ADVERTISEMENT

തെളിച്ച വഴിക്കു പോയില്ലെങ്കിൽ പോയ വഴിക്കു തെളിക്കുക– ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡിന്റെ പ്രകടനം കണ്ടവരുടെ ഓർമയിൽ വന്നിട്ടുണ്ടാവുക ഈ പഴഞ്ചൊല്ലായിരിക്കും! മത്സരത്തിൽ നിർണായകമായ 19–ാം ഓവർ എറിയാനെത്തിയത് പാക്കിസ്ഥാൻ പേസ് ബോളർ ഷഹീൻ ഷാ അഫ്രിദി.

മണിക്കൂറിൽ 140 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളെ അടിച്ചു പറത്തി ഗാലറിയിലെത്തിക്കുകയെന്ന ബുദ്ധിമുട്ടിനു നിൽക്കാതെ വെയ്ഡ് അവയെ ‘പോയ വഴിക്കു തെളിച്ചു’– നിലത്തു മുട്ടുകുത്തി തലയ്ക്കു മുകളിലൂടെ പന്തിനെ കോരി വിടുന്ന പാഡിൽ സ്കൂപ്പിലൂടെ 2 സിക്സുകൾ! ഇടയ്ക്ക് മറ്റൊരു സിക്സും കൂടിയായതോടെ ഒരോവർ ബാക്കി നിൽക്കെ ഓസീസിന് ആവേശ ജയം. നാളെ നടക്കുന്ന ലോകകപ്പ് ഫൈനലിൽ അയൽക്കാരായ ന്യൂസീലൻഡിനെ നേരിടുമ്പോൾ ഓസ്ട്രേലിയയ്ക്ക് പ്രചോദനമായി ഇടംകൈ ബാറ്ററായ വെയ്ഡിന്റെ പാഡിൽ സ്കൂപ് ദൃശ്യങ്ങളുമുണ്ടാകും.

outh Africa's captain AB De Villiers hits 162 runs off 62 balls against the West Indies as South Africa make 408 at the Sydney Cricket Ground. Sydney, Australia. Friday, 27th February 2012 (Photo: Steve Christo). (Photo by Steve  Christo/Corbis via Getty Images)
ഡിവില്ലിയേഴ്സ്

പൂഴിക്കടകൻ

ആധുനിക ക്രിക്കറ്റിൽ ബാറ്റർമാരുടെ പൂഴിക്കടകൻ പ്രയോഗമാണ് സ്കൂപ് ഷോട്ടുകൾ. ഡെത്ത് ഓവറുകളിൽ വിജയസമവാക്യം റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ ക്രീസിലെ 18 അടവുകളും മതിയായെന്നു വരില്ല. പേസ് ബോളർമാരുടെ ശരവേഗത്തിലെത്തുന്ന ഫുൾലെങ്ത് ബോളുകളെ കീപ്പറുടെ തലയ്ക്കു മുകളിലൂടെ കോരിയിട്ടു ഗാലറിയിലെത്തിക്കുമ്പോഴുള്ള ആനന്ദം അനിർവചനീയമായിരിക്കും. പക്ഷേ, സ്കൂപ്പൊന്നു പിഴച്ചാലോ? തകരുന്നതു താടിയെല്ലായിരിക്കും. ചിലപ്പോൾ കടപുഴകുന്നതു സ്റ്റംപുകളാകാം. അതിനാൽ, തരളഹൃദയർക്കു പറഞ്ഞിട്ടുള്ളതല്ല സ്കൂപ്പ് ഷോട്ടുകൾ.

