ADVERTISEMENT

ദുബായ്പ്പൂരത്തിന് കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ജേതാക്കളാരെന്ന് ഇന്നറിയാം.  ഒക്ടോബർ 23ന് യുഎഇ അബുദാബി സ്റ്റേഡിയത്തിൽ തുടക്കമിട്ട ആവേശക്രിക്കറ്റിന് ഇന്ന് അത്യാവേശകരമായ പര്യവസാനം. ദുബായ് സ്റ്റേഡിയത്തിൽ ഇന്ന് ആരു ജയിച്ചാലും അത് ചരിത്രമാണ്. കാരണം അവരുടെ കന്നിക്കിരീടം ആകുമിത്. ന്യൂസീലൻഡും ഓസ്ട്രേലിയയും ഇതുവരെ ട്വന്റി20യിൽ ജേതാക്കളായിട്ടില്ലല്ലോ.

 

അനായാസകരമായിരുന്നില്ല ഓസ്ട്രേലിയയുടെയും ന്യൂസീലൻഡിന്റേയും ഫൈനൽ പ്രവേശം. കാണികളെ സീറ്റിൽ നിന്നെഴുന്നേൽപ്പിച്ച് നിർത്തിയ, ഓരോ പന്തിലും ത്രസിപ്പിച്ച രണ്ടു സെമി ഫൈനലുകൾ കടന്നാണ് ആരോൺ ഫിഞ്ചും കെയ്ൻ വില്യംസനും ടോസിനായി ഇന്നു മൈതാനമധ്യത്തിലേക്കെത്തുക. ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ തോൽപിച്ച ആദ്യ സെമിയും ഓസ്ട്രേലിയ പാക്കിസ്ഥാനെ തുരത്തിയ രണ്ടാം സെമിയും കുട്ടിക്രിക്കറ്റിന്റെ മുഴുവൻ ചാരുതകളും വരച്ചിട്ട അനർഘ വിരുന്നുകളായിരുന്നു. ഏതു സെമിയായിരുന്നു കൂടുതൽ മികച്ചതെന്ന ചോദ്യം അപ്രസക്തമാകുന്നത് അതുകൊണ്ടു കൂടിയാണ്.

 

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന നിമിഷം വരെ വിജയപ്രതീക്ഷ പുലർത്തിയ ഇംഗ്ലിഷ് നിരയെയാണ് കിവികൾ തോൽപിച്ചതെങ്കിൽ സമാനമായ പ്രകടനത്തോടെയായിരുന്നു ഓസ്ട്രേലിയ പാക്കിസ്ഥാനെയും മറികടന്നത്. പാക്കിസ്ഥാനെതിരെ ഓസീസ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ ( 17 പന്തിൽ പുറത്താകാതെ 41 ) അമാനുഷ പ്രകടനം എങ്ങനെയാണ് മറക്കാനാകുക?

 

ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വരച്ച വരയിൽ നിർത്തിയ ഷഹിൻഷാ അഫ്രീദിയെ തുടരെ 3 സിക്സറുകൾക്ക് കെട്ടുകെട്ടിച്ചാണ് വെയ്ഡ് വിജയച്ചിരി ചിരിച്ചത്. 19-ാം ഓവറിലെ ആ 3 സിക്സറുകൾക്ക് തൊട്ടുമുമ്പത്തെ പന്തിൽ നിസാരമെന്നു തോന്നാവുന്നൊരു ക്യാച്ച് ഹസൻ അലി വിട്ടുകളഞ്ഞില്ലായിരുന്നെങ്കിൽ...!  അതാലോചിക്കേണ്ട നേരമല്ല ഇത്. വെയ്ഡിന്റെ പ്രകടനം ഇന്ന് കീവീസിനെ നേരിടുന്ന ഓസ്ട്രേലിയയ്ക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വളരെ വലുതാണ്. അടിമുടി പ്രഫഷനലായ സമീപനമുള്ള ഓസീസിന് മുൻതൂക്കം നൽകുന്നതും ഈ ആത്മവിശ്വാസക്കോട്ട തന്നെ.

