റബാദയ്ക്ക് ഹാട്രിക്: ദക്ഷിണാഫ്രിക്ക ജയിച്ചിട്ടും പുറത്ത്; ഇംഗ്ലണ്ട്, ഓസീസ് സെമിയിൽ
Mail This Article
ഷാർജ∙ ട്വന്റി20 ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിട്ടും, ദക്ഷിണാഫ്രിക്ക സെമി ഫൈനൽ കാണാതെ പുറത്ത്. ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 10 റൺസിനു കീഴടക്കിയിട്ടും, നെറ്റ് റൺറേറ്റിലെ കുറവാണു ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയായത്. സ്കോർ- ദക്ഷിണാഫ്രിക്ക 20 ഓവറിൽ 189–2; ഇംഗ്ലണ്ട് 20 ഓവറിൽ179–8.
അവസാന ഓവറിലെ ഹാട്രിക്കോടെ കഗീസോ റബാദയാണു ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. തോറ്റെങ്കിലും, ഗ്രൂപ്പ് ഒന്നിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ഇംഗ്ലണ്ടും 2–ാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമി യോഗ്യത നേടി. 8 പോയിന്റ് വീതമുള്ള ഇംഗ്ലണ്ട് (+2.26 റൺറേറ്റ്), ഓസീസ് (+1.21), ദക്ഷിണാഫ്രിക്ക (+0. 73) ടീമുകളാണ് ഗ്രൂപ്പിൽ യഥാക്രമം ഒന്നു മുതൽ 3 വരെ സ്ഥാനങ്ങളിൽ.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തോടെ സെമി ഉറപ്പിക്കാൻ വേണ്ടിയിരുന്ന 87 റൺസ് 11–ാം ഓവറിൽത്തന്നെ ഇംഗ്ലണ്ട് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെ കുറഞ്ഞത് 58 റൺസിന്റെ വിജയം എങ്കിലും നേടിയാലേ നെറ്റ് റൺറേറ്റിൽ ഓസ്ടേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പിലെ 2–ാം സ്ഥാനക്കാരായി സെമി ഫൈനലിനു യോഗ്യത നേടാനാകുമായിരുന്നുള്ളു.
ദക്ഷിണാഫ്രിക്ക മത്സരത്തിൽ പിടിമുറുക്കിയ സമയത്ത് കഗീറോ റബാദയുടെ ഓവറിൽ തുടർച്ചയായ 3 സിക്സടിച്ച ലിയാം ലിവിങ്സ്റ്റനാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്. 17 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം 28 റൺസെടുത്ത ലിവിങ്സ്റ്റൻ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചതാണ്. എന്നാൽ 2 ഓവറിൽ 25 റൺസ് വേണം എന്നിരിക്കെ ലിവിങസ്റ്റൻ പുറത്തായതോടെ കളിയിൽ വീണ്ടും ട്വിസ്റ്റ്. അവസാന ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ 14 റൺസാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്.
എന്നാൽ ആദ്യ പന്തിൽ ക്രിസ് വോക്സിനെയും (3 പന്തിൽ ഒരു സിക്സ് അടക്കം 7), 2–ാം പന്തിൽ ക്യാപ്റ്റൻ ഓയിൻ മോർഗനെയും (12 പന്തിൽ 3 ഫോർ അടക്കം 17) മടക്കിയ റബാദ, 3–ാം പന്തിൽ ക്രിസ് ജോർദാനെ (ഒരു പന്തിൽ 0) ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ച് ഹാട്രിക് തികച്ചു. ഈ ട്വന്റി20 ലോകകപ്പിലെ 3–ാം ഹാട്രിക്കായിരുന്നു ഇത്. പിന്നീടുള്ള 3 പന്തുകളിൽ 3 റൺസ് മാത്രം വഴങ്ങിയാണ് റബാദ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.
മത്സരം ജയിച്ചിട്ടും ഷാർജയിൽനിന്നു നിരാശയോടെ മടങ്ങാനായി ദക്ഷിണാഫ്രിക്കയുടെ വിധി. സൂപ്പർ 12ൽ ബംഗ്ലദേശിനെതിരായ മത്സരത്തിലെ മുട്ടിക്കളിയാണു ദക്ഷിണാഫ്രിക്കയ്ക്കു വിനയായത്. ബംഗ്ലദേശിനെ 84 റൺസിനു പുറത്താക്കിയിട്ടും 13.3 ഓവറിലാണു ദക്ഷിണാഫ്രിക്ക വിജയത്തിലെത്തിയത്. മത്സരം 10 ഓവറിനുള്ളിൽ ജയിച്ചിരുന്നെങ്കിൽ, ദക്ഷിണാഫ്രിക്കയ്ക്ക് നെറ്റ് റൺ റേറ്റിൽ ഓസീസിനെ മറികടന്ന് സെമിയിലെത്താന്‍ സാധ്യത തെളിഞ്ഞേനെ.
മോയിൻ അലി (27 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 37), ജോസ് ബട്‌ലർ (15 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 26), ഡേവിഡ് മലാൻ (26 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 33), എന്നിവര്‍ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ 4 ഓവറിൽ 48 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. തബ്റെയ്സ് ഷംസി 4 ഓവറിൽ 24 റൺസ് വഴങ്ങിയും ഡ്വെയിൻ പെട്രോറിയസ് 3 ഓവറിൽ 30 റൺസ് വഴങ്ങിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ആൻറിച് നോർട്യയ്ക്കും ഒരു വിക്കറ്റ് കിട്ടി. 15 പന്തിൽ 4 ഫോർ അടക്കം 20 റൺസെടുത്തു മികച്ച ഫോം സൂചന പ്രകടമാക്കിയ ഓപ്പണർ ജെയ്സൻ റോയ് 5–ാം ഓവറിൽ കാലിനു പരുക്കേറ്റതോടെ റിട്ടയർഡ് ഹർട്ടായതും ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയായി.
മധ്യ ഓവറുകളിൽ തകർത്തടിച്ച റസ്സി വാൻ ഡർ ദസനാണ് (60 പന്തിൽ 5 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 94) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഏയ്ഡൻ മാർക്രവും (25 പന്തിൽ 2 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 52) തിളങ്ങി.
ക്വിന്റൻ ഡി കോക്ക് (27 പന്തിൽ 4 ഫോർ അടക്കം 37), റീസ ഹെൻഡ്രിക്സ് (8 പന്തിൽ 2) എന്നിങ്ങനെയാണു മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പ്രകടനം. 37 പന്തിലാണു ദസ്സൻ അർധ സെഞ്ചുറി തികച്ചത്. രണ്ടാം വിക്കറ്റിൽ ഡി കോക്കിനൊപ്പം 71 റൺസ് ചേർത്ത ദസ്സൻ, മൂന്നാം വിക്കറ്റിൽ മാർക്രത്തിനൊപ്പം അപരാജിയ സെഞ്ചുറി കൂട്ടുകെട്ടും (104) തീർത്തു. ഡെത്ത് ഓവറുകളിൽ മാർക്രം തകർത്തടിച്ചു.
24 പന്തിൽ അർധ സെഞ്ചുറി തികച്ച മാർക്രം ടൂർണമെന്റിലെ രണ്ടാമത്തെ വേഗമേറിയ അർധ സെഞ്ചുറിയും പേരിലാക്കി. ഇംഗ്ലണ്ട് സ്പിന്നർമാരായ മോയിൻ അലി 4 ഓവറിൽ 27 റൺസ് വഴങ്ങിയും ആദിൽ റാഷിദ് 4 ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary: England vs South Africa, 39th Match, Super 12 Group 1 - Live Cricket Score