ട്വന്റി20 ലോകകപ്പ് ജയം: ഹെയ്‌സൽവുഡും മാർഷും യുവിക്കൊപ്പം എലീറ്റ് പട്ടികയിൽ
Mail This Article
ദുബായ്∙ ട്വന്റി20 ലോകകപ്പ് ജയത്തോടെ ഓസീസ് പേസർ ജോഷ് ഹെയ്‌സൽവുഡ്, ഓൺറൗണ്ടർ മിച്ചെൽ മാർഷ് എന്നിവർ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിനൊപ്പം ക്രിക്കറ്റിന്റെ ‘അപൂർവ’ പട്ടികയിൽ ഇടം പിടിച്ചു.
അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ് എന്നീ 3 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു താരമായിരുന്നു യുവരാജ് സിങ്. എന്നാൽ ഞായറാഴ്ച നടന്ന ഫൈനലിൽ ഓസീസ് ന്യൂസീലൻഡിനെ കീഴടക്കിയതോടെ ഹെയ്‌സൽവുഡും മിച്ചെൽ മാർഷും യുവരാജിനൊപ്പം ‘എലീറ്റ്’ പട്ടികയിൽ ഇടം പിടിച്ചു.
2000ലെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ യുവരാജും അംഗമായിരുന്നു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം എന്ന വിധം, പിന്നാലെ സീനിയർ ടീമിലേക്കും വിളിയെത്തി. 2007ൽ എം.എസ്. ധോണിക്കു കീഴിൽ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു യുവി. പിന്നാലെ, 2011ൽ ഇന്ത്യ ഏകദിന ലോകകപ്പിൽ മുത്തമിട്ടപ്പോൾ, പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും യുവിതന്നെ.
2010ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഓസീസ് ടീമിലും, 2015 ഏകദിന ലോകകപ്പ് നേടിയ ടീമിലും മിച്ചെൽ മാർഷ് ജോഷ് ഹെയ്‌സൽവുഡ് എന്നിവരും അംഗങ്ങളായിരുന്നു.
ഞായറാഴ്ച കിവീസിനെതിരായ ഫൈനലിൽ 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സൽവുഡ് പന്തുകൊണ്ടും, 50 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ മിച്ചെൽ മാര്‍ഷ് ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
English Summary: Aus vs NZ: Mitchell Marsh and Josh Hazlewood join Yuvraj Singh in elusive list as Australia clinch maiden T20 World Cup title