 

മറുവശത്ത് കിവികളും ഒട്ടും മോശമല്ല. സൂപ്പർ 12ൽ പാക്കിസ്ഥാനോട് മാത്രമാണവർ തോറ്റത്. കോലിപ്പട അടക്കമുള്ളവരെ പിന്തള്ളിയായിരുന്നല്ലോ സെമി പ്രവേശം. 'ഞങ്ങൾ ഭയപ്പെട്ടാണ് കളിച്ചത് ' എന്നു ന്യൂസീലൻഡുമായുള്ള മത്സരത്തിനു ശേഷം പറഞ്ഞത് ഇന്ത്യയെ നയിച്ച വിരാട് കോലി തന്നെയാണ്. സമീപകാലത്ത് എത് ഫോർമാറ്റിലും സ്ഥിരമായ മികവ് നിലനിർത്തുന്ന ടീമാണ് ന്യൂസീലൻഡ്. കെയ്ൻ വില്യംസന്റെ നായക മികവ് അവരെ വേറിട്ട ടീമാക്കുന്നു.

 

ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്നിങ്സിലൂടെ താരമായ നീഷം (11 പന്തിൽ 27) അടക്കമുള്ളവരുടെ ചിറകിലാണ് കിവികൾ പറക്കുന്നത്. ടെസ്റ്റ് ചാംപ്യന്മാരായ അവർ ഏകദിന ലോകകപ്പിൽ രണ്ടാംസ്ഥാനക്കാരുമാണ്. അതിനൊപ്പം വയ്ക്കാൻ ട്വന്റി20 കിരീടം കൂടിയായാൽ എന്തായിരിക്കും ആഹ്ലാദം !

 

നിലവിൽ ട്വന്റി20 റാങ്കിങ്ങിൽ 4-ാം സ്ഥാനത്താണ് ന്യൂസീലൻഡ്. ഓസ്ട്രേലിയ ആറാം സ്ഥാനത്തും. റാങ്കിങ്ങിലൊന്നുമല്ല കളത്തിലെ മികവിലാണ് കാര്യമെന്ന് ഇക്കുറി തെളിയിച്ച 2 ടീമുകളാണ് ഇന്ന് വൈകിട്ട് ദുബായ് സ്‌റ്റേഡിയത്തിൽ പോരടിക്കുക. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് വിജയ സാധ്യത പ്രകടമായ സ്റ്റേഡിയത്തിൽ ടോസ് അതീവനിർണായകമാകും. ടോസ് ജയിച്ചാൽ പാതിയെന്നല്ല, മുക്കാൽ പങ്കും ജയിച്ചെന്നാണ് മുന്നനുഭവങ്ങൾ. എന്നാലും ക്രിക്കറ്റല്ലേ, എന്തും സംഭവിക്കാം. 

 

ഫിഞ്ചും ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ഗ്ലെൻ മാക്സ് വെലും മിച്ചൽ സ്റ്റാർക്കും ആദം സാംപയുമെല്ലാം ഓസീസിനായി തയാറെടുത്തു കഴിഞ്ഞു. മറുവശത്താകട്ടെ വില്യംസണും മാർട്ടിൻ ഗപ്ടിലും ട്രെന്റ് ബോൾട്ടും ഇഷ് സോധിയും മിച്ചൽ സാന്റ്നറുമൊക്കെയുണ്ട്. നിരന്നു നിൽക്കുന്നവരാരും മോശമല്ലെന്നു സാരം.

 

പുതിയ ലോകചാംപ്യന്മാർക്കായി കാത്തിരിക്കാം. രാത്രി 11 മണിയോടെ അറിയാം ആരുയർത്തും ഏഴാം ട്വൻ്റി20 ലോകകപ്പ് കിരീടമെന്ന്. അപ്പോൾ നമുക്കിനി നീങ്ങാം; നിർണായകമായ ടോസിലേക്ക്. ഫിഞ്ചിനും വില്യംസണും അരികിലേക്ക്. ദുബായ് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കിടയിലേക്ക്.

 

English Summary: New Zealand, Australia T20 World Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com