കാൻസർ, കാഴ്ച വൈകല്യം, നടുവേദന:‘കഥ കഴിഞ്ഞി’ടത്തുനിന്ന് വെയ്ഡിന്റെ ഹാട്രിക് സിക്സർ!
Mail This Article
എല്ലാം തീർന്നെന്നു കരുതിയിടത്തുനിന്നു നേട്ടങ്ങളുടെ തിളക്കത്തിലേക്കു പറന്നു കയറിയവർ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെപ്പോലെ ക്രിക്കറ്റിൽ അധികമുണ്ടാവില്ല. ജീവിതത്തിലും കരിയറിലും ഒട്ടേറെ പ്രതിസന്ധികളെയും ദൗർഭാഗ്യങ്ങളെയും അതിജീവിച്ച വെയ്ഡ് എന്ന മുപ്പത്തിമൂന്നുകാരൻ തലയുയർത്തി നിൽക്കുമ്പോൾ പ്രചോദന കഥകൾക്കു മറ്റൊരു പുസ്തകം തിരഞ്ഞു പോകേണ്ടതില്ല.
കഴിഞ്ഞ ദിവസം ട്വന്റി20 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെതിരെ 5ന് 96 എന്ന നിലയിൽ ഓസീസിന്റെ ‘കഥ കഴിഞ്ഞി’ടത്തുനിന്നാണു 19–ാം ഓവറിൽ ഷഹീൻ ഷാ അഫ്രിദിക്കെതിരെ ഹാട്രിക് സിക്സറടിച്ച് വെയ്ഡ് ടീമിനെ ഫൈനലിലേക്കു നയിച്ചത്.
കാൻസറിനെ തോൽപിച്ച്
കായിക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ വെയ്ഡിനു തന്റെ കരിയറിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ല. പിതാവ് സ്കോട്ട് വെയ്ഡ് ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ (റഗ്ബിയോടു സമാനമായ കായികയിനം) താരവും വിവിധ ടീമുകളുടെ ഉടമയുമായിരുന്നു. മുത്തച്ഛൻ മൈക്കൽ വെയ്ഡ് ദീർഘകാലം ഒരു ഓസി റൂൾസ് ടീമിന്റെ പ്രസിഡന്റായിരുന്നു. ചെറുപ്പം മുതലേ ഓസി റൂൾസ് കളിയോടായിരുന്നു മാത്യു വെയ്ഡിനു കമ്പം. 16–ാം വയസ്സിൽ ഒരു മത്സരത്തിനിടെ നാഭി വേദനയുമായി വെയ്ഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധിച്ചപ്പോൾ വൃഷണത്തിൽ കാൻസർ കണ്ടെത്തി. കീമോതെറപ്പിയിലൂടെ കാൻസറിനെ കീഴടക്കിയെങ്കിലും ശാരീരിക അധ്വാനം കൂടുതൽ വേണ്ട റൂൾസ് ഫുട്ബോളിനോട് അതോടെ വിടപറഞ്ഞു. അങ്ങനെയാണു ക്രിക്കറ്റിലെത്തിയത്.
കാഴ്ചയുടെ വെല്ലുവിളി
ഓട്ടം കുറച്ചു മതിയെന്നു കരുതിയാണു വിക്കറ്റ് കീപ്പറായത്. ഇപ്പോൾ ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റനായ വിക്കറ്റ് കീപ്പർ ബാറ്റർ ടിം പെയ്ന്റെ അതേ നാട്ടുകാരനായതിനാൽ ടാസ്മാനിയയിൽനിന്നു ദേശീയ ടീമിലേക്കു വെയ്ഡിന് അവസരം കിട്ടാതായി. കരിയർ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ചിന്തയിൽനിന്നാണു വിക്ടോറിയയിലേക്കു കൂടുമാറിയത്. 2 വർഷത്തിനുള്ളിൽ ആ സംസ്ഥാനത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി. 2011ൽ ദേശീയ ടീമിലെത്തി. 2012ൽ ഇന്ത്യയ്ക്കെതിരായ ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങി 43 പന്തുകളിൽ 72 റൺസടിച്ചു പ്ലെയർ ഓഫ് ദ് മാച്ചായി. പക്ഷേ, പ്രതിസന്ധികൾ തീർന്നില്ല. ടെസ്റ്റ് ടീമിൽ കളിക്കുമ്പോഴാണു വർണാന്ധത പ്രശ്നമായത്. നിറങ്ങൾ തിരിച്ചറിയുന്നതിലുള്ള വൈകല്യം പകൽ–രാത്രി പിങ്ക് ബോൾ ടെസ്റ്റിൽ വില്ലനായി. പക്ഷേ, അവിടെയും വെയ്ഡ് തളർന്നില്ല.
