ADVERTISEMENT

ന്യൂഡൽ‌ഹി ∙ ബാറ്റിങ്ങിലെ തകർപ്പൻ പ്രകടനത്തിന് ബോളർമാരിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടാതെ പോയതോടെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് തോൽവി. നിലവിലെ ചാംപ്യൻമാർ കൂടിയായ തമിഴ്നാടാണ് കേരളത്തെ തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് തമിഴ്നാടിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 181 റൺസ്. മറുപടി ബാറ്റിങ്ങിൽ തമിഴ്നാട് മൂന്നു പന്തു ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഒരു അർധസെഞ്ചുറി പോലും പിറന്നില്ലെങ്കിലും തമിഴ്നാട് ബാറ്റർമാരുടെ കൂട്ടായ അധ്വാനമാണ് ടീമിന് വിജയവും സെമി ബർത്തും സമ്മാനിച്ചത്. 31 പന്തിൽ ഏഴു ഫോറുകൾ സഹിതം 46 റൺസെടുത്ത സായ് സുദർശനാണ് തമിഴ്നാടിന്റെ ടോപ് സ്കോറർ. ഓപ്പണർ ഹരി നിശാന്ത് (22 പന്തിൽ 32), ക്യാപ്റ്റൻ വിജയ് ശങ്കർ (26 പന്തിൽ 33), സഞ്ജയ് യാദവ് (22 പന്തിൽ 33) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ നിന്ന ഷാരൂഖ് ഖാനാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. ഷാരൂഖ് ഒൻപതു പന്തിൽ 19 റൺസെടുത്തു. എം. മുഹമ്മദ് നേരിട്ട ആദ്യ പന്തിൽ സിക്സടിച്ച് വിജയം ഉറപ്പാക്കി. തമിഴ്നാട് നിരയിൽ നിരാശപ്പെടുത്തിയത് ഏഴു പന്തിൽ ഏഴു റൺസെടുത്ത എൻ. ജഗദീശൻ മാത്രം.

കേരള ബോളർമാരിൽ നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത മനുകൃഷ്ണനു മാത്രമാണ് തിളങ്ങാനായത്. കെ.എം. ആസിഫ് 3.3 ഓവറിൽ 38 റൺസ് വഴങ്ങിയും എസ്. മിഥുൻ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ കരുത്തായി വിഷ്ണു

നേരത്തെ, ക്യാപ്റ്റൻ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും, അർധസെഞ്ചുറി നേടിയ രോഹൻ കുന്നുമ്മൽ, നിലയുറപ്പിച്ചു കളിച്ച സച്ചിൻ ബേബി, തകർത്തടിച്ച് അതിവേഗ അർധസെഞ്ചുറി കുറിച്ച വിഷ്ണു വിനോദ് എന്നിവരുടെ കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്.

അർധസെഞ്ചുറി നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറർ. തമിഴ്നാട് ബോളർമാരെ തെല്ലും കൂസാതെ തകർത്തടിച്ച വിഷ്ണു വിനോദ്, 26 പന്തിൽ 65 റൺസുമായി പുരത്താകാതെ നിന്നു. രണ്ടു ഫോറും ഏഴു സിക്സും ഉൾപ്പെടുന്നതാണ് വിഷ്ണുവിന്റെ ഇന്നിങ്സ്. വെറും 22 പന്തിൽനിന്നാണ് താരം അർധസെഞ്ചുറി കടന്നത്. വിഷ്ണു വിനോദിന്റെ നേതൃത്വത്തിൽ അവസാന മൂന്ന് ഓവറിൽനിന്ന് 62 റൺസ് അടിച്ചെടുത്താണ് കേരളം മികച്ച സ്കോറിലെത്തിയത്. അവസാന എട്ടു പന്തിൽനിന്ന് മാത്രം കേരളം അടിച്ചുകൂട്ടിയത് 32 റൺസ്!

അർധസെഞ്ചുറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മൽ 51 റണ്‍സെടുത്ത് പുറത്തായി. 43 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടുന്നതാണ് രോഹന്റെ ഇന്നിങ്സ്. 32 പന്തിൽ ഒരു സിക്സ് സഹിതം 33 റൺസെടുത്ത സച്ചിൻ ബേബിയുടെ ഇന്നിങ്സും നിർണായകമായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ഡക്കിനു പുറത്തായി. രണ്ടു പന്തുകൾ നേരിട്ട സഞ്ജുവിനെ സഞ്ജയ് യാദവാണ് പുറത്താക്കിയത്. ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ 14 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസെടുത്തു.

നാലാം വിക്കറ്റിൽ വെറും 34 പന്തിൽനിന്ന് 58 റൺസ് അടിച്ചുകൂട്ടിയ വിഷ്ണു വിനോദ് – സച്ചിൻ ബേബി സഖ്യമാണ് കേരളത്തിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ രോഹൻ – അസ്ഹറുദ്ദീൻ സഖ്യം 39 പന്തിൽ 45 റൺസും, രണ്ടാം വിക്കറ്റിൽ രോഹൻ – സച്ചിൻ ബേബി സഖ്യം 37 പന്തിൽ 46 റൺസും കൂട്ടിച്ചേർത്തത് കേരളത്തിന്റെ കുതിപ്പിൽ നിർണായകമായി. പിരിയാത്ത അഞ്ചാം വിക്കറ്റിൽ വിഷ്ണു – എസ്. അഖിൽ സഖ്യം എട്ടു പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 32 റൺസ്! അഖിൽ നാലു പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

‌തമിഴ്നാടിനായി നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്ര് പിഴുത സഞ്ജയ് യാദവ്, നാല് ഓവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത മുരുകൻ അശ്വിൻ എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി. എം. മുഹമ്മദ് രണ്ട് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. തമിഴ്നാട് ടീമിലേക്കു മാറിയ മലയാളി താരം സന്ദീപ് വാരിയർ 2.3 ഓവറിൽ 25 റൺസ് വഴങ്ങി. ഫീൽഡിങ്ങിനിടെ പരുക്കേറ്റതിനെ തുടർന്ന് താരം ബോളിങ് ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് മടങ്ങി.

English Summary: Tamil Nadu vs Kerala, Quarter Final 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com