Matthew-wade-scoop

360 ഡിഗ്രി ക്രിക്കറ്റ്

മൈതാനത്തെ ഓരോ പന്തും ഓരോ ഇഞ്ചും സ്കോർ ചെയ്യാനുള്ളതാണ് എന്ന 360 ഡിഗ്രി ആധുനിക ക്രിക്കറ്റ് സിദ്ധാന്തത്തിൽനിന്നാണ് സ്കൂപ്പ് ഷോട്ടുകളുടെയും പിറവി. മുൻ സിംബാബ്‌വെ താരം ഡഗ്ലസ് മരിലിയർ മുതൽ തിലകരത്നെ ദിൽഷനും എബി ഡ‍ിവില്ലിയേഴ്സും വരെയുള്ളവരാണ് ഇതിന്റെ ആധുനിക പ്രയോക്താക്കൾ. ഓഫ്സൈഡിലേക്കു മാറിനിന്ന് കോരിയിടുന്നതായിരുന്നു മരിലിയറുടെ സ്കൂപ്പെങ്കിൽ ലങ്കൻ താരം ദിൽഷന്റെ ഷോട്ട് നിലത്തു മുട്ടുകുത്തി തലയ്ക്കു മുകളിലൂടെ പന്തു കോരിയിടുന്നതാണ്. മറ്റു സ്കൂപ്പുകളിൽ നിന്നു വ്യത്യസ്തമായതിനാൽ ‘ദിൽ സ്കൂപ്പ്’ എന്ന് അതിനു പേരും വീണു. സ്കൂപ്പിനെ ഒരു സ്ഥിരം സ്കോറിങ് രീതിയാക്കി മാറ്റിയയാൾ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സാണ്. ക്രീസിൽ ചെരിഞ്ഞും മറിഞ്ഞുമുള്ള ഡിവില്ലിയേഴ്സിന്റെ സ്കൂപ്പുകൾ കാലങ്ങളായി ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിലെയും കൗതുകക്കാഴ്ച്ചയാണ്.

LONDON, ENGLAND - MAY 31:  Tillakaratne Dilshan plays a scoop shot off James Anderson of England during the 4th Royal London One Day International match between England and Sri Lanka at Lord's Cricket Ground on May 31, 2014 in London, England. (Photo by Jan Kruger/Getty Images)
ദിൽഷൻ

വെയ്ഡിന്റെ ഐഡിയ! 

ബാറ്റിന്റെ ഗ്രിപ്പിന്റെ രണ്ടറ്റങ്ങളിലായി പിടിമുറുക്കുന്ന ‘സ്പ്ലിറ്റ് ഗ്രിപ്പിങ്’ ശൈലിയാണ് വെയ്ഡ് ഇന്നലെ പുറത്തെടുത്തത്. ഷോട്ടിനിടെ ബാറ്റ് തിരിയാതെ പന്തിനെ കൂടുതൽ ദൂരത്തേക്ക് അടിച്ചകറ്റാൻ ഇതു സഹായിച്ചു. ലെഗ് സൈഡിലേക്കുള്ള സ്കോറിങ്ങിലാണ് സ്പ്ലിറ്റ് ഗ്രിപ്പിങ് ഫലപ്രദം. ഓഫ്സൈഡിലേക്കു കളിക്കുന്നതിനുള്ള ബുദ്ധിമുട്ടും കൈക്കുഴ കൊണ്ടു ബാറ്റിന്റെ ചലനം നിയന്ത്രിക്കാനാകില്ല എന്നതുമാണ് ഇതിന്റെ പരിമിതി. 

 ട്രാൻസ്–ടാസ്മാനിയൻ പോര്

ആവേശമാപിനി ഒരു പോലെ ഉയർന്ന സെമിഫൈനലുകൾ അതിജീവിച്ചാണ്, ഭൂപടത്തിൽ ടാസ്മാൻ കടലിന് അപ്പുറമിപ്പുറം കിടക്കുന്ന ഓസ്ട്രേലിയയും ന്യൂസീലൻഡും നാളെ ഫൈനലിനിറങ്ങുന്നത്. വെയ്ഡിന്റെ ഇന്നിങ്സാണ് (17 പന്തിൽ 41*) ഓസീസിന് അവിശ്വസനീയ വിജയം സമ്മാനിച്ചതെങ്കിൽ ജയിംസ് നീഷമിന്റെ സമാനമായൊരു ഇന്നിങ്സാണ് (11 പന്തിൽ 27) ഇംഗ്ലണ്ടിനെതിരായ കളി കിവീസിന് അനുകൂലമായി തിരിച്ചത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ ആരു ജയിച്ചാലും അത് കുട്ടി ക്രിക്കറ്റിൽ അവരുടെ കന്നി ലോകകിരീടമാകും.

English Summary: Scoops of Matthew Wade which led Australia to T20 World cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com