ.ജെ. സ്മിത്താണ് നമീബിയയുടെ ടോപ് സ്കോറർ. ഓപ്പണർ ക്രെയ്ഗ് വില്യംസ് 29 പന്തിൽ ഒരു സിക്സ് സഹിതം 23 റൺസെടുത്തു. മൈക്കൽ വാൻ ലിൻഗൻ (24 പന്തിൽ 18), സെയ്ൻ ഗ്രീൻ (13 പന്തിൽ ഒൻപത്), ക്യാപ്റ്റൻ ജെറാർദ് എറാസ്മസ് (ആറു പന്തിൽ നാല്), ഡേവിഡ് വീസ് (14 പന്തിൽ 16), യാൻ ഫ്രൈലിങ്ക് (നാലു പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
സ്കോട്‌ലൻഡിനായി മൈക്കൽ ലീസ്ക് രണ്ടും സഫിയാൻ ഷരീഫ്, ക്രിസ് ഗ്രീവ്സ്, മാർക്ക് വാട്ട്, ബ്രാഡ്‌ലി വീൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
∙ തുടക്കം പാളി സ്കോട്‌ലൻഡ്
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡിന് 20 ഓവറിൽ 8 വിക്കറ്റിന് 109 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ആദ്യ ഓവറിൽത്തന്നെ 3 വിക്കറ്റെടുത്ത ഇടംകൈയൻ പേസർ റൂബെൻ ട്രംപെൽമാനാണ് സ്കോട്ടിഷ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. യാൻ ഫ്രൈലിൻക് 4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.
2 റൺസ് ചേർക്കുന്നതിനിടെ 3 വിക്കറ്റും 18 റൺസിനിടെ 4 വിക്കറ്റും നഷ്ടമായ സ്കോട്‌ലൻഡിനെ മൈക്കിൾ ലീസ്കിന്റെ പോരാട്ടമാണ് (27 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 44) 100 കടത്തിയത്. ക്രിസ് ഗ്രീവ്സ് (32 പന്തിൽ 25), മാത്യു ക്രൂസ് (33 പന്തിൽ 19) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ.
English Summary: Scotland vs Namibia, 21st Match, Super 12 Group 2 - Live Cricket Score