ADVERTISEMENT

മക്കായ്∙ ഇന്ത്യൻ വനിതാ ടീമിലെ സൂപ്പർതാരങ്ങൾ സെഞ്ചുറിയും അർധസെഞ്ചുറിയുമായി പരസ്പരം പോരടിച്ച ആവേശപ്പോരാട്ടത്തിൽ ബിഗ്ബാഷ് ലീഗിൽ സ്മൃതി മന്ഥനയുടെ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹർമൻപ്രീത് കൗറിന്റെ മെൽബൺ റെനെഗേഡ്സ്. നാലു റൺസിനാണ് മെൽബൺ റെനെഗേഡ്സിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മെൽബൺ റെനെഗേഡ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 175 റൺസ്. സിഡ്നി തണ്ടറിന്റെ പോരാട്ടം 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു.

 

തോറ്റെങ്കിലും 64 പന്തിൽ 114 റൺസുമായി പുറത്താകാതെ നിന്ന സിഡ്നി തണ്ടർ താരം സ്മൃതി മന്ഥനയാണ് കളിയിലെ താരം. 14 ഫോറും മൂന്നു സിക്സും സഹിതമാണ് മന്ഥന 114 റൺസെടുത്തത്. ബിഗ്ബാഷ് ലീഗിൽ മന്ഥനയുടെ കന്നി സെഞ്ചുറിയാണിത്.

 

ഹർമൻപ്രീത് കൗർ എറിഞ്ഞ അവസാന ഓവറിൽ സിഡ്നി തണ്ടേഴ്സിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 13 റൺസ്. ക്രീസിലുണ്ടായിരുന്ന മന്ഥനയ്ക്കും ടാലിയ വിൽസനും ഒരു ബൗണ്ടറി പോലും നേടാനാകാതെ പോയതോടെ ആകെ സ്കോർ ചെയ്തത് എട്ടു റൺസ് മാത്രം. കൗർ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. പിരിയാത്ത മൂന്നാം വിക്കറ്റിൽ മന്ഥന – ടാലിയ സഖ്യം 83 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 125 റൺസാണ്.

 

മന്ഥന തകർത്തടിച്ചെങ്കിലും കൂട്ടുനിൽക്കാൻ ആളില്ലാതെ പോയതാണ് സിഡ്നി തണ്ടറിന് തിരിച്ചടിയായത്. ടാലിയ വിൽസൻ 38 റൺസുമായി പുറത്താകാതെ നിന്നെങ്കിലും നേരിട്ടത് 39 പന്തുകൾ. നേടിയത് മൂന്നു ഫോറുകൾ മാത്രം. ഓപ്പണർ സാമി ജോ ജോൺസൻ 14 പന്തിൽ രണ്ടു ഫോറുകളോടെ നേടിയത് 12 റൺസും. മൂന്നു പന്തിൽ ഒരു റണ്ണെടുത്ത് പുറത്തായ ഫോബി ലിച്ഫീൽഡും നിരാശപ്പെടുത്തി.

 

നേരത്തെ, ബാറ്റിങ്ങിലും തിളങ്ങിയ ഇന്ത്യൻ താരം ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറിയാണ് മെൽബണിന് മികച്ച സ്കോർ സമ്മാനിച്ചത്. നാലാം നമ്പറിൽ ബാറ്റു ചെയ്യാനെത്തിയ കൗർ 55 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്നു. 11 ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് കൗറിന്റെ ഇന്നിങ്സ്. ഈവ്‍ലിൻ ജോൺസ് 33 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്തും ജെസ് ഡുഫിൻ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്തും പുറത്തായി. ജമീമ റോഡ്രിഗസ് (നാലു പന്തിൽ രണ്ട്), കാർലി ലീസൻ (ഏഴു പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി. സിഡ്നി തണ്ടറിനായി സാമന്ത ബേറ്റ്സ് നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

 

English Summary: Smriti Mandhana scores maiden WBBL century off 57 balls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com