ഇതാ ബാറ്റു ചെയ്യാൻ കഴിയുന്ന ഒരു പേസ് ബോളർ; ‘സ്വന്തം’ വിഡിയോയുമായി ഉനദ്കട്
Mail This Article
മുംബൈ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ അവസരം കിട്ടാതെ പോയതിനു പിന്നാലെ സിലക്ടർമാർക്കുള്ള കൗതുകമുള്ളൊരു ഓർമപ്പെടുത്തലുമായി സൗരാഷ്ട്ര ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പുറമേ അതേസമയത്ത് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിലും ഉനദ്കടിനു സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ സ്വന്തം വിഡിയോ പങ്കുവച്ച് ഉനദ്കട് രംഗത്തെത്തിയത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കായി കഴിഞ്ഞ ദിവസം പുറത്തെടുത്ത അർധസെഞ്ചുറി പ്രകടനത്തിന്റെ വിഡിയോയാണ് ഉനദ്കട് പങ്കുവച്ചത്. ‘ബാറ്റു ചെയ്യാൻ കഴിയുന്ന മറ്റൊരു ബോളർ ഇതാ’ – എന്ന ക്യാപ്ഷനോടെയാണ് ഉനദ്കട് വിഡിയോ പങ്കുവച്ചത്.
ഇന്ത്യൻ ടീമിലെ പേസ് ബോളിങ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൽ സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് സ്വയം ‘പേസ് ബോളിങ് ഓൾറൗണ്ടറാ’യി അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോ ഉനദ്കട് പോസ്റ്റ് ചെയ്തത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയുടെ നായകനാണ് ഉനദ്കട്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് ഉനദ്കട് തകർത്തടിച്ചത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ച മുഹമ്മദ് സിറാജ് ഉൾപ്പെടെയുള്ളവർക്കെതിരെ തകർത്തടിച്ച് 32 പന്തിൽ 58 റൺസാണ് ഉനദ്കട് നേടിയത്. മൂന്നു സിക്സും ആറു ഫോറും സഹിതമാണ് ഉനദ്കട് 58 റൺസെടുത്തത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 173 റൺസ്. ഉനദ്കടിനു പുറമേ 46 പന്തിൽ 71 റൺസെടുത്ത പ്രേരക് മങ്കാദിന്റെ ഇന്നിങ്സാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ തൻമയ് അഗർവാൾ (35 പന്തിൽ 55) തിളങ്ങിയതോടെ മൂന്നു പന്തു ബാക്കിനിൽക്കെ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി.
English Summary: Jaydev Unadkat's cryptic tweet leaves Twitter buzzing, some fans compare him to Pandya