ക്യാപ്റ്റനെ കൊത്തിയെടുത്തു
സ്റ്റീവ് സ്മിത്തിനു പകരം 2017ൽ ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ക്യാപ്റ്റനായി തിരഞ്ഞെടുത്തതു വെയ്ഡിനെയാണ്. എന്നാൽ, നടുവേദന മൂലം ആ പരമ്പരയിൽനിന്നു തന്നെ വെയ്ഡ് പുറത്തായി. വെയ്ഡിനു പകരം ക്യാപ്റ്റനായ ആരോൺ ഫിഞ്ച് പിന്നീടു സ്ഥിരം ഏകദിന ക്യാപ്റ്റനുമായി. ലോകകപ്പിനൊരുക്കമായി ബംഗ്ലദേശ് പര്യടനം നടത്തിയ ട്വന്റി20 ടീമിനെ നയിക്കാനുള്ള ദൗത്യം വെയ്ഡിനായിരുന്നു. പരമ്പരയിൽ തോറ്റു നാണംകെട്ടെങ്കിലും ലോകകപ്പ് ടീമിൽ വെയ്ഡനിന് ഇടംകിട്ടി. ലോകകപ്പ് സന്നാഹത്തിൽ 0, 14 എന്നിങ്ങനെയായിരുന്നു സ്കോർ. സൂപ്പർ 12ൽ ബാറ്റ് ചെയ്ത 2 കളികളിൽനിന്ന് ആകെ നേടിയത് 33 റൺസും.
ഫിനിഷറായ ഓപ്പണർ
ഐപിഎലിൽ 2011 സീസണിൽ ഡൽഹിക്കായി കുപ്പായമിട്ടെങ്കിലും 3 മത്സരങ്ങളിലേ പാഡണിഞ്ഞുള്ളൂ. പിന്നീട് ഇടമില്ലാതായി. ഈ സീസൺ ഐപിഎലിലും ആർക്കും വേണ്ടായിരുന്നു (അൺസോൾഡ്). 2018 മുതലുള്ള കണക്കെടുത്താൽ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി20 ലീഗിൽ 158.34 സ്ട്രൈക്ക് റേറ്റിൽ 1167 റൺസടിച്ചിട്ടുണ്ട് വെയ്ഡ്. പക്ഷേ, ഓപ്പണറായി ഇറങ്ങിയാണെന്നു മാത്രം. വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ബംഗ്ലദേശ് പര്യടനങ്ങളിലും ദേശീയ ട്വന്റി20 ടീമിൽ ഓപ്പണിങ് ബാറ്ററുടെ വേഷമായിരുന്നു വെയ്ഡിന്. വിൻഡീസിനും ബംഗ്ലദേശിനുമെതിരെ ദയനീയ പ്രകടനമായിരുന്നു. ലോകകപ്പ് ടീമിൽ സെക്കൻഡ് വിക്കറ്റ് കീപ്പറായി ഇരുപത്താറുകാരൻ ജോഷ് ഇംഗ്ലിസിനെ ഉൾപ്പെടുത്തിയതും വെയ്ഡിന്റെ ഫോമിൽ സംശയമുള്ളതുകൊണ്ടാണ്. എന്നാൽ, തിരശ്ശീല വീഴേണ്ടിയിരുന്ന കരിയറിന് വെയ്ഡ് ഒരിക്കൽക്കൂടി ആയുസ്സ് നീട്ടിയെടുത്തു; നിശ്ചയദാർഢ്യത്തിന്റെ ബാറ്റുകൊണ്ട്.
English Summary: Matthew Wade survive cancer