ADVERTISEMENT

ദുബായ്∙ ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുയർത്തിയ മിന്നൽക്കുതിപ്പിനുശേഷം പാക്കിസ്ഥാൻ സെമിയിൽ തോറ്റ് പുറത്തായതിനു പിന്നാലെ, തോൽവിക്കു മുഖ്യ കാരണക്കാരനെന്ന പേരിൽ പാക്കിസ്ഥാൻ ആരാധകരുടെ കടുത്ത വിമർശനം നേരിട്ട താരമാണ് പേസ് ബോളർ ഹസൻ അലി. ഓസ്ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ മാത്യു വെയ്ഡിന്റെ നിർണായകമായ ക്യാച്ച് കൈവിട്ടതിനു പിന്നാലെ ഹസൻ അലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ക്യാച്ച് കൈവിട്ടതിനു പിന്നാലെ തുടരെ 3 സിക്സർ നേടിയാണു വെയ്ഡ് ഓസ്ട്രേലിയയെ ജയിപ്പിച്ചത്. ഹസൻ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യയ്ക്കെതിരെ പോലും വിമർശനത്തിന്റെ മുന നീണ്ടു. 

 

ഇതിനിടെ, പാക്കിസ്ഥാന്റെ തോൽവിയിൽ ഏറ്റവും നിരാശൻ താൻ തന്നെയാണെന്ന പ്രഖ്യാപനത്തോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസൻ അലി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ടീമിന്റെ തോൽവിക്കു കാരണക്കാരനായതിൽ ഹസൻ അലി വിശദീകരണം അറിയിച്ചത്.

 

‘എന്റെ മോശം പ്രകടനം മൂലം എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലുമാണെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ എനിക്കു സാധിച്ചില്ല. ഇതിൽ എല്ലാവരേയുംകാൾ നിരാശ എനിക്കു തന്നെയാണ്. എങ്കിലും എന്നിലുള്ള പ്രതീക്ഷ നിങ്ങൾ കൈവിടരുത് എന്ന് അഭ്യർഥിക്കുന്നു. ഇനിയും പാക്കിസ്ഥാൻ ക്രിക്കറ്റിനെ സാധിക്കുന്നിടത്തോളം കാലം സേവിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനായി തീർച്ചയായും കഠിനാധ്വാനം ചെയ്യും. ഈ വീഴ്ച എന്നെ കൂടുതൽ കരുത്തനാക്കും’ – ഹസൻ അലി കുറിച്ചു.

 

‘എല്ലാവരുടെയും സന്ദേശങ്ങൾക്കും പ്രാർഥനകൾക്കും ട്വീറ്റുകൾക്കും പോസ്റ്റുകൾക്കും വിളികൾക്കും നന്ദി. എല്ലാം എനിക്ക് അത്യാവശ്യമായിരുന്നു’ – ഹസൻ അലി കുറിച്ചു.

 

നേരത്തെ, ഷഹീൻ ഷാ അഫ്രിദിയുടെ പന്തിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് ഹസൻ അലി കൈവിട്ടതാണു ലോകകപ്പ് സെമി തോൽവിയിൽ നിർണായകമായതെന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വ്യക്തമാക്കിയിരുന്നു. മത്സരശേഷം കമന്റേറ്റർമാരോടു സംസാരിക്കുമ്പോഴാണു ബാബർ ഇക്കാര്യം പറഞ്ഞത്. എന്നാൽ, പിന്നീടു നടന്ന പത്രസമ്മേളനത്തിൽ ബാബർ മയപ്പെട്ടു:

 

‘ക്യാച്ചുകൾ കൈവിട്ടു പോകുന്നതു സ്വാഭാവികമാണ്. ചില ക്യാച്ചുകൾ നിർണായകമായേക്കാം. പക്ഷേ, എല്ലാം കളിയുടെ ഭാഗമാണ്. ഹസൻ അലി ഞങ്ങളുടെ പ്രധാന ബോളറാണ്. ഒട്ടേറെ മത്സരങ്ങളിൽ വിജയം സമ്മാനിച്ച താരമാണ് അദ്ദേഹം’ – ബാബർ പറ‍ഞ്ഞു.

 

English Summary: Hasan Ali issues an apology to Pakistan fans after the T20 World Cup semi-final